വയനാട്ടിൽ ആകാശപ്പാതയൊരുങ്ങുന്നു, ഈ അഞ്ചിടങ്ങളില്‍ ഹെലിപ്പാടുകള്‍…

0
3

വയനാട്: ദുരന്തമുഖങ്ങളിൽ ഒരു ജീവൻ പോലും പൊലിയാതിരിക്കാൻ, മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനുള്ള വൻ പദ്ധതിയുമായി ഒരുങ്ങുകയാണ് വയനാട് ജില്ല. കനത്ത മഴയിൽ കാടും മലയും വഴികളും അടഞ്ഞാലും ഇനി വയനാട്ടിലേക്ക് സഹായ ഹസ്‌തങ്ങൾ ആകാശമാർഗമെത്തും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജില്ലയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അത്യാധുനിക ഹെലിപ്പാടുകളുടെ നിർമാണം അതിവേഗം ആരംഭിച്ചിരിക്കുന്നത്.

പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തസാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന വയനാട്ടിൽ അടിയന്തര യാത്രാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനാണ് ഹെലിപ്പാടുകൾ ഒരുങ്ങുന്നത്. കേന്ദ്രസർക്കാരിൻ്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയുടെ നടപ്പാക്കുന്നതെന്ന് കരാറുകാരൻ വിൻസെൻ്റ് പറഞ്ഞു.

മഴക്കാലത്ത് റോഡ് ഗതാഗതം താറുമാറാകുന്ന വയനാട്ടിൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ സഞ്ചാരവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹെലിപ്പാടുകൾ നിർമിക്കുന്നതെന്ന് വിൻസെൻ്റ് വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിലെ പഴയ ഹെലിപ്പാട് കേന്ദ്രത്തിൽ രണ്ട് ഹെലിപ്പാടുകളും അമ്പലവയൽ ആർഎആർഎസ്, കൽപ്പറ്റ, മുനീശ്വരൻകുന്ന്, പടിഞ്ഞാറത്തറ ബാണാസുര മേഖലകളിൽ ഓരോ ഹെലിപ്പാടുകളുമാണ് നിർമിക്കുന്നത്.

കേന്ദ്രസർക്കാരിൻ്റെ സാസ്‌കി ഫണ്ടിൽ നിന്നുള്ള ആറ് കോടിയോളം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും നിർമാണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളജ് ഗ്രൗണ്ടിനോട് ചേർന്നുള്ള പഴയ ഹെലിപ്പാട് കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരുമീറ്ററോളം ആഴത്തിൽ മണ്ണ് നീക്കം ചെയ്‌ത് കല്ലും കോൺക്രീറ്റും ഉപയോഗിച്ചാണ് ഹെലിപ്പാടിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതെന്നും വിൻസെൻ്റ് പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പണികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും കരാറുകാർ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ കേന്ദ്രങ്ങളിലെയും നിർമാണം. ദുരന്തസാധ്യത ഏറെയുള്ള ജില്ലയായ വയനാട്ടിൽ ഇത്തരം ഹെലിപ്പാടുകൾ വലിയ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെടുന്ന സാഹചര്യങ്ങളിൽ സൈന്യം, ദുരന്തനിവാരണ സേന, ഭരണകൂടം എന്നിവരുടെ അടിയന്തര ഇടപെടലുകൾക്ക് ഇത് സഹായകരമാകും.

അതേസമയം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പുറമെ വിനോദസഞ്ചാര മേഖലയ്ക്കും പുതിയ സാധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഭാവിയിൽ ഹെലി ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അടിസ്ഥാന സൗകര്യമായി ഈ ഹെലിപ്പാടുകൾ മാറുമെന്നാണ് മറ്റൊരു വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പ്, റോഡ് വിഭാഗത്തിനാണ് നിലവിലെ നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തകാലത്തെ അതിവേഗ പ്രതികരണത്തിനും ഭാവിയിലെ വികസന സാധ്യതകൾക്കും ഒരുപോലെ വഴിയൊരുക്കുന്ന പദ്ധതിയായാണ് ഹെലിപ്പാട് നിർമാണത്തെ കാണുന്നത്. റോഡ് മാർഗങ്ങൾക്കപ്പുറം ആകാശമാർഗവും വയനാട്ടിൻ്റെ വികസന യാത്രയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് വയനാട് ജില്ല.

LEAVE A REPLY

Please enter your comment!
Please enter your name here