പിണറായി വിജയൻ്റെ വസതികളിലെ ഇഡി റെയ്‌ഡില്‍ ഗൂഢാലോചനയെന്ന് സിപിഎം,

0
16

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്‌സ് മാസപ്പടിക്കേസില്‍ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധന കേരള രാഷ്ട്രീയത്തെ പുതിയൊരു യുദ്ധക്കളമാക്കി മാറ്റിയിരിക്കുകയാണ്. റെയ്‌ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ വാക്‌പോര് മുറുകി.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലാണിതെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ, തങ്ങളെ അറിയിക്കാതെയാണ് മിന്നല്‍ റെയ്‌ഡ്‌ എന്ന് യുഡിഎഫ് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, വൈകി വന്ന നീതിയെന്നാണ് ബിജെപിയുടെ പക്ഷം. എക്‌സാലോജിക്ക് കേസിൽ പിണറായി വിജയനെ പ്രതിചേർക്കാൻ ശ്രമമെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. പിണറായിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതികളിൽ ഇഡി നടത്തുന്ന റെയ്‌ഡിനെതിരെ പ്രതികരണവുമായി നിരവധി നേതാക്കൾ രംഗത്ത്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിൽക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഉപദ്രവിക്കുന്ന സ്ഥിതിയാണുള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാനുള്ള ഉപകരണമായാണ് കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇതിൻ്റെ മറ്റൊരു പതിപ്പാണ് കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്. പിണറായിക്കെതിരെ കേന്ദ്ര ഏജൻസിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് കടന്നാക്രമിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളെ പരോക്ഷമായും പ്രത്യക്ഷമായും പാർട്ടി നേരിടും. ഇന്ന് വൈകുന്നേരത്തോടെ എല്ലാ ബ്രാഞ്ചുകളിലും പ്രകടനം നടത്തും. സിപിഎമ്മിന് മാത്രം എതിരായിട്ടുള്ളതല്ല മറിച്ച് എൽഡിഎഫിനാകെ എതിരായിട്ടുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക്ക് സിഎംആർഎല്ലുമുണ്ടാക്കിയ കരാർ പ്രകാരമാണ് 1.72 കോടി രൂപ വീണ വിജയൻ കൈപ്പറ്റിയിട്ടുള്ളത്. അത് കമ്പനിയും അംഗീകരിച്ചിട്ടുള്ളതാണ്. ഈ തുകയ്ക്ക് നികുതി അടയ്ക്കുകയും ചെയ്‌തിട്ടുണ്ട്. നിയമപരമായാണ് തുക കൈപ്പറ്റിയിട്ടുള്ളത്. ഇന്ന് മന്ത്രിസഭയുടെ ഭാഗമായിട്ടുള്ള രണ്ട് പേർ തുക കൈപ്പറ്റിയെന്ന് സിഎംആർഎല്ലിൽ നിന്നും കണ്ടെടുത്ത ഡയറിയിൽ പറയുന്നു.

എന്നാൽ ആ ഡയറിൽ കാണുന്ന പി വി താനല്ലെന്ന് പിണറായി വിജയൻ പറഞ്ഞു കഴിഞ്ഞു. എസ്എഫ്‌ഐഒ അടക്കം രണ്ട് മൂന്നാല് കേന്ദ്ര ഏജൻസികളാണ് ഈ കേസിനെപ്പറ്റിയുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് വന്നത്. ഇവരെല്ലാം അന്വേഷിച്ചു. ഇതിനോടെല്ലാം വീണ വിജയൻ സഹകരിച്ചു. അപ്പോഴാണ് ഈ രീതിയിലുള്ള കടന്നാക്രമണം ഉണ്ടാകുന്നത്. സിഎംആർഎല്ലിന് സംസ്ഥാന സർക്കാരോ പിണറായിയോ ഒരു സഹായവും ചെയ്തില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് സ്ഥാനങ്ങളിലെത്തിയത് വലിയ സഹനത്തിന് ശേഷമാണ്. അടിയന്തിരാവസ്ഥയിൽ പൊലീസിൻ്റെ ഭീകര മർദ്ദനമാണ് അദ്ദേഹത്തിന് ഏറ്റിട്ടുള്ളത്.

ആർ.എസ്എസിൻ്റെ ഭാഗത്ത് നിന്നും സമാന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള അദ്ദേഹത്തിനെതിരെ കള്ളക്കേസെടുക്കാനാണ് നീക്കം. പിണറായി കേസിലെ പ്രതിയല്ല. പിണറായിയുടെ വീട് െറയ്ഡ് െചയ്യുന്നത് എന്തിനാണ്. പിണറായിയെ പ്രതിയാക്കാൻ ഗൂഡാലോചന നടക്കുന്നു. പിണറായിക്ക് മാത്രമല്ല ആക്കെതിരായും ഈ കേസിൽ തെളിവുകൾ ഉണ്ടായിട്ടില്ല. എന്ത് കൊണ്ട് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പരസ്യമായി ചോദിച്ചത്. ബിജെപിയും യുഡിഎഫും ആവശ്യപ്പെട്ട കാര്യം പിണറായിയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു.

