കോഴിക്കോട് ‘നിപ ബെൽറ്റ്’? രോഗബാധ 8 വര്‍ഷത്തിനിടെ 4 തവണ;

0
5

കോഴിക്കോട്: കഴിഞ്ഞ 8 വർഷത്തിനിടയിൽ 4 തവണയാണ് കോഴിക്കോട് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടത്. കോഴിക്കോട് ജില്ലയിലും സമീപമേഖലകളിലും നിപ വൈറസ് (Nipah virus) ആവർത്തിച്ചുണ്ടാകുന്നത് പൊതുജനങ്ങളിലും ശാസ്ത്രലോകത്തും വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ഐ.സി.എം.ആർ (ICMR), എൻ.ഐ.വി പൂനെ (National Institute of Virology) തുടങ്ങിയ സ്ഥാപനങ്ങൾ വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. എങ്കിലും എന്തുകൊണ്ടാണ് ഒരു പ്രദേശത്ത് മാത്രം ഈ രോഗം കൂടുതലായി കണ്ടുവരുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

2018ൽ കോഴിക്കോട് ചങ്ങരോത്താണ് ആദ്യമായി നിപ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വലിയ ഭീതിയോടെയാണ് കേരളം ഈ വാർ‌ത്ത കേട്ടത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ 17 പേർ അന്ന് നിപയ്ക്ക് കീഴടങ്ങി. ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്തായിരുന്നു കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച ആദ്യരോഗി. ഒരു കുടുംബത്തിലെ മൂന്നുപേർ നിപയ്ക്ക് കീഴടങ്ങി. ഇവരെ പരിചരിച്ച നഴ്സ് ലിനിയും അന്ന് മരണമടഞ്ഞു. പിന്നീട് കേരളം ഈ രോഗത്തെ നേരിടാനുള്ള കഴിവുകൾ ആർജിക്കുന്നതാണ് കണ്ടത്. പിന്നീടുള്ള വർഷങ്ങളിൽ വ്യാപനതോത് കുറയ്ക്കാൻ സാധിച്ചു. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം സ്വദേശികളായ 22 പേരാണ് ഇതുവരെ നിപ രോഗം ബാധിച്ച് മരിച്ചത്.

കാരണമെന്ത്?

നിപ കേസുകൾ കൂടാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പാരിസ്ഥിതിക മാറ്റങ്ങളും വവ്വാലുകളുടെ ഉയർന്ന സാന്നിധ്യവും ഈ രോഗത്തിന് കാരണങ്ങളാണ്. നിപ വൈറസിന്റെ പ്രധാന വാഹകരായ റ്റെറോപ്പസ് മീഡിയസ് എന്ന ഇനം പഴംതീനി വവ്വാലുകൾ പശ്ചിമഘട്ടത്തോട് ചേർന്നുള്ള കേരളത്തിലെ പ്രദേശങ്ങളിൽ ധാരാളമായി കാണാം. വനനശീകരണം, ആവാസവ്യവസ്ഥയുടെ തകർച്ച എന്നിവ കാരണം വവ്വാലുകൾക്ക് കാടുകളിൽ തീറ്റ ലഭിക്കാതെ വരികയും, അവ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും (പ്രത്യേകിച്ച് റംബുട്ടാൻ, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉള്ളിടത്തേക്ക്) കൂടുതലായി എത്തുകയും ചെയ്യുന്നു. ഇത് മനുഷ്യരും വവ്വാലുകളും തമ്മിലുള്ള സമ്പർക്കത്തിന് കാരണമാകുന്നു.

 

കോഴിക്കോടും ബംഗ്ലാദേശും തമ്മിൽ?

ലോകത്തിൽ നിപ ബാധ മൂലം ഏറ്റവും കൂടുതൽ മരണങ്ങളുണ്ടാകുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിലും നിപ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ചില മേഖലകളുണ്ട്. അവിടങ്ങളിൽ വൈറസ് ബാധയ്ക്ക് കാരണമാകുന്നത് മധുരക്കള്ള് വ്യവസായം ധാരാളമായി നടക്കുന്നു എന്നതാണ്. രാത്രിയിൽ പനകളിൽ കള്ള് ശേഖരിക്കാൻ വെക്കുന്ന കുടങ്ങളെ ലക്ഷ്യമാക്കി വവ്വാലുകൾ വരുന്നു. രാജ്ബാരി, ഫരീദ്പൂർ, മണിക്ഗഞ്ച്, രാജ്ഷാഹി, നൗഗാവ് എന്നീ മേഖലകളിലാണ് ഈ വ്യവസായം കൂടുതലുള്ളത്. ഇവിടെ നിപാ ബാധയും കൂടുതലാണ്.

എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത്തരമൊരു കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. കാരണം, മാങ്ങയും, റംബൂട്ടാനും കഴിക്കാൻ വേണ്ടി വവ്വാലുകൾ അവ കൂടുതലുള്ള സ്ഥലം തേടി വരികയാണ് എന്നതാണ് കാരണമെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതല്‍ മാങ്ങ കൃഷി ചെയ്യുന്നത് പാലക്കാടാണ്. റംബൂട്ടാൻ കൃഷിയാണെങ്കിൽ പത്തനംതിട്ടയിൽ വ്യാപകമാണ്. ഇവിടെ ശാസ്ത്രജ്ഞർ ആശയക്കുഴപ്പത്തിലാകുന്നു.

കേരളത്തിൽ നടന്നിട്ടുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. മനുഷ്യരുടെയും വവ്വാലുകളുടെയും ‘ഇന്റർഫേസ് സോണുകളാ’ണ് കോഴിക്കോടുള്ളത് എന്നതാണത്. അഥവാ വവ്വാലുകൾ ഭക്ഷണം തേടിുന്ന കേന്ദ്രങ്ങളും, മനുഷ്യരുടെ വാസ കേന്ദ്രങ്ങളും ഒരിടത്താണ്. ഐസിഎംആറും എൻഐവിയും നടത്തിയ പഠനങ്ങൾ ഈ പ്രദേശങ്ങളിലെ ടെറോപ്പസ് വവ്വാലുകൾ സ്ഥിരമായി വൈറസ് വഹിക്കുന്നുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് ഈ മേഖലയിലെ പ്രത്യേക കാലാവസ്ഥ ഒരു കാരണമാകുന്നുണ്ടോയെന്ന ചോദ്യം ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ ശാസ്ത്രീയമായ ഒരു വിശദീകരണം ലഭിച്ചിട്ടില്ല.

2021-ലെയും 2023-ലെയും രോഗവ്യാപനത്തിന് ശേഷം കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ ആന്തരികാവയവങ്ങളിൽ (പ്ലീഹ, വൃക്ക) നിന്ന് ശാസ്ത്രജ്ഞർ നിപ വൈറസിന്റെ ജനിതക സാന്നിധ്യം നേരിട്ട് കണ്ടെത്തി. വിവിധ മാസങ്ങളിലായി നടത്തിയ പരിശോധനകളിൽ 9% മുതൽ 28% വരെ വവ്വാലുകളിൽ വൈറസിനെതിരായ ആന്റിബോഡികളും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയ നിപ വൈറസ് ‘ബംഗ്ലാദേശ് വകഭേദവുമായി’ സാമ്യമുള്ളതാണ്. എങ്കിലും ദക്ഷിണേന്ത്യയിൽ തന്നെയുള്ള ഒരു പ്രത്യേക ജനിതക വകഭേദമാണിതെന്ന് ജീനോം സീക്വൻസിങ്ങിലൂടെ തെളിയിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here