സായുധ സേനകളുടെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 52,000 കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) തത്വത്തിൽ ഭരണപരമായ അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവുടെ പ്രധാന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കരസേനയ്ക്കുള്ള അനുമതികൾ
കരസേനയ്ക്കായി ഡ്രോൺ വിരുദ്ധ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ആയ ‘ആകാശ് തരംഗ്’, മനുഷ്യർക്ക് ചുമക്കാവുന്ന ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റങ്ങൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ വെപ്പൺ സിസ്റ്റം, വളരെ ചുരുങ്ങിയ ദൂരപരിധിയുള്ള വ്യോമ പ്രതിരോധ സംവിധാനം, ടാങ്കുകൾക്കായുള്ള ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം, ജെറ്റ് അധിഷ്ഠിത കാമികാസെ ഡ്രോൺ സിസ്റ്റം എന്നിവ വാങ്ങുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.
ആകാശ് തരംഗ് കരസേന വിഭാഗങ്ങൾക്ക് ഫലപ്രദമായ ഡ്രോൺ വിരുദ്ധ സംരക്ഷണം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ശത്രുക്കളുടെ മെക്കനൈസ്ഡ് ഭീഷണികളെ ചെറുക്കാനുള്ള കാൽനടപ്പടയുടെ ശേഷി മനുഷ്യർക്ക് ചുമക്കാവുന്ന ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റങ്ങൾ വർദ്ധിപ്പിക്കും. വിവിധ തരത്തിലുള്ള വ്യോമ ഭീഷണികൾക്കെതിരെ ഇടത്തരം പ്രതിരോധം തീർക്കാൻ മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ വെപ്പൺ സിസ്റ്റത്തിനും സാധിക്കും.
നാവിക സേനയ്ക്കുള്ള അനുമതികൾ
നാവികസേനയ്ക്കായി, മൾട്ടി-ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈൻ (MIGM), നേവൽ ഷിപ്പ്ബോൺ അൺമാൻഡ് ഏരിയൽ സിസ്റ്റം (NSUAS) എന്നിവ വാങ്ങുന്നതിനും ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിനായുള്ള ലാൻഡ് അധിഷ്ഠിത ടെസ്റ്റിംഗ് ഫെസിലിറ്റി സ്ഥാപിക്കുന്നതിനും അനുമതി നൽകി. ശത്രുക്കപ്പലുകളുടെ സുഗമമായ നീക്കങ്ങളെ തടയാൻ MIGM-ന് സാധിക്കും. നൂതന സെൻസറുകൾ സജ്ജീകരിച്ചിരിക്കുന്ന NSUAS, നാവികസേനയുടെ നിരീക്ഷണ ശേഷി മെച്ചപ്പെടുത്തും. നാവികസേനയുടെ കപ്പലുകളുടെ മോട്ടോറുകളും അനുബന്ധ പ്രൊപ്പൽഷൻ സിസ്റ്റങ്ങളും പരിശോധിക്കുന്നതിനുള്ള ആവശ്യങ്ങൾ LBTF ലൂടെ നിറവേറ്റാനും സാധിക്കും.
വ്യോമസേനയ്ക്കുള്ള അനുമതികൾ
വ്യോമസേനയ്ക്കായി ഫിക്സഡ് വിംഗ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റും (FW-HAPS) മറ്റു ചില നിർദ്ദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയ്ക്ക് ആവശ്യമായ നിരന്തരമായ ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, ടെലികമ്മ്യൂണിക്കേഷൻ, റിമോട്ട് സെൻസിംഗ് എന്നിവ FW-HAPS നിർവഹിക്കും.
മൊത്തത്തിൽ, സായുധ സേനയുടെ പ്രവർത്തന ശേഷി ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി മൂന്ന് സേനാ വിഭാഗങ്ങൾക്കുമായി വിപുലമായ ആയുധങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, അനുബന്ധ പിന്തുണ സംവിധാനങ്ങൾ എന്നിവയ്ക്കാണ് ഈ അനുമതികൾ നൽകിയിരിക്കുന്നത്.







