സംസ്ഥാനത്ത് ആയുഷ് സർവകലാശാല സ്ഥാപിക്കാനൊരുങ്ങി സർക്കാർ

0
6

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ വിദ്യാഭ്യാസം, ഗവേഷണം, ചികിത്സ, ഔഷധ വികസനം എന്നിവ ഏകോപിപ്പിക്കുന്നതിനായി ഒരു സ്വതന്ത്ര ‘ആയുഷ് സർവകലാശാല’ (Kerala AYUSH University) സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ‘കേരള ആയുഷ് സർവകലാശാല ബിൽ’ (Kerala AYUSH University Bill) എന്ന കരട് തയ്യാറാക്കുന്നതിനായി ഡ്രാഫ്റ്റിങ് കമ്മിറ്റി (Drafting Committee) രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി.

തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഓഫ് ഫണ്ടമെന്‍റൽ റിസർച്ച് ഇൻ ആയുർവേദ (SFRA) ആസ്ഥാനമാക്കിയാണ് പുതിയ ആയുഷ് സർവകലാശാല സ്ഥാപിക്കുന്നത്. നിലവിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സർവകലാശാലയുടെ കീഴിലേക്ക് ഏകോപിപ്പിക്കും.

നിലവിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ആയുഷ് മേഖലയിൽ സമഗ്രമായ പഠന-ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സർവകലാശാല വിഭാവനം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഓഫ് ഫണ്ടമെന്‍റൽ റിസർച്ച് ഇൻ ആയുർവേദ ആസ്ഥാനമാക്കിയാണ് സർവകലാശാല സ്ഥാപിക്കുന്നത്.

ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ, സർവകലാശാലയുടെ ഘടന, അക്കാഡമിക് സംവിധാനങ്ങൾ, ഗവേഷണ പദ്ധതികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും ബില്ലിന്‍റെ കരട് തയ്യാറാക്കുക. രണ്ട് മാസത്തിനകം കേരള ആയുഷ് സർവകലാശാല ബില്ലിന്‍റെ കരട് തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ ശാഖകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൂടുതൽ ഗവേഷണ സാധ്യതകൾ കണ്ടെത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പുതിയ സർവകലാശാലയുടെ ലക്ഷ്യങ്ങൾ. സ്വതന്ത്ര സർവകലാശാല നിലവിൽ വരുന്നതോടെ ആയുഷ് വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ പഠനങ്ങൾ, ഔഷധ വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഡ്രാഫ്റ്റിങ്‌ കമ്മിറ്റി അംഗങ്ങൾ
ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സണും നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്‌ടർ കൺവീനറുമായ സമിതിയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ്‌ ഓഫിസർ എന്നിവർ അംഗങ്ങളുമാണ്.

ചരിത്രപരമായ ചുവടുവയ്പ്പ്: മന്ത്രി കെ മുരളീധരൻ
ആയുഷ്‌ മേഖലയിൽ പുതിയ അക്കാദമിക് സംവിധാനം ഒരുക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി. സർവകലാശാല നിലവിൽ വരുന്നതോടെ കേരളത്തിന്‍റെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ അംഗീകാരം നേടാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here