കാസർകോട്: കഴിഞ്ഞ രണ്ട് വർഷമായി നിറയെ കായ്ക്കുന്ന ഒരു ചെടി. ആർക്കും വേണ്ടാതെ ആ ചെടിയിലെ കായകൾ പഴുത്ത് നിലത്ത് വീണു. സ്ഥിരമായി കായകൾ കണ്ടതോടെ ഒരു ദിവസം വീട്ടുടമസ്ഥനായ മാധവൻ നായർ ഉണങ്ങിയ കായയും എടുത്ത് വൈദ്യ ശാലയിൽ എത്തി. എന്ത് കായയാണെന്ന് അറിയാൻ വേണ്ടിയായിരുന്നു കൊണ്ടുപോയത്.
കായ കണ്ടതോടെ വൈദ്യർ ഒറ്റ വില പറഞ്ഞു 1000 രൂപ. അപ്പോഴാണ് മാധവൻ നായർ ഞെട്ടിയത്. ചുമ്മാ നിലത്ത് കിടന്നത് പൊന്നും വിലയുള്ള കായ ആണെന്ന് മനസിലായി. കൊടോം ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം കളിച്ചാർവട്ടത്തെ കർഷകനായ യു.മാധവൻ നായരുടെ വീട്ടിലാണ് ഔഷധ മൂല്യമുള്ള മഹ്കോട്ട ദേവ എന്ന സസ്യം ഉള്ളത്. ദൈവത്തിന്‍റെ കിരീടം എന്നാണ് വാക്കിന്‍റെ അർഥം. പലേറിയ മാക്രോകാർപ എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം.
മഹ്കോട്ട ദേവ പഴത്തിന് പച്ചമരുന്ന് വിൽപന ശാലയിൽ നല്ല ഡിമാന്‍റാണ്. മൂന്ന് വർഷം മുമ്പാണ് ബന്ധുവിന്‍റെ വീട്ടിൽ നിന്നും ഈ ചെടിയുടെ തൈ കിട്ടിയതെന്ന് മാധവൻ നായർ പറഞ്ഞു. വീട്ടുവളപ്പിൽ ഇത് നട്ടു. വളമോ ഒന്നും ഉപയോഗിക്കാതെ തന്നെ സസ്യം വളർന്നു. ഒരു വർഷം ആയപ്പോഴേക്കും ചെടി പൂത്ത് കായകൾ ഉണ്ടായി തുടങ്ങി.
പഴുത്ത് വീഴാൻ തുടങ്ങിയപ്പോഴും മൈൻഡ് ചെയ്‌തില്ല. പഴുത്തപ്പോൾ വലിയ രുചിയൊന്നും ഉണ്ടായിരുന്നില്ല. കാണാൻ ഭംഗി ഉള്ളതുകൊണ്ട് വെട്ടികളയാനും തോന്നിയില്ല.
താഴെ തണ്ട് മുതൽ എല്ലാ ശിഖരങ്ങളിലും കായ ഉണ്ടാകാറുണ്ട്. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇത് എന്താണെന്ന് അറിയാൻ വൈദ്യ ശാലയിൽ കൊണ്ടുപോയത്. അപ്പോഴാണ് ഇത് മഹ്കോട്ട ദേവ സസ്യമാണെന്നും ഔഷധ ഗുണങ്ങൾ ഉണ്ടെന്നും മനസിലായത്. പിന്നെ ഈ സസ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കി.
പഴുത്തവ ഉടനെ വിൽക്കുകയാണെങ്കിൽ 200 രൂപയും ഉണക്കി കൊടുത്താൽ കിലോയ്‌ക്ക് 1000 രൂപയും ലഭിക്കുന്നുണ്ട്. കായയുടെ മൂല്യം അറിഞ്ഞതോടെ നിരവധിപ്പേർ തൈ ചോദിച്ചു എത്തുന്നുണ്ട്. താനും പറമ്പിൽ നിരവധി തൈകൾ നട്ടു പിടിപ്പിച്ചിട്ടുണ്ടെന്ന് മാധവൻ നായർ പറഞ്ഞു. മലയോരത്ത് അപൂർവമായാണ് മഹ്കോട്ട സസ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്തൊനീഷ്യൻ സ്വദേശം
ഇന്തൊനീഷ്യൻ സ്വദേശമായ ഔഷധ സസ്യമാണ് മഹ്കോട്ട ദേവ. മൂന്ന് വർഷം പ്രായമായ ചെടിയിൽ നിന്ന് വർഷത്തിൽ 15 കിലോ വരെ കായകള്‍ ലഭിക്കും. ചൂടുള്ള കാലാവസ്ഥയാണ് കൃഷിക്ക് അനുയോജ്യം.
ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന ഈ പഴത്തെ ക്രൗൺ ഓഫ് ഗോഡ് എന്നും വിളിക്കാറുണ്ട്. പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിന്‍റെ തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മർദം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഇത് സഹായിക്കുന്നു.
ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി-ഓക്‌സിഡന്‍റ് ഗുണങ്ങളാൽ സമ്പന്നമാണ്. 15 മുതൽ 20 മീറ്റർ വരെ ഉയരം വയ്ക്കുന്നതാണ് ഈ സസ്യം. കേരളത്തിൽ ഈ സസ്യം കൂടുതൽ അറിയാൻ തുടങ്ങിയിട്ട് പത്ത് വർഷം മാത്രമെ ആയിട്ടൂള്ളൂവെന്ന് കർഷകർ പറയുന്നു.









