കണ്ണൂരിൽ ഡെങ്കിപ്പനി പടരുന്നു; ഉറവിടം നശിപ്പിച്ചില്ലെങ്കിൽ കർശന നടപടി

0
3

കണ്ണൂർ: മാറിയ കാലാവസ്ഥയ്ക്ക് പിന്നാലെ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ ഡെങ്കിപ്പനി പടരുന്നു. ഈ വർഷം ഇതുവരെ 570 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ പല ഭാഗങ്ങളിലും ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈഡിസ് കൊതുകുകൾ പെരുകുന്നതാണ് ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നത്. കൊതുകിൻ്റെ ഉറവിടമാകാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും കൃത്യമായി വൃത്തിയാക്കണമെന്നും ആഴ്ചതോറും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) ഡോ. കെ.സി സച്ചിൻ നിർദേശിച്ചു. ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

പുളിങ്ങോം, നടുവിൽ, മാങ്ങാട്ടിടം, കീഴ്പ്പള്ളി, ഉളിക്കൽ, മാലൂർ, മട്ടന്നൂർ, കൊളശ്ശേരി, വേങ്ങാട്, ചിറക്കൽ, കരിക്കോട്ടക്കരി, കുറുമാത്തൂർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഈ വർഷം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജനങ്ങളുടെ അശ്രദ്ധ കാരണം വീട്ടുപരിസരങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും ഈഡിസ് കൊതുകുകൾ വലിയതോതിൽ പെരുകുന്നതായി ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

മലയോരമേഖലയിൽ റബർ തോട്ടങ്ങളിലെ ചിരട്ട, കവുങ്ങിൻപാള എന്നിവയാണ് പ്രധാനമായും കൊതുകിൻ്റെ ഉറവിടങ്ങളാകുന്നത്. എന്നാൽ ജനവാസ പ്രദേശങ്ങളിൽ വീട്ടിനകത്തുള്ള ഫ്രിഡ്ജിൻ്റെ ട്രേ, വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയിലാണ് കൊതുക് വളരുന്നത്. തീരപ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ കൊതുകിൻ്റെ ഉറവിടങ്ങളാകുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.

മുൻകാലങ്ങളിൽ മൂന്നോ നാലോ വർഷം കൂടുമ്പോൾ ചാക്രികമായി ആവർത്തിക്കുന്ന രീതിയായിരുന്നു ഡെങ്കി വൈറസിന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ രീതി മാറി സംസ്ഥാനത്താകെ തുടർച്ചയായ വർഷങ്ങളിൽ രോഗം വ്യാപിക്കുകയാണ്. രോഗതീവ്രത കൂടുന്നുവെന്നതും ആരോഗ്യവിദഗ്ധരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞവർഷം ജില്ലയിലെ 81 വാർഡുകൾ ഡെങ്കിപ്പനിയുടെ ഹോട്ട്സ്പോട്ടുകളായിരുന്നു.

ആലക്കോട്, ആറളം, പയ്യാവൂർ, ചപ്പാരപ്പടവ്, ചിറക്കൽ, തലശ്ശേരി, ഇരിട്ടി, ചെമ്പിലോട്, കണിച്ചാർ, കാങ്കോൽ ആലപ്പാടമ്പ, അയ്യൻകുന്ന്, കേളകം, കൂടാളി, കൊട്ടിയൂർ, കുന്നോത്തുപറമ്പ്, മാലൂർ, മാങ്ങാട്ടിടം, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, നടുവിൽ, കണ്ണൂർ കോർപറേഷൻ, പാപ്പിനിശ്ശേരി, പേരാവൂർ, പെരിങ്ങോം, കോളയാട്, പിണറായി, ചെറുപുഴ, തില്ലങ്കേരി, ഉളിക്കൽ, പടിയൂർ, പായം, വേങ്ങാട്, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നത്.

ആശങ്ക വേണ്ട, ജാഗ്രത മതി

ഡെങ്കിപ്പനി ബാധിക്കുന്നവരിൽ 90 ശതമാനം ആളുകളിലും രോഗം ഗുരുതരാവസ്ഥയിൽ എത്തില്ലെന്നത് ആശ്വാസകരമാണ്. പ്ലേറ്റ്ലെറ്റ് കുറയുന്നത് പലരിലും ആശങ്കയുണ്ടാക്കാറുണ്ട്. എന്നാൽ പനി വന്ന് ആദ്യ മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും, പിന്നീട് ക്രമേണ കൂടി പൂർവസ്ഥയിലെത്തുകയും ചെയ്യുന്നത് ഈ രോഗത്തിൻ്റെ സ്വാഭാവിക പ്രക്രിയ മാത്രമാണ്. അതിനാൽ ഇതിൽ അമിതമായ ആശങ്ക വേണ്ടതില്ല. അതേസമയം, നേരത്തെ ഡെങ്കിപ്പനി വന്നവരെ മറ്റൊരു വകഭേദത്തിൽപ്പെട്ട ഡെങ്കിവൈറസ് വീണ്ടും ബാധിക്കുമ്പോൾ രോഗം സങ്കീർണമാകാൻ സാധ്യതയുണ്ട്. അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here