ഫുക്കെട്ട്-ഡൽഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിലവിലെ ചട്ടപ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കൾക്കോ മരുന്നുകൾക്കോ എതിരെയുള്ള നിർബന്ധിത പരിശോധന പ്രഖ്യാപിച്ചു. 2026 ആഗസ്റ്റ് 13 മുതൽ ഈ പരിശോധനാ നടപടികൾ ആരംഭിക്കും.
ഗുരുഗ്രാം അക്കാദമിയിലെ പരിശീലന സെഷനുകൾക്കൊപ്പവും, ഫ്ലൈറ്റ് ബ്രീഫിംഗ് സെന്ററുകളിലും എയർ ഇന്ത്യ ഓഫീസുകളിലും, അതത് പൈലറ്റ് ബേസുകളിലെ നിശ്ചിത കേന്ദ്രങ്ങളിലും ഈ പരിശോധനകൾ നടത്തുന്നതാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
യാത്രക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷയും പ്രൊഫഷണൽ നിലവാരവും കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ റെഗുലേറ്ററി ആവശ്യങ്ങൾക്കപ്പുറമുള്ള ഈ പുതിയ നീക്കം.








