“ഒത്തുതീർപ്പുകൾക്കില്ല”, ടിനി ടോമിനെതിരെ നിയമനടപടിക്ക് അൻസിബ

0
48

താര സംഘടനയായ അമ്മയിലെ തർക്കത്തിൽ ടിനി ടോമിനെതിരെ നിയമനടപടി ഒരുങ്ങുകയാണ് അൻസിബ ഹസൻ. ജിഹാദി പരാമർശത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് നടിയുടെ ആലോചന. അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയുടെ പരാതിയിൽ ഹിൽപാലസ് വനിത സെൽ സിഐ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചതിലും അൻസിബ പരാതി നൽകും.

തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനവും പക്ഷപാതപരമായ പെരുമാറ്റവുമാണ്. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകും. വനിതാ സ്റ്റേഷനിലെ എസ്ഐ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും എസ്ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തിയിരുന്നു.ടിനി ടോമിനെതിരെയുള്ള തന്റെ ആരോപണങ്ങൾ നടി നീന കുറുപ്പ് ശരിവച്ചിട്ടും ഒരാളല്ലേ ഇത് കേട്ടിട്ടുള്ളൂ എന്ന രീതിയിൽ വിഷയത്തെ നിസാരവൽക്കരിക്കുന്ന സമീപനമാണ് സംഘടനയുടെ പ്രസിഡന്റിൽ നിന്നും ഉണ്ടായത്.

ഈ പ്രശ്നങ്ങളെല്ലാം മുൻപ് തന്നെ അസോസിയേഷനെ അറിയിച്ചിട്ടും മൗനം പാലിച്ച ഭാരവാഹികൾ, ഇപ്പോൾ മാധ്യമ സമ്മർദം കാരണം മാത്രമാണ് ചർച്ചകൾക്ക് തയ്യാറാകുന്നത്. ഈ സാഹചര്യത്തിൽ സംഘടനയുമായി യാതൊരുവിധ ഒത്തുതീർപ്പുകൾക്കുമില്ലെന്നും നിയമപോരാട്ടവുമായി ഉറച്ചു മുന്നോട്ട് പോകുമെന്നുമാണ് അൻസിബ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here