വിദ്യാർത്ഥി സമരത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി മാധവ് സുരേഷ്

0
31

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. വിദ്യാർഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷത്തെയും പൊലീസ് നടപടികളെയും ഒരുപോലെ വിമർശിച്ച മാധവ്, താൻ പൂർണമായും ഒരു അരാഷ്ട്രീയവാദിയാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. തനിക്കെതിരെ വന്ന അധിക്ഷേപ സന്ദേശത്തിന് നൽകിയ മറുപടിയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മാധവ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് നിലവിൽ സംഭവിക്കുന്ന കാര്യങ്ങൾ വളരെ മോശമാണെന്ന് മാധവ് കുറിച്ചു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നേരെ അമിതബലപ്രയോഗം നടത്തുമ്പോൾ, പ്രതിപക്ഷം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ ഉപയോഗിക്കുകയാണ്. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള ഈ പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളാണ്. രാജ്യത്തിന് ശാശ്വതവും സമാധാനപരവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെങ്കിലും ഇപ്പോൾ അത് വളരെ അസാധ്യമായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നിൽ നിന്ന് ഒരു നിഷ്പക്ഷമായ അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന സെലിബ്രിറ്റി പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ, അതിൽ നിരാശപ്പെടുത്തേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും മാധവ് വ്യക്തമാക്കി. കണ്ണുതുറന്ന് ചുറ്റും നടക്കുന്നത് കണ്ടാൽ, ഒരു കൂട്ടർ വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ മറു കൂട്ടർ അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കാണാം. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഇതിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ലായിരുന്നു. ഒരു പ്രതിഷേധത്തെ നിർബന്ധിച്ച് പിന്തുണപ്പിക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഭീഷണിയിലൂടെ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളെ ചൂണ്ടിക്കാട്ടി, പ്രതികരിച്ചാൽ ‘സുടാപ്പി’ എന്നും പ്രതികരിച്ചില്ലെങ്കിൽ ‘സംഘി’ എന്നും വിളിക്കുന്ന അവസ്ഥയാണെന്ന് മാധവ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here