ഖുർആൻ പഠനകേന്ദ്രത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ

0
3
മലപ്പുറം: കാസർകോട്, മലപ്പുറം ജില്ലകളിലായി പതിനഞ്ചോളം പോക്സോ കേസുകളിൽ പ്രതികളായ ഇസ്ലാമിക പണ്ഡിതരായ സഹോദരങ്ങളെ കേരള പോലീസ് അതിസാഹസികമായി പിടികൂടി. മലപ്പുറം മേൽപ്പത്തൂർ സ്വദേശികളായ മണ്ണാൻതറ വീട്ടിൽ മുഹമ്മദ് (40), നൗഫൽ (32) എന്നിവരാണ് പിടിയിലായത്. ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോളിൽ വെച്ചാണ് പ്രതികളെ പോലീസ് സംഘം വളഞ്ഞുപിടികൂടിയത്. ഖുർആൻ
മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിക്കുന്ന നിരവധി കുട്ടികളെയാണ് ഈ സഹോദരങ്ങൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. പീഡനവിവരം കുട്ടികൾ പോലീസിനെ അറിയിക്കുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ പ്രതികൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് മംഗലാപുരം, ബെംഗളൂരു, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞ ശേഷം ഇവർ അതിർത്തി കടന്ന് നേപ്പാളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ രാജ്യം വിട്ടതറിഞ്ഞ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി. ഇതോടെ നേപ്പാളിലും തങ്ങൾ സുരക്ഷിതരല്ലെന്ന് മനസ്സിലാക്കിയ പ്രതികൾ തിരികെ ഇന്ത്യയിലേക്ക് തന്നെ കടക്കാൻ ശ്രമിച്ചു. ഈ രഹസ്യവിവരം കൃത്യമായി ചോർത്തിയെടുത്ത കേരള പോലീസ് സംഘം ഇവരെ പിന്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോളിൽ വെച്ച് പിടികൂടുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമും വളാഞ്ചേരി പോലീസും സംയുക്തമായാണ് അതിസാഹസികമായ ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.
ബിഹാറിൽ നിന്നും വളാഞ്ചേരിയിൽ എത്തിച്ച പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ കാസർകോട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നായി കൂടുതൽ കുട്ടികൾ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here