മലേറിയ ഭീതിയിൽ ഇടുക്കി: അതിഥി തൊഴിലാളികൾക്കിടയിൽ രോഗബാധ വർധിക്കുന്നു,

0
6

ഇടുക്കി: ഹൈറേഞ്ചിലേക്ക് തൊഴിൽ തേടിയെത്തുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ രോഗബാധ അതിവേഗം പടരുന്നതായി ആരോഗ്യ വകുപ്പിൻ്റെ നിഗമനം. ഇടുക്കി ജില്ല കടുത്ത ആശങ്കയിൽ. മതിയായ ആരോഗ്യ പരിശോധനയോ കൃത്യമായ കണക്കുകളോ ഇല്ലാതെ എത്തുന്ന തൊഴിലാളികളുടെ പ്രവാഹം ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ ഭീഷണിയാവുകയാണെന്ന് ആരോഗ്യ വകുപ്പ്.

ഈ വർഷം ഇതുവരെ 277 പേർക്കാണ് ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ ഭർത്താവിനും മലേറിയ സ്ഥിരീകരിച്ചതോടെയാണ് ഭീതി ഇരട്ടിയിയത്. മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. യുവതിക്കും രോഗബാധയുണ്ടായിരുന്നോ എന്ന് വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് ആരോഗ്യപ്രവർത്തകർ. ഇതിനിടയിൽ, രോഗം സ്ഥിരീകരിച്ച മൂന്ന് പേർ യാതൊരുവിധ ചികിത്സയും തേടാതെ ആശുപത്രികളിൽ നിന്ന് കടന്നുകളഞ്ഞ സംഭവം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.

”കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡ് സ്വദേശി കടുത്ത പനിയുമായി ചികിത്സ തേടിയത്. ആരോഗ്യം മോശമാണെന്ന് കണ്ടെത്തിയതോടെ യുവാവിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതെടെയാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യപ്രവർത്തകർ കടുത്ത പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരിടത്ത് തന്നെ താമസിക്കുന്നവരല്ല. ഇവർ തൊഴിൽ തേടി പലയിടങ്ങളിലും സഞ്ചരിക്കാറുണ്ട്. ഇതാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗം വേഗത്തിൽ പടരാൻ ഇത് കാരണമാകുന്നു,” – ഹെൽത്ത് ഇൻസ്‌പെക്‌ടർ അനീഷ് പറയുന്നു.

ഇവർ സമൂഹത്തിലേക്ക് രോഗം കൂടുതൽ പടർത്താൻ കാരണമാകുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലും നിർമ്മാണ മേഖലകളിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസേന ജോലിയിലെത്തുന്നത്. എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങളോ രജിസ്ട്രേഷനോ ആരോഗ്യവകുപ്പിൻ്റെ പക്കലില്ല. ഇതാണ് രോഗബാധിതരെ കണ്ടെത്താനും സമഗ്രമായ പരിശോധന നടത്തുന്നതിനും പ്രധാന തടസമാകുന്നത്. മലേറിയയ്ക്ക് പുറമേ, മന്ത് തുടങ്ങിയ മാരകമായ മറ്റ് പകർച്ചവ്യാധികളും ഇവർക്കിടയിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഹൈറേഞ്ചിലേക്ക് കടക്കുമ്പോൾ തന്നെ അതിർത്തികളിൽ കർശനമായ ആരോഗ്യ പരിശോധന ഉറപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും അത് കാര്യക്ഷമമായി നടപ്പിലാകുന്നില്ല. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. എങ്കിലും, തോട്ടം ഉടമകളുടെയും കരാറുകാരുടെയും സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ കൃത്യമായ ഡാറ്റാബേസ് തയാറാക്കുകയും ബോർഡർ സ്ക്രീനിങ് ശക്തമാക്കുകയും ചെയ്യാതെ രോഗവ്യാപനം പൂർണമായി തടയുക സാധ്യമല്ലെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here