പ്രായമാകുമ്പോൾ മാത്രം കണ്ണുകളിൽ ഇരുട്ടു വീഴ്ത്തുന്ന വില്ലനാണ് തിമിരം എന്ന ധാരണ ഇനി തിരുത്താം. നവജാത ശിശുക്കൾ മുതൽ ചെറുപ്പക്കാരിൽ വരെ ഏത് പ്രായത്തിലും കാഴ്ചയുടെ വെളിച്ചം കെടുത്തിക്കൊണ്ട് തിമിരം പിടിമുറുക്കാമെന്ന ഞെട്ടിക്കുന്ന യാഥാർഥ്യമാണ് ആരോഗ്യവിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. പ്രായം മാത്രമല്ല, നമ്മുടെ പല ജീവിതശൈലികളും അശ്രദ്ധയും ഈ കാഴ്ചനഷ്ടത്തിന് കാരണമാകുന്നുണ്ട്.
കുട്ടികളിൽ ജനനസമയത്തോ ജനിതക കാരണങ്ങളാലോ ആണ് തിമിരം ഉണ്ടാകുന്നതെന്ന് ബെംഗളൂരു കണ്ണിങ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിലെ ഒഫ്താൽമോളജി കൺസൾട്ടൻ്റ് ഡോ. രേഖ വ്യക്തമാക്കി. ചികിത്സ വൈകുന്നത് കാഴ്ച പൂർണമായും നഷ്ടപ്പെടാൻ കാരണമാകുമെന്നതിനാൽ അടിയന്തര ശ്രദ്ധ അനിവാര്യമാണ്.
ചികിത്സിക്കാതിരുന്നാൽ കുട്ടികളുടെ കാഴ്ചയുടെ സ്വാഭാവിക വളർച്ചയെ ഇത് തടസ്സപ്പെടുത്തുമെന്നും അതിനാൽ നേരത്തെയുള്ള രോഗനിർണയം വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രമേഹം, കണ്ണിനേൽക്കുന്ന പരിക്കുകൾ, ദീർഘകാലമായുള്ള സ്റ്റിറോയിഡ് ഉപയോഗം, അമിതമായ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത്, അനാരോഗ്യകരമായ ജീവിതശൈലി, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് ചെറുപ്പക്കാരിൽ തിമിരത്തിന് കാരണമാകുന്നത്. ചെറുപ്പക്കാരിൽ തിമിരം വളരെ വേഗം മൂർച്ഛിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രായഭേദമന്യേ കൃത്യസമയത്ത് ശസ്ത്രക്രിയ ചെയ്യുന്നത് മികച്ച ഫലം നൽകുമെന്ന് ഡോ. രേഖ വിശദീകരിച്ചു.
അപകടസാധ്യതകളും പ്രാരംഭ ലക്ഷണങ്ങളും
ദീർഘനേരം വെയിലുകൊള്ളുന്നത്, പ്രമേഹം, പുകവലി, കണ്ണിനേൽക്കുന്ന പരിക്കുകൾ, കണ്ണിലെ വിട്ടുമാറാത്ത അണുബാധ, മുൻപ് കണ്ണിൽ നടത്തിയ ശസ്ത്രക്രിയകൾ, ദീർഘകാലത്തെ സ്റ്റിറോയിഡ് ഉപയോഗം, പാരമ്പര്യം എന്നിവ തിമിരം നേരത്തെ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നത് തിമിരത്തിന് കാരണമാകുമെന്ന് പലർക്കും ആശങ്കയുണ്ടെന്ന് മുംബൈ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിലെ ഒഫ്താൽമോളജി കൺസൾട്ടൻ്റ് ഡോ. ജാൻവി മേത്ത പറഞ്ഞു. ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ആയാസമുണ്ടാക്കാനും കണ്ണുകൾ വരളാനും ക്ഷീണത്തിനും കാരണമാകുമെങ്കിലും ഇത് തിമിര സാധ്യത വർധിപ്പിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് അവർ വ്യക്തമാക്കി.
