തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. എം.പിമാര്‍ക്ക് ആര്‍ക്കും തന്നെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് മുല്ലപ്പള്ളി കത്തില്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ എം.പിമാരെ പ്രേരിപ്പിക്കുന്നത്.ജയിക്കുകയാണെങ്കില്‍ മന്ത്രിക്കസേര വരെ ലക്ഷ്യമിടുന്ന എം.പിമാരുണ്ട്. എന്നാല്‍ എം.പിമാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ലമെന്റില്‍ എന്‍.ഡി.എയെ എതിര്‍ക്കാന്‍ ശേഷിയില്ലാതെ ദുര്‍ബലമായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ അത് കൂടുതല്‍ ദുര്‍ബലപ്പെടുത്തും. അതിനാല്‍ തന്നെ എം.പിമാരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാണ് മുല്ലപ്പള്ളിയുടെ ആവശ്യം. ലോക്‌സഭാ സീറ്രുകള്‍ ഒട്ടുമിക്കതും സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ്. ഇനി ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാലുള്ള ഫലം എന്താണെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ എം.പിമാരെ അനുവദിക്കരുതെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.
കെ.പി.സി.സി ഭാരവാഹിക പട്ടിക സംബന്ധിച്ച ആക്ഷേപവുമായി കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍.പ്രതാപന്‍, ആന്റോ ആന്റണി, എം.കെ.രാഘവന്‍, കെ.സുധാകരന്‍ എന്നിവര്‍ സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേള്‍ക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്