സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെയെന്ന് കെഎസ്ഇബി

0
3

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ വൈകുന്നേരം ആറിനും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. മിതമായ നിയന്ത്രണമാണ് ഏർപ്പെടുത്തുകയെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായെന്നും ഇതേത്തുടർന്നാണ് നിയന്ത്രണം എന്നുമാണ് വിശദീകരണം.

പ്രതീക്ഷിച്ചതുപോലെ മഴ കിട്ടിയില്ല എന്നും രാജ്യവ്യാപകമായി വൈദ്യുതി പ്രതിസന്ധിയുണ്ടെന്നുമാണ് കെഎസ്ഇബി പറയുന്നത്. 900 മെഗാവാട്ടിൻ്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വർധനയും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി പറയുന്നു.

പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി കാണാനായില്ല എന്നതിനും പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായില്ല എന്നതിനും കെഎസ്ഇബി മറുപടി നൽകിയിട്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണം.

വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിൻ്റെ വർധന രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിൻ്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്.

വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം വിലയിരുത്താൻ മന്ത്രി സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി ലഭ്യതക്കുറവ് കൂടുതൽ രൂക്ഷമാകുന്ന പക്ഷം വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് അനുമതിയും നൽകി.

ഇന്നലെ രാത്രി 9 മുതൽ 12 വരെ സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യാനുസരണം സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here