തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ വിശദാംശങ്ങള്‍ വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഏതൊക്കെ ബസുകളിൽ സേവനം ലഭ്യമാകുമെന്ന കാര്യത്തിൽ ജൂൺ 10ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യാത്രാ പദ്ധതി ഓഡിനറിക്ക് പുറമേ മറ്റ് ബസ് സർവീസുകളിലേക്ക് വ്യാപിപ്പിച്ചേക്കും. പദ്ധതിയുടെ ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഇതിനുശേഷം ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ ബസുകളിലേക്ക് സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ 712 കോടി രൂപയുടെ ചെലവാണ് വരുന്നത്. എന്നാൽ എല്ലാ ബസുകളിലും അനുവദിച്ചാൽ ഇത് 1300 കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സാമ്പത്തിക നഷ്‌ടത്തെക്കുറിച്ച് കെഎസ്ആർടിസി ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ സാമ്പത്തിക സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി ഉറപ്പുനൽകി. കെ എസ് ആർ ടി സി ജീവനക്കാർക്കും ഇതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
“മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഞങ്ങൾ പങ്കെടുത്തു, അതിൽ ചില തീരുമാനങ്ങൾ എടുത്തു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിശദാംശങ്ങൾ വെളിപ്പെടുത്തും. വർഗീകരണമില്ലാതെ എല്ലാ സ്ത്രീകൾക്കും ഈ സൗകര്യം നൽകും. ട്രാൻസ്‌ജെൻഡർ വ്യക്തികളെയും ഉൾപ്പെടുത്തും.
എന്ത് തീരുമാനമെടുത്താലും, സർക്കാർ സബ്‌സിഡി നൽകും. ചെലവ് കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് വഹിക്കാൻ കഴിയില്ല. കെഎസ്ആർടിസിയിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ ഇതിനകം പ്രതിമാസം 125 കോടി രൂപ നൽകുന്നുണ്ട്. അതിനുപുറമെ ഇത് ഒരു പ്രത്യേക സഹായമായിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിൻ്റെ ഇന്ദിരാ ഗ്യാരൻ്റിയിലെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നാണ് വനിതകളുടെ സൗജന്യ യാത്രാ പദ്ധതി. ഇത് ജൂൺ 15 മുതലാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി നടത്തിയ പഠനങ്ങളുടെയും കണക്കെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകൾ മാത്രം തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഓർഡിനറി ബസുകളിൽ മാത്രമായി പദ്ധതി പരിമിതപ്പെടുത്തേണ്ടതില്ലെന്നും ഘട്ടംഘട്ടമായി വിപുലീകരിക്കാനുമാണ് നിലവിലെ ആലോചന.








