തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യനയപ്രഖ്യാപനം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവർണർ തുടങ്ങിവച്ചത്. ”ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിനേക്കാൾ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് ഏറ്റവും നല്ലത്’ എന്ന നെഹ്‌റുവിൻ്റെ വാക്കുകളാണ് പ്രസംഗത്തിനിടെ അദ്ദേഹം ഉദ്ധരിച്ചത്.
കേരളത്തിലെ 600.15 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു സംയോജിത വികസന പദ്ധതിയും സംസ്ഥാനത്തെ ഒരു സംയോജിത തുറമുഖ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുമെന്നും പ്രഖ്യാപനമുണ്ട്.
വ്യോമയാന മേഖലയിൽ സമഗ്ര വികസനം
കേരളത്തിലെ വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കുമെന്നും ദക്ഷിണേഷ്യയിലെ ആകാശപാതയിലെ ഒരു പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്ന വ്യോമയാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു നിര സർക്കാർ വികസിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പതിനായിരത്തിലധികം സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉന്നത തലത്തിലുള്ള മത്സരക്ഷമത നേടാൻ പ്രാപ്‌തമാക്കുന്നതിന് സർക്കാർ സമഗ്ര പിന്തുണ നൽകുമെന്നും ഇതിൽ വ്യക്തമാക്കുന്നു.
കൃഷിക്ക് ഊന്നൽ, സമഗ്ര മണ്ണ് പരിശോധന നയം വരും
വ്യവസ്ഥാപിതമായ മണ്ണ് പരിശോധന ഇതുവരെ പൂർണ്ണമായി നടപ്പാക്കിയിട്ടില്ലാത്തതിനാൽ സമഗ്ര മണ്ണ് പരിശോധന നയം അവതരിപ്പിച്ച് മണ്ണ് പരിശോധന രജിസ്റ്റർ ആരംഭിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. കേരളത്തിൻ്റെ തനതായ ജിഐ-ടാഗ് ചെയ്‌ത ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും വർധിപ്പിക്കുന്നതിന് പ്രത്യേക പ്രചരണ പരിപാടികൾ രൂപകൽപന ചെയ്യും.
കാർഷിക മേഖലയുടെ ആധുനികവൽകരണത്തിനും ഡിജിറ്റൈസേഷനും ഊന്നൽ നൽകും. അഗ്രിസ്റ്റാക്ക് പദ്ധതി ശക്തിപ്പെടുത്തുകയും എല്ലാ ഡിജിറ്റൈസ് ചെയ്‌ത ഗ്രാമങ്ങളിലും ഡിജിറ്റൽ വിള സർവ്വേകൾ പൂർത്തിയാക്കുകയും സുതാര്യത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ വിലയിൽ കർഷകരുടെ പങ്ക് വർധിപ്പിക്കുന്നതിനുമായി മാർക്കറ്റിങ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയും ചെയ്യും. കേരളത്തിലെ കാർഷിക മേഖലയിലെ ഒരു പ്രധാന ശക്തിയാക്കി വനിതാ കർഷകരെ മാറ്റുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് രൂപം നൽകും. ഓരോ പഞ്ചായത്തിലും നിലവിലുള്ള വനിതാ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.






