കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം;

0
4

കോഴിക്കോട്: ബേപ്പൂരിനടുത്ത് വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഞായറാഴ്‌ച രാത്രി പത്തരയോടെ രേണുക ഓയിൽ മില്ലിലുണ്ടായ അപകടത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടമുണ്ടായി. ആളപായമില്ല.

വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിന് സമീപം സംസ്‌കരണത്തിനായി സൂക്ഷിച്ചിരുന്ന കൊപ്രയിലേക്കും തുടർന്ന് ഫാക്‌ടറിക്കുള്ളിലെ മറ്റ് കൊപ്ര സ്റ്റോക്കുകൾ, ചാക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാക്കിങ് സാമഗ്രികൾ, യന്ത്രങ്ങൾ എന്നിവയിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു. കന്നാസുകളിലും പാത്രങ്ങളിലും വലിയ സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്കും തീ പടർന്നതോടെ പ്രദേശം വലിയ തീഗോളമായി മാറി. മില്ലിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയും പൂർണമായും കത്തിനശിച്ചു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് അഗ്നിശമന സേനയെ വിവരമറിയിച്ചു. ആദ്യം മീഞ്ചന്ത ഫയർ യൂണിറ്റിൽ നിന്നുള്ള സംഘമാണ് സ്ഥലത്തെത്തിയത്. എന്നാൽ തീ അതിവേഗം പടർന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറത്ത് നിന്നുമായി പതിനഞ്ചോളം യൂണിറ്റ് അഗ്നിശമന സേനയെ സ്ഥലത്തെത്തിച്ചു. എട്ടര മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

ഫാക്‌ടറിക്ക് ചുറ്റും മതിലുകൾ ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ ചെറിയ തടസം സൃഷ്‌ടിച്ചിരുന്നു. കൊപ്ര കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീ അണയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. വെള്ളം ഒഴിക്കുന്തോറും കൊപ്രയ്ക്കുള്ളിൽ നിന്ന് വീണ്ടും തീ പടരുന്ന സാഹചര്യമുണ്ടായി. തുടർന്ന് ജെസിബി ഉപയോഗിച്ച് കൊപ്ര കൂനകൾ മാറ്റി വെള്ളം പമ്പ് ചെയ്‌തതാണ് തീ അണച്ചത്. സുരക്ഷ കണക്കിലെടുത്ത് തീപിടിത്തമുണ്ടായയിടത്തുള്ള മറ്റ് കൊപ്ര സ്റ്റോക്കുകൾ തിങ്കളാഴ്‌ച രാവിലെയോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

കഴിഞ്ഞ 26 വർഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്ന് മില്ലുടമയായ പോത്തഞ്ചേരി അശോകന്‍ പറഞ്ഞു. ‘തൃപ്‌തി കേര തനിമ’ എന്ന പേരിൽ കേരളത്തിലുടനീളം വെളിച്ചെണ്ണ വിൽപന നടത്തുകയും സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സ്ഥാപനമാണിത്. തീപിടിത്തത്തിൽ ഫാക്‌ടറിയിലെ മുഴുവൻ യന്ത്രങ്ങളും, 150 ടണ്ണോളം വരുന്ന കൊപ്ര സ്റ്റോക്കുകളും, സംഭരിച്ച് വച്ചിരുന്ന വെളിച്ചെണ്ണയും പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ പാക്കിങ് കവറുകളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. ഏഴ് കോടിയിലധികം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി ഉടമ വ്യക്തമാക്കി.

ന്നേരം ഏഴ് മണിയോടെ ഫാക്‌ടറിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. അമ്പതോളം ജീവനക്കാരുള്ള സ്ഥാപനത്തിൽ തീപിടിത്ത സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ വീടുകളിലേക്കും വലിയ തോതിൽ പുക പടർന്നത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തീ പൂർണമായും അണച്ചെങ്കിലും പ്രദേശത്ത് ഇപ്പോഴും പുക ഉയരുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രധാന വെളിച്ചെണ്ണ വിതരണ കേന്ദ്രങ്ങളിലൊന്നായതിനാൽ ഈ തീപിടിത്തം പ്രാദേശിക വിപണിയെയും ബാധിച്ചേക്കാം. അപകടകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here