പ്രായം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റമായോ കണ്ണടയുടെ പവർ മാറുന്നതിൻ്റെ പ്രശ്നമായോ ആണ് പലരും പ്രാരംഭ ലക്ഷണങ്ങളെ തെറ്റിദ്ധരിക്കുന്നത്. മങ്ങിയ കാഴ്ച, കടുത്ത സൂര്യപ്രകാശത്തിൽ നോക്കാനുള്ള ബുദ്ധിമുട്ട്, രാത്രിയിലെ കാഴ്ചക്കുറവ്, വെളിച്ചത്തിന് ചുറ്റും വലയങ്ങൾ കാണുക, ദൂരക്കാഴ്ച കുറയുക, വായിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ പ്രായം നോക്കാതെ സമഗ്രമായ നേത്രപരിശോധനയ്ക്ക് വിധേയരാകണമെന്ന് കൊൽക്കത്ത നാരായണ ആശുപത്രിയിലെ ഒഫ്താൽമോളജി കൺസൾട്ടൻ്റ് ഡോ. പ്രേമഞ്ജൻ ഭട്ടാചാർജി നിർദേശിച്ചു. നേരത്തെയുള്ള രോഗനിർണയവും കൃത്യസമയത്തുള്ള ചികിത്സയും കാഴ്ച നിലനിർത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയ വൈകിക്കുന്നത് അപകടം
കാഴ്ച പൂർണമായും മങ്ങുന്നതുവരെ പല രോഗികളും തിമിര ശസ്ത്രക്രിയ മാറ്റിവയ്ക്കാറുണ്ട്. എന്നാൽ മരുന്നുകൾ കൊണ്ടോ ഐ ഡ്രോപ്പുകൾ കൊണ്ടോ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടോ തിമിരം ഭേദമാക്കാനാകില്ല. കാഴ്ചക്കുറവ് ദൈനംദിന ജീവിതത്തെ ബാധിച്ചുതുടങ്ങിയാൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. തിമിരം മൂർച്ഛിക്കുന്നതിനനുസരിച്ച് കണ്ണിൻ്റെ സ്വാഭാവിക ലെൻസിന് കട്ടി കൂടുകയും കടുപ്പമേറുകയും ചെയ്യുന്നത് ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കും. മൂർച്ഛിച്ച തിമിരത്തിന് ശസ്ത്രക്രിയയ്ക്കിടെ കൂടുതൽ അൾട്രാസോണിക് ഊർജം വേണ്ടിവരും. ഇത് കണ്ണിലെ ലോലമായ ഭാഗങ്ങൾക്ക്, പ്രത്യേകിച്ച് കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. നേരത്തെ ശസ്ത്രക്രിയ ചെയ്യുന്നത് മികച്ച കാഴ്ച ലഭിക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കും.
ചെറുപ്പക്കാരിലെ തിമിര ശസ്ത്രക്രിയ
മുതിർന്നവരിലാണ് തിമിരം കൂടുതലായി കാണപ്പെടുന്നതെങ്കിലും മുൻപത്തേക്കാൾ കൂടുതൽ ചെറുപ്പക്കാർ ഇപ്പോൾ ചികിത്സ തേടിയെത്തുന്നുണ്ട്. ശസ്ത്രക്രിയ രീതികൾക്ക് വലിയ മാറ്റമില്ലെങ്കിലും ചെറുപ്പക്കാർക്ക് കൂടുതൽ മികച്ച കാഴ്ച ആവശ്യമായതിനാലും സജീവമായ തൊഴിൽ ജീവിതം മുന്നിലുള്ളതിനാലും ചികിത്സാ പദ്ധതികളിൽ വ്യത്യാസമുണ്ട്. അനുയോജ്യമായ ഇൻട്രാഒക്യുലർ ലെൻസ് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണെന്ന് ഡോ. ഭട്ടാചാർജി വിശദീകരിച്ചു. മൾട്ടിഫോക്കൽ, ടോറിക്, എക്സ്റ്റൻഡഡ് ഡെപ്ത് ഓഫ് ഫോക്കസ് തുടങ്ങിയ പ്രീമിയം ലെൻസുകൾ ഉപയോഗിക്കുന്നത് വിവിധ ദൂരങ്ങളിലെ കാഴ്ച മെച്ചപ്പെടുത്താനും കണ്ണടയുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും.
