ഗ്വാഡലൂപ്പെ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡൻ തകർപ്പൻ വിജയം സ്വന്തമാക്കി. ഇരട്ട ഗോളുകളുമായി തിളങ്ങിയ യാസിൻ ആയാരിയാണ് സ്വീഡന്‍റെ വിജയശില്‍പി. അലക്‌സാണ്ടര്‍ ഇസാക്, വിക്ടർ ഗ്യോകെറെസ്, മത്തിയാസ് സ്വാൻബെർഗ് എന്നിവരും സ്വീഡനായി സ്കോർ ചെയ്‌തു. ഒമർ റെകിക്കാണ് ടുണീഷ്യയുടെ ഏക ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ലോങ് റേഞ്ചർ തൊടുത്ത് യാസിൻ ആയാരി സ്വീഡനെ മുന്നിലെത്തിച്ചു. 30-ാം മിനിറ്റിൽ ഇസാക് ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമർ റെകിക്കിലൂടെ ടുണീഷ്യ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ടാം പകുതിയിൽ സ്വീഡൻ കളം നിറഞ്ഞു കളിച്ചു. വിക്ടർ ഗ്യോകെറെസ്, മത്തിയാസ് സ്വാൻബെർഗ് എന്നിവർ ലക്ഷ്യം കണ്ടതോടെ സ്വീഡൻ 4-1 ന് മുന്നിലായി. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആയാരി തന്‍റെ രണ്ടാമത്തെ തകർപ്പൻ ഗോളും നേടി സ്വീഡന്‍റെ ഗോൾപട്ടിക തികച്ചു.
യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്‌ത സ്വീഡൻ, നേഷൻസ് ലീഗ് പ്ലേഓഫ് വഴിയാണ് ലോകകപ്പിന് യോഗ്യത നേടിയത്. പരിശീലകൻ ഗ്രഹാം പോട്ടറുടെ കീഴിൽ കഠിനമായ പാതകൾ പിന്നിട്ടെത്തിയ സ്വീഡന് ഈ വിജയം വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.