ദില്ലി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ ജയിലിൽ അടച്ചത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നായിരുന്നു. പിന്നീട് ഈ ആരോപണം കഴമ്പുള്ളതല്ലെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ഭാവന ചമച്ചാൽ കുറ്റപത്രമാവില്ലെന്ന് കോടതി പറഞ്ഞു. ഭാവന ചമയ്ക്കലാണ് കേരളത്തിൽ നടക്കുന്നത്. ഈ കേസ് കേരളത്തിലെ പാർട്ടിക്കെതിരായ കടന്നാക്രമണത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള പാർട്ടി വിരുദ്ധമായ തെറ്റായ പ്രവണതയെ ശക്തമായി പ്രതിരോധിക്കും. ഇതേപ്പറ്റി പാർട്ടിക്ക് ആശങ്കയില്ല. പിണറായിക്ക് കേസിൽ ഉത്തരവാദിത്വമില്ല. രാഷ്ട്രീയപരമായ കടന്നാക്രമണമാണ് നടക്കുന്നത്. എല്ലാ കോടതികളും ഇത് തള്ളിക്കളഞ്ഞതാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ബിജെപിയും കോൺ​ഗ്രസും ചേർന്നുള്ള സംയുക്ത ഓപറേഷനെന്ന് പി ജയരാജൻ

ഇ ഡി റെയ്‌ഡ് ബിജെപിയും കോൺ​ഗ്രസും ചേർന്നുള്ള സംയുക്ത ഓപറേഷനാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് റെയ്‌ഡ് നടത്തിയതെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

സഖാവ് പിണറായി വിജയൻ്റെ വസതിയിൽ ഇഡി നടത്തുന്ന റെയ്‌ഡിനെ സിപിഐ എം ശക്തമായി അപലപിക്കുന്നു. കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിത്. ഇത്തരം നടപടികളിലൂടെ സ. പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട. ഈ റെയ്‌ഡിൽ യുഡിഎഫ് സർക്കാരിൻ്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നു,” പി ജയരാജൻ പറഞ്ഞു.

ഹീനമായ ആക്രമണമെന്ന് എം എ ബേബി

പിണറായി വിജയനെയോ സിപിഎമ്മിനെയോ ഇത്തരം റെയ്‌ഡുകള്‍ കാട്ടി ഭയപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ഈ വേട്ടയാടലിന് പിന്നില്‍ യു ഡി എഫിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന റെയ്‌ഡുകൾ രാഷ്ട്രീയമായി നേരിടാനുള്ള കഴിവില്ലായ്‌മയിൽ നിന്നുണ്ടാകുന്നതാണെന്നും രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സംവിധാനങ്ങളെ ആയുധമാക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ ഭരണപരാജയങ്ങൾ മറച്ചുവയ്ക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു രാഷ്ട്രീയ നേതാവിനെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കാമെന്നത് സർക്കാരിൻ്റെ വ്യാമോഹം മാത്രമാണ്. അഭിപ്രായവ്യത്യാസങ്ങളെ ആശയപരമായി നേരിടുന്നതിന് പകരം ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് കേരളത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യത്തിന് ഒട്ടും ചേരുന്നതല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇടത് പക്ഷത്തിനെതിരെയുള്ള മോദിയുടെ കുതന്ത്രം’

ബിജെപിക്ക് വേണ്ടി ഒത്താശ ചെയ്യുന്ന നേതാവാണ് സതീശന്‍, പിണറായിക്കെതിരായ റെയ്‌ഡ് ഇടത് പക്ഷത്തെ തകര്‍ക്കാനുള്ള മോദിയുടെ കുതന്ത്രമാണെന്ന് സിപിഎം നേതാവ് കെ കെ രാഗേഷ്. ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയെ അധികാരമുപയോഗിച്ച് തകർത്തതിന് സമാനമായി കേരളത്തിൽ സിപിഎമ്മിനെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘വളഞ്ഞിട്ടടിച്ചോളൂ’ – മുഹമ്മദ് റിയാസ്

ഇഡി റെയ്‌ഡ് തുടരുന്നതിനിടെ വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും പ്രതികരിച്ച് മുൻ പൊതുമരാമത്ത് മന്ത്രിയും പിണറായി വിജയൻ്റെ മരുമകനുമായ മുഹമ്മദ് റിയാസ്. അവസാന ശ്വാസം വരെയും പോരാടുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജനകീയ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന പ്രതിപക്ഷ നിരയെ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കാം എന്നത് ഭരണകൂടത്തിൻ്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഷ്ട്രീയ പ്രേരിതമെന്ന് കെ കെ ശൈലജ