മറ്റ് നേത്രരോഗങ്ങൾക്കൊപ്പമുള്ള തിമിരം
മുതിർന്നവരിലും പ്രമേഹരോഗികളിലും ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ അല്ലെങ്കിൽ കോർണിയ രോഗങ്ങൾ എന്നിവയ്ക്കൊപ്പമാണ് പലപ്പോഴും തിമിരവും കാണപ്പെടുന്നത്. ഈ അവസ്ഥകൾ ശസ്ത്രക്രിയയുടെ സമയത്തെയും ഫലത്തെയും ബാധിക്കുമെന്ന് ഡോ. രേഖ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള വിശദമായ പരിശോധനകൾ കൃത്യമായ ചികിത്സാ പദ്ധതി തയ്യാറാക്കാനും യാഥാർഥ്യബോധത്തോടെയുള്ള ഫലം പ്രതീക്ഷിക്കാനും ഡോക്ടർമാരെ സഹായിക്കുന്നു. ചില സാഹചര്യങ്ങളിൽ ഗ്ലോക്കോമയോ മറ്റ് നേത്രരോഗങ്ങളോ ഭേദമാക്കുന്നതിനുള്ള ചികിത്സകൾക്കൊപ്പം തിമിര ശസ്ത്രക്രിയയും ചെയ്യാറുണ്ട്.
ഇന്നത്തെ തിമിര ശസ്ത്രക്രിയകൾ മുൻപത്തേക്കാൾ വളരെ കൃത്യതയുള്ളതും ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ളതുമാണ്. ഫാക്കോഇമൽസിഫിക്കേഷൻ സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളും ആധുനിക ഇൻട്രാഒക്യുലർ ലെൻസുകളും ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുകയും രോഗമുക്തി നേടാനുള്ള സമയം കുറയ്ക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഡോ. രേഖ വ്യക്തമാക്കി.
രോഗസാധ്യത എങ്ങനെ കുറയ്ക്കാം?
തിമിരം വരുന്നത് പൂർണമായി തടയാനാകില്ലെങ്കിലും ആരോഗ്യകരമായ ശീലങ്ങളിലൂടെ രോഗം വരുന്നത് വൈകിപ്പിക്കാൻ കഴിയും. പ്രമേഹം നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന സൺഗ്ലാസുകൾ ധരിക്കുക, പഴങ്ങളും പച്ചിലക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക, അനാവശ്യമായ സ്റ്റിറോയിഡ് ഉപയോഗം ഒഴിവാക്കുക എന്നിവ ഡോ. ജാൻവി മേത്ത നിർദേശിക്കുന്നു. പ്രമേഹം തിമിരം വേഗത്തിലാക്കുക മാത്രമല്ല, റെറ്റിന സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. നേത്രപരിചരണ സൗകര്യങ്ങൾ കുറഞ്ഞ ഗ്രാമീണ മേഖലകളിൽ രോഗനിർണയം വൈകുന്നത് വലിയ ആശങ്കയാണെന്ന് ഡോ. രേഖ ചൂണ്ടിക്കാട്ടി. ബോധവത്കരണവും മികച്ച രോഗനിർണയ സംവിധാനങ്ങളും തിമിരം നേരത്തെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. പ്രമേഹമുള്ളവരും നേത്രരോഗ പാരമ്പര്യമുള്ളവരും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു.
ലോകമെമ്പാടും കാഴ്ച വൈകല്യത്തിന് കാരണമാകുന്ന പ്രധാന വില്ലനാണ് തിമിരമെങ്കിലും ഇത് പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നാണ്. മങ്ങിയ കാഴ്ചയെ പ്രായമാകുന്നതിൻ്റെ സ്വാഭാവിക ലക്ഷണമായി കണ്ട് ഒരിക്കലും അവഗണിക്കരുത്. കൃത്യമായ നേത്രപരിശോധനയും നേരത്തെയുള്ള രോഗനിർണയവും സമയബന്ധിതമായ ശസ്ത്രക്രിയയും ഏത് പ്രായത്തിലും വ്യക്തമായ കാഴ്ച വീണ്ടെടുക്കാനും സജീവവും സ്വതന്ത്രവുമായ ജീവിതം നയിക്കാനും സഹായിക്കും.








