194 വർഷം വരെ ഒരു മൃഗത്തിന് ജീവിക്കാൻ കഴിയുമോ? കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാമെങ്കിലും, ലോകത്തിലെ ഏറ്റവും പ്രായമേറിയ ജീവിച്ചിരിക്കുന്ന കരയാമകളിലൊന്നായ ജോനാഥൻ അതിന് ജീവനുള്ള തെളിവാണ്. ഏകദേശം 194 വയസ്സ് പ്രായമുള്ള ഈ ഭീമൻ ആമയ്ക്ക് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അതിന്റെ ഏറ്റവും വിശിഷ്ടമായ അംഗീകാരങ്ങളിലൊന്നായ “Guinness World Records Icon” പദവി സമ്മാനിച്ചിരിക്കുകയാണ്. 1832 ൽ ജനിച്ച ജോനാഥൻ എന്ന ആമ, ആൽഡാബ്ര ജയന്റ് ആമയുടെ (ആൽഡാബ്രാചെലിസ് ജൈജാന്റിയ) ഉപജാതിയായ സീഷെൽസ് ജയന്റ് ആമയാണ് (ആൽഡാബ്രാചെലിസ് ജൈജാന്റിയ ഹോളോളിസ). തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് വിദേശ പ്രദേശമായ സെന്റ് ഹെലീന ദ്വീപിലാണ് ജോനാഥൻ ഇപ്പോൾ ഉള്ളത്. 194 വയസ്സ് തികയുന്ന ഇത്, ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വയസ്സുള്ള ജീവിയാണ് എന്ന് അനുമാനിക്കുന്നു.
ജോനാഥൻ ജനിക്കുമ്പോൾ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. കാറുകൾ, വിമാനങ്ങൾ, ഇന്റർനെറ്റ് എന്നിവ സാധാരണമായിരുന്നില്ല. പിന്നീട്, വ്യാവസായിക വിപ്ലവം, രണ്ട് ലോകമഹായുദ്ധങ്ങൾ, മനുഷ്യർ ചന്ദ്രനിൽ ഇറങ്ങുന്നത്, ആധുനിക സാങ്കേതികവിദ്യയുടെ വികസനം എന്നിവയ്ക്ക് അവൻ സാക്ഷ്യം വഹിച്ചു. അതുകൊണ്ടാണ് ജോനാഥൻ വെറുമൊരു ആമയല്ല, മറിച്ച് ചരിത്രത്തിന്റെ നടക്കുന്ന സാക്ഷിയായി കണക്കാക്കപ്പെടുന്നത്. പ്രായം ജോനാഥനെയും ബാധിച്ചു. അവന്റെ കാഴ്ചശക്തി ഏതാണ്ട് നഷ്ടപ്പെട്ടു, മണം പിടിക്കാനുള്ള കഴിവും ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, അവനെ പരിചരിക്കുന്നവരുടെ അഭിപ്രായത്തിൽ, അവൻ ഇപ്പോഴും പതിവായി ഭക്ഷണം കഴിക്കുന്നു, വെയിലത്ത് കുളിക്കുന്നു, സഹ ആമകളുമായി സാധാരണഗതിയിൽ ഇടപഴകുന്നു.
1882-ൽ, ജോനാഥന് 50 വയസ്സുള്ളപ്പോൾ മറ്റ് മൂന്ന് ആമകൾക്കൊപ്പം ജോനാഥനെ ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെൽസിൽ നിന്ന് സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നു. 1930 കളിൽ സെന്റ് ഹെലീന ഗവർണർ ആയിരുന്ന സർ സ്പെൻസർ ഡേവിസ് ആണ് ആമക്ക് ജോനാഥൻ എന്ന് നാമകരണം ചെയ്തത്. ഗവർണറുടെ ഔദ്യോഗിക വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ അടിയിലാണ് ആമ ഇപ്പോൽ ഉള്ളത്. സെന്റ് ഹെലീന സർക്കാർ അതിനെ പരിപാലിക്കുന്നു.
1882-ൽ സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ‘പൂർണ വളർച്ച’ ഉണ്ടായിരുന്നു എന്നത് വെച്ചാണ് അതിന്റെ പ്രായം കണക്കാക്കിയത്. ‘പൂർണ്ണ വളർച്ച’ എന്നാൽ കുറഞ്ഞത് 50 വയസ്സ് പ്രായമുണ്ടാകണം, അതിനാൽ ആമ ഏകദേശം 1832-ന് അടപ്പിച്ച് വിരഞ്ഞതായി കണക്കാക്കുന്നു. ആദ്യം 1902 ൽ എടുത്ത ഫോട്ടോ എന്ന് കരിതിയിരുന്ന ജോനാഥന്റെ ഒരു ഫോട്ടോ യഥാർത്ഥത്തിൽ 1886 ൽ എടുത്തതാണ് എന്ന് പിന്നീട് മനസ്സിലായി. അത് ജോനാഥൻ സെന്റ് ഹെലീനയിലെത്തി നാലുവർഷത്തിനുശേഷം എടുത്ത ഫോട്ടോയാണ്. ഫോട്ടോയിൽ നിന്ന് എടുത്ത അളവുകൾ കാണിക്കുന്നത് 1886 ൽ തന്നെ അത് പൂർണ വളർച്ച എത്തിയിരുന്നു എന്നാണ്.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഭീമൻ ആമകളുടെ മന്ദഗതിയിലുള്ള ജീവിതശൈലി, കുറഞ്ഞ ഊർജ്ജ ഉപഭോഗ ശരീരം, ശക്തമായ രോഗപ്രതിരോധ ശേഷി, മന്ദഗതിയിലുള്ള മെറ്റബോളിസം എന്നിവയാണ് അവയുടെ ദീർഘായുസ്സിന് പ്രധാന കാരണങ്ങളായി വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് സീഷെൽസ്, ഗാലപാഗോസ് തുടങ്ങിയ ദ്വീപുകളിലെ ഭീമൻ ആമകൾ പലപ്പോഴും 100 വർഷത്തിലധികം ജീവിക്കുന്നത്. എന്നിരുന്നാലും, 194 വർഷം വരെ ജീവിക്കുന്നത് വളരെ അപൂർവമായി കണക്കാക്കപ്പെടുന്നു.








