കിൻഷാസ: കോംഗോയിൽ എബോള രോഗബാധ രൂക്ഷമാകുന്നു. ഇതുവരെ 782 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 181 പേർ മരിച്ചതായും കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകിട്ട് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, രാജ്യത്തെ യഥാർഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് വിലയിരുത്തൽ. രോഗബാധ ആരംഭിച്ച് ആഴ്ചകൾക്ക് ശേഷം മെയ് 15നാണ് എബോള സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ 56 ശതമാനം മാത്രമാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
വാക്സിനില്ലാത്ത വൈറസ്
അപൂർവമായ ബുൻഡിബുഗ്യോ (Bundibugyo) വൈറസാണ് നിലവിലെ എബോള വ്യാപനത്തിന് കാരണം. കോംഗോയിൽ ഇതിനുമുൻപ് ഉണ്ടായ 16 എബോള വ്യാപനങ്ങളിൽ ഭൂരിഭാഗത്തിനും കാരണമായത് ‘സയർ വൈറസ്’ (Zaire virus) ആയിരുന്നു. എന്നാൽ, സയർ വൈറസിൽ നിന്ന് വ്യത്യസ്തമായി ബുൻഡിബുഗ്യോ വൈറസിനെതിരെ അംഗീകൃത വാക്സിനുകളോ ചികിത്സയോ നിലവിലില്ല എന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 56 പേർ മാത്രമാണ് രോഗമുക്തി നേടിയത്. നിലവിൽ 23 ശതമാനമാണ് രോഗത്തിൻ്റെ മരണനിരക്ക് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗബാധ ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ആകെയുള്ള കേസുകളിൽ 90 ശതമാനത്തിലധികവും ഇവിടെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനുപുറമെ, നോർത്ത് കിവു, സൗത്ത് കിവു എന്നീ പ്രവിശ്യകളിലും എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തി കടന്ന് അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം കുട്ടികളിലേക്കും രോഗം വേഗത്തിൽ പടരാനുള്ള സാധ്യതയുണ്ട്. നിലവിൽ മുതിർന്നവരിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിൽ വീടുകൾക്കുള്ളിൽ തന്നെ രോഗവ്യാപനം വർധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
പ്രതിരോധം ദുഷ്കരം
ഇറ്റൂരി പ്രവിശ്യയിലെ ആഭ്യന്തര സംഘർഷങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. സംഘർഷങ്ങളെ തുടർന്ന് പത്ത് ലക്ഷത്തോളം ആളുകൾക്കാണ് ഇവിടെ കിടപ്പാടം നഷ്ടപ്പെട്ടതെന്ന് യു.എൻ മാനുഷിക കാര്യ ഓഫിസ് അറിയിച്ചു. ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ നിരന്തരം പലായനം ചെയ്യുന്നത് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാക്കുന്നു. കൂടാതെ, ഇടതൂർന്ന വനങ്ങളും മോശം റോഡുകളും ദിവസങ്ങളോളം യാത്ര ചെയ്താൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന വിദൂര ഗ്രാമങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
ധാതുസമ്പന്നമായ ഈ മേഖലയിലെ വിദൂര പ്രദേശങ്ങൾക്കിടയിൽ നിരന്തരം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ഖനിത്തൊഴിലാളികൾക്കിടയിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതും വലിയ വെല്ലുവിളിയാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങൾ, ചില പ്രദേശവാസികൾക്കിടയിലുള്ള അവിശ്വാസം, സായുധ സംഘർഷങ്ങൾ എന്നിവയെല്ലാം എബോള പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
അമേരിക്കയുടെ നീക്കം തടഞ്ഞ് കോടതി
വിദേശത്ത് വച്ച് എബോള സമ്പർക്കത്തിൽ വരുന്ന അമേരിക്കക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് പകരം കെനിയയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ മാസം യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ലെയ്കിപിയ എയർ ബേസിൽ 50 ക്വാറൻ്റൈൻ കിടക്കകളുള്ള കേന്ദ്രം സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, എബോള ക്വാറൻ്റൈൻ കേന്ദ്രം നിർമിക്കാനുള്ള പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് കോടതി ഇടപെട്ട് ഇത് തടയുകയായിരുന്നു.








