ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിൻ്റെ അഭിമാനമുയർത്തി ഒളിമ്പിക് മെഡൽ ജേതാവ് സായ്ഖോം മീരാഭായ് ചാനു വീണ്ടും സ്വർണ സിംഹാസനത്തിൽ. വനിതകളുടെ 48 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിങ് വിഭാഗത്തിലാണ് നിലവിലെ ചാമ്പ്യനായ മീര റെക്കോഡുകൾ തകർത്തെറിഞ്ഞുകൊണ്ട് ഇന്ത്യയുടെ ഈ വർഷത്തെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. 2018 (ഗോൾഡ് കോസ്റ്റ്), 2022 (ബർമിങ്ഹാം) പതിപ്പുകൾക്ക് ശേഷം 2026-ലും സ്വർണ്ണം നിലനിർത്തിയതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ സുവർണ ഹാട്രിക് തികയ്ക്കുന്ന അപൂർവ്വ പ്രതിഭയായി മീര മാറി.
റെക്കോഡുകൾ തകർത്ത പ്രകടനം
ഗ്ലാസ്‌ഗോയിലെ സ്‌കോട്ടിഷ് ഇവൻ്റ് കാമ്പസിൽ മീരാഭായ് ചാനു അക്ഷരാർത്ഥത്തിൽ വേദി ഭരിക്കുകയായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് താരം കളം നിറഞ്ഞത്. തൻ്റെ മൂന്നാം ശ്രമത്തിൽ 85 കിലോഗ്രാം ഭാരം വിജയകരമായി ഉയർത്തിക്കൊണ്ട് മീര പുതിയ കോമൺവെൽത്ത് റെക്കോഡ് സ്ഥാപിച്ചു. 105 കിലോഗ്രാം ഭാരം അനായാസം ഉയർത്തി ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിലും ഗെയിംസ് റെക്കോഡ് സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 190 കിലോഗ്രാം ഭാരമാണ് മീര ഉയർത്തിയത്. വെള്ളി മെഡൽ നേടിയ നൈജീരിയൻ താരത്തേക്കാൾ (168 കിലോഗ്രാം) 22 കിലോഗ്രാം അധികം ഉയർത്തിയാണ് മീര സ്വർണമുറപ്പിച്ചത്.
കണ്ണീരണിഞ്ഞ സുവർണ വിജയം: “രണ്ടു ദിവസമായി പട്ടിണിയിലായിരുന്നു”
ഈ വിജയത്തിന് പിന്നിൽ ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള കഠിനമായ ത്യാഗങ്ങളുണ്ടായിരുന്നു. മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട മീര വികാരാധീനയായി കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ കായികലോകത്തെ ഒന്നടങ്കം നോവിപ്പിക്കുന്നതായിരുന്നു. “ദയവായി അഭിമുഖം വേഗം തീർക്കൂ, ഞാൻ കഴിഞ്ഞ രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല! 48 കിലോഗ്രാം ഭാരം നിലനിർത്തുക എന്നത് എനിക്ക് കഠിനമായിരുന്നു. ശരീരഭാരം നിയന്ത്രിക്കാൻ മത്സരത്തിന് തൊട്ടുമുൻപ് എനിക്ക് ഭക്ഷണവും വെള്ളവും പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു”.
കടുത്ത പരിക്കുകളിൽ നിന്നും മോശം ഫോമിൽ നിന്നും തൻ്റെ കോച്ച് വിജയ് ശർമ്മയുടെയും അമ്മയുടെയും പിന്തുണയോടെയാണ് താൻ ഈ കനത്ത പോരാട്ടവീര്യം വീണ്ടെടുത്തതെന്നും മീര കൂട്ടിച്ചേർത്തു. ഒടുവിൽ മെഡൽ വേദിയിൽ ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിക്കേട്ടപ്പോൾ തലയിൽ ത്രിവർണ്ണ റിബൺ ധരിച്ചെത്തിയ മീരയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.
ഹാട്രിക് സ്വര്‍ണം
കോമൺവെൽത്ത് ഗെയിംസ് മെഡൽ നേട്ടങ്ങൾകോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത നാല് പതിപ്പുകളിലും മെഡൽ നേടാനും, അതിൽ മൂന്നെണ്ണത്തിൽ തുടർച്ചയായി സ്വർണം നിലനിർത്തി ‘സുവർണ ഹാട്രിക്’ തികയ്ക്കാനും മീരയ്ക്ക് സാധിച്ചിട്ടുണ്ട്.
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് (2014)
വെള്ളി മെഡൽ : തൻ്റെ 19-ാം വയസ്സിൽ കരിയറിലെ ആദ്യ അന്താരാഷ്ട്ര മെഡൽ മീര സ്വന്തമാക്കി. 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 170 കിലോഗ്രാം ഉയർത്തിയാണ് അന്ന് വെള്ളി നേടിയത്.
ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ് (2018)
സ്വർണ മെഡൽ: 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 196 കിലോഗ്രാം ഭാരം ഉയർത്തി പുതിയ ഗെയിംസ് റെക്കോർഡോടെ മീര തന്റെ ആദ്യ കോമൺവെൽത്ത് സ്വർണം കഴുത്തിലണിഞ്ഞു.
ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് (2022)
സ്വർണ മെഡൽ : 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച താരം ആകെ 201 കിലോഗ്രാം ഭാരം ഉയർത്തി റെക്കോർഡോടെ സ്വർണമെഡൽ നിലനിർത്തി.
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് (2026)
സ്വർണ മെഡൽ: 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 190 കിലോഗ്രാം (സ്നാച്ച് 85kg, ക്ലീൻ ആൻഡ് ജെർക്ക് 105kg) ഭാരം ഉയർത്തി കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ തൻ്റെ മൂന്നാം തുടർച്ചയായ സ്വർണ മെഡൽ (ഹാട്രിക്) താരം സ്വന്തമാക്കി. മെഡലുകളുടെ ആകെ ചുരുക്കം ഒമ്പിക്സ്: 1 വെള്ളി (2020), കോമൺവെൽത്ത് ഗെയിംസ്: 3 സ്വർണം (2018, 2022, 2026), 1 വെള്ളി (2014). ഇവ കൂടാതെ 2017-ലെ ലോക വെയിറ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും മീരാഭായ് ചാനു നേടിയിട്ടുണ്ട്.



