‘കാട്ടാളനെ’ തകർക്കാൻ ശ്രമിക്കുന്നു”; വ്യാജ പോസ്റ്റിനെതിരെ ആന്റണി വർഗീസ്

0
37

‘കാട്ടാളൻ’ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ആന്റണി വർഗീസ്. ‘ദൃശ്യ 3’യുടെ പിആർ സംഘം ‘കാട്ടാളൻ’ സിനിമയെ മനഃപൂർവം നെഗറ്റീവ് പോസ്റ്റിട്ട് തകർക്കാൻ ശ്രമിക്കുന്നു എന്ന പോസ്റ്റിനെതിരെയാണ് നടൻ രംഗത്തെത്തിയത്. ‘ആന്റണി വർഗീസ് ഫാൻസ് ക്ലബ്’ എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഈ പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നടൻ.

“കാട്ടാളൻ സിനിമയെ ചില ഗൂഢ ആൾകാർ മനഃപൂർവം നെഗറ്റീവ് പറഞ്ഞു പോസ്റ്റ് ഇട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഒരാഴ്ച മുൻപ് ഇറങ്ങിയ ഒരു സീരിയൽ നിലവാരം പോലും ഇല്ലാത്ത ‘ദൃശ്യം 3’ സിനിമയുടെ പിആർ ടീം മാത്രം ആണ് അവർ. അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുത്,” എന്നായിരുന്നു ഫാൻസ് പേജിൽ വന്ന പോസ്റ്റ്.

തന്റെ ‘ഫാൻ പേജ്’ എന്ന വ്യാജേന ചിലർ നടത്തുന്ന ഒരു ഫേസ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവ വിശ്വസിക്കരുതെന്നും നടൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ആന്റണി വർഗീസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
ആന്റണി വർഗീസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

“ഈ പേജിന് എന്റെ അനുമതിയോ, ഞാനുമായോ എന്റെ യഥാർഥ ഫാൻ ഗ്രൂപ്പുമായോ യാതൊരുവിധ ബന്ധമോ ഇല്ലായെന്ന് ദയവായി മനസിലാക്കുക. അനാവശ്യമായ ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിക്കാൻ വേണ്ടി അവർ മനഃപൂർവം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. അവിടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ വിശ്വസിക്കുകയോ, പങ്കുവയ്‌ക്കുകയോ, അതുമായി സഹകരിക്കുകയോ ചെയ്യരുത്. ഇത് എന്റെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി,” എന്നും ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ‘കാട്ടാളൻ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ദുഷാര വിജയനാണ് നായിക.

പാൻ ഇന്ത്യൻ താരങ്ങൾ അടക്കം വലിയൊരു താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here