മാസപ്പടി കേസിലെ ഇ ഡി റെയ്‌ഡ് രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കുമെന്നും സിപിഎം നേതാവ് കെ കെ ശൈലജ. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കണമെന്നും സിപിഎമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുക എന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് ബിനീഷ് കോടിയേരി

പിണറായി വിജയൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്‌ഡിന് പിന്നാലെ, കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് ബിനീഷ് കോടിയേരി രംഗത്തെത്തി. “മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു, അതിന് പിന്നാലെ പിണറായിയുടെ വീട്ടില്‍ റെയ്‌ഡ് നടക്കുന്നു. മടിയില്‍ കനമില്ലാത്ത പിണറായി വിജയന്‍ മരണം വരെ സിപിഎം ആയിരിക്കും. പിണറായിയുടെ വീട്ടില്‍ റെയ്‌ഡ് നടത്തിയിട്ട് ഒരു കാര്യവും ഇല്ല,” ബിനീഷ് പറഞ്ഞു.

തനിക്ക് വ്യക്തിപരമായി എന്ത് ലഭിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതെന്നും, പ്രതിപക്ഷ നേതാവായ പിണറായി സഖാവിനെ വേട്ടയാടാൻ ശ്രമിച്ചാൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ്റെ കണ്ണൂരിലെ വസതിയിൽ ഇ.ഡി പരിശോധന പുരോഗമിക്കവേ, വസതിക്ക് പുറത്ത് വെച്ച് പ്രതികരിക്കുകയായിരുന്നു ബിനീഷ്.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ വലിയ ഭീഷണിയാണെന്നും ഈ അന്യായമായ വേട്ടയാടലുകളെ നിയമപരമായും ഒപ്പം ജനാധിപത്യ വിശ്വാസികളെ അണിനിരത്തി രാഷ്ട്രീയമായും നേരിടുമെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേർത്തു.

‘ഇ ഡി റെയ്‌ഡ്‌ പൊലീസിനെ അറിയിച്ചില്ല’ – രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ നടക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡിനെക്കുറിച്ച് സംസ്ഥാന പൊലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരു അറിവുമില്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഈ പരിശോധനയുമായി ബന്ധപ്പെട്ട ഒരു വിവരവും സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടില്ല. തികച്ചും അപ്രതീക്ഷിതമായാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയതെന്നും സംസ്ഥാനത്തെ സുരക്ഷാ ചുമതലയുള്ള പൊലീസ് വകുപ്പിനെ ഈ വിവരം അറിയിക്കേണ്ടതായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശൻ്റെ ഡൽഹി സന്ദർശനത്തെ നിലവിലെ റെയ്‌ഡുമായി കൂട്ടിക്കുഴയ്ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത് തികച്ചും ഔദ്യോഗികമായ ആവശ്യങ്ങൾക്കാണ്. കേരളത്തിൻ്റെ വികസന കാര്യങ്ങളും സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് ഈ കൂടിക്കാഴ്ച നടന്നത്.

ഇതിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടികളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നത് ശരിയായ രീതിയല്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻപ് എത്രയോ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കണ്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎമ്മും ബിജെപിയും തമ്മിൽ മുൻകാലങ്ങളിൽ ഏറ്റവും വലിയ രാഷ്ട്രീയ ബന്ധമാണ് ഉണ്ടായിരുന്നത്.

ഈ രഹസ്യബന്ധം എങ്ങനെയാണ് പൊളിഞ്ഞതെന്നാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് അറിയേണ്ടത്. പരസ്പരം സഹായിക്കുന്ന നിലപാടുകളായിരുന്നു ഇരു പാർട്ടികളും സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന ഇത്തരം പരിശോധനകളുടെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള സഖ്യത്തിൻ്റെ യഥാർഥ അവസ്ഥ എന്തായിരുന്നുവെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിന് ബാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പ്രതികരിച്ച് കെ സുരേന്ദ്രൻ

കേരളത്തെ കൊള്ളയടിച്ചവർ ആരായാലും അവർക്ക് ഇനിയുള്ള കാലം ജയിലഴികൾക്ക് പിന്നിലായിരിക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതികരിച്ചു. പിണറായി വിജയൻ്റെ കുടുംബം നടത്തിയ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണ്. ഇതിനെ രാഷ്ട്രീയ വേട്ടയാടൽ എന്ന് പറഞ്ഞ് ഒളിച്ചോടാൻ സിപിഎമ്മിന് കഴിയില്ല. കേന്ദ്ര ഏജൻസികൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വസതി ഉൾപ്പെടെ 12 ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മിന്നൽ പരിശോധന നടക്കുന്നു. വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആർഎലും തമ്മിലുള്ള മാസപ്പടി കേസിലാണ് റെയ്‌ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here