കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ പപ്പായ ഇല,കാൻസർ രോഗികൾക്ക് ആശ്വാസം;

0
3

 

മുംബൈ: കാൻസർ ചികിത്സയിലെ ഏറ്റവും വലിയ വില്ലനായ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളെ വെറും പപ്പായയില കൊണ്ട് തോൽപിക്കാമെന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ചർമത്തിനും മുടിക്കും മാത്രമല്ല, കാൻസർ രോഗികൾക്കും പപ്പായ ഗുണം ചെയ്യുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയ പപ്പായ രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാൻ സഹായിക്കുന്ന മികച്ചൊരു ഫലമാണ്.

എന്നാൽ ഇവിടെ താരം പപ്പായ അല്ല, മറിച്ച് അതിൻ്റെ ഇലയാണ്. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെൻ്ററിലെ ജിഐ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പപ്പായ ഇലയുടെ ഗുണങ്ങൾ കണ്ടെത്തിയത്. കാൻസർ രോഗികൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കീമോതെറാപ്പിക്ക് ശേഷമുള്ള രക്തസ്രാവവും മറ്റ് പാർശ്വഫലങ്ങളും.

അതിൽ ഒന്നാണ് കീമോതെറാപ്പി ഇൻഡ്യൂസ്ഡ് ത്രോംബോസൈറ്റോപീനിയ. ഇത് രോഗിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയാൻ കാരണമാകുന്നു. ഇതുമൂലം മറ്റ് ചികിത്സകൾ വൈകുന്നുവെന്ന് മാത്രമല്ല ചെലവും വർധിക്കുന്നു. എന്നാൽ ഈ അവസ്ഥയെ ഒരു പരിധി വരെ തടയാൻ കാരിക്ക പപ്പായ ലീഫ് എക്സ്ട്രാക്റ്റ് (സിപിഎൽഇ) വഴി സാധിക്കുമെന്ന് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തി. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ അന്താരാഷ്ട്ര ജേണലായ ജെസിഒ ഗ്ലോബൽ ഓങ്കോളജിയിലാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചെലവ് കുറഞ്ഞ ചികിത്സ
കാൻസർ രോഗികൾ പപ്പായ ഇലയുടെ സത്ത് അല്ലെങ്കിൽ നീര് കുടിക്കുന്നത് ആരോഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 30 ശതമാനം രോഗികളിലും വെറും നാല് ദിവസത്തിനുള്ളിൽ പ്ലേറ്റ്‌ലെറ്റുകൾ വീണ്ടെടുക്കാൻ സാധിച്ചുവെന്ന് പഠനത്തിൽ പറയുന്നു. കൂടാതെ ഇത് ചെലവേറിയതോ അപകടകരമോ ആയ മരുന്നുകളുടെ ഉപയോഗം കുറയ്‌ക്കാനും കീമോ ഫലങ്ങൾ ശരീരത്തിൽ വേഗം എത്താനും സഹായിക്കുന്നു. ത്രോംബോസൈറ്റോപീനിയ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം കൂടിയാണിതെന്നാണ് മറ്റൊരു പ്രത്യേകത.

10 ദിവസത്തെ കാരിക്ക പപ്പായ ലീഫ് എക്സ്ട്രാക്റ്റ് കോഴ്‌സിന് ഏകദേശം 955 രൂപ മാത്രമാണ് ചെലവ് വരുന്നത്. വിവിധ തരം കാൻസർ ബാധിച്ച രോഗികളെയാണ് പഠനത്തിനായി ഇവർ ഉൾപ്പെടുത്തിയത്. പ്രത്യേകിച്ച് 60 വയസ്സോ അതിന് മുകളിൽ പ്രായമുള്ളവരെയോ ആണ് പരിഗണിച്ചത്. പാലിയേറ്റീവ് കീമോതെറാപ്പിക്ക് വിധേയരായവർ, രണ്ടിൽ കൂടുതൽ കീമോ റൗണ്ട് പൂർത്തിയാക്കിയവർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. വളരെ കുറച്ച് ദിവസം കൊണ്ടുതന്നെ ഇവരുടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൂട്ടാൻ സത്ത് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി മരുന്നുകൾ, കഠിനമായ ആൻ്റിബയോട്ടിക്കുകൾ എന്നിവ നൽകുന്നത് ശരീരഭാരത്തിന് പകരം ശരീര ഉപരിതല വിസ്തീർണം നോക്കിയാണ്. എന്നാൽ ഈ പഠനം ഒരു രോഗിക്ക് കൊടുക്കുന്ന ഡോസിനെ കുറിച്ചോ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നതിനെ കുറിച്ചോ വിലയിരുത്തുന്നില്ല. ഇതിന് മുൻപ് ഡെങ്കിപ്പനി ബാധിക്കുന്ന രോഗികളിലും ത്രോംബോസൈറ്റോപീനിയയെ തടയാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കാർപൈൻ, ക്വെർസെറ്റിൻ തുടങ്ങിയ പ്രധാന സംയുക്തങ്ങൾ പ്ലേറ്റ്‌ലെറ്റ് ഉത്പാദനം വർധിപ്പിക്കുകയും ചർമത്തെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. 228 ഡെങ്കി രോഗികളിൽ പ്ലേറ്റ്‌ലെറ്റ് ഗണ്യമായി വർധിച്ചതായി കണ്ടെത്തി. 377 വിഷയങ്ങളുടെ മെറ്റാ അനാലിസിസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചില ഗവേഷണ പോരായ്‌മകൾ ഉണ്ടായിരുന്നു. അതേസമയം കീമോതെറാപ്പി മൂലമുണ്ടാകുന്ന ത്രോംബോസൈറ്റോപീനിയയിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് മെച്ചപ്പെടുത്തുന്നതിന് സിപിഇഎൽ ടിനോസ്‌പോറ കോർഡിഫോളിയയുമായി സംയോജിപ്പിക്കുന്നത് നല്ലതാണെന്ന് പഠനം കണ്ടെത്തി.

പരീക്ഷണത്തിൽ വലുതും ചെറുതുമായ കേസുകളിൽ പോലും പപ്പായ ഇല സത്ത് ഉപയോഗപ്രദമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം രണ്ട് കേന്ദ്രങ്ങളിലാണ് ഗവേഷണം നടത്തിയത്. അതിനാൽ കൃത്യമായ ഒരു ഫലം ലഭിച്ചുവെന്ന് ഉറപ്പ് തരാൻ സാധിക്കില്ല. പപ്പായ ഇലയുടെ ഉപയോഗം മറ്റ് ബുദ്ധിമുട്ടുകൾക്ക് കാരണമായില്ലെങ്കിലും ദീർഘകാല നിരീക്ഷണം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. 2020 മാർച്ചിനും 2024 ഒക്ടോബറിനും ഇടയിലാണ് പഠനം നടത്തിയത്. 219 രോഗികളിൽ 198 പേരിലെ ഫലങ്ങൾ വിശകലനം ചെയ്യുകയും ചെയ്‌തു. ഇന്ത്യയിൽ പപ്പായ ഇല ആയുർവേദ ചികിത്സയിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. പ്രത്യേകിച്ച് കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉള്ള അവസ്ഥകൾക്ക്. എന്നിരുന്നാലും കാൻസർ പരിചരണത്തിൽ അവയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ പരിമിതമായി തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here