തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം

0
49

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കാമെന്നും കോടതി പറഞ്ഞു.തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതി പരിമര്‍ശം നീക്കി ജാമ്യം റദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലാണ് കോടതിയുടെ പരിഗണനക്ക് വന്നത്. അപ്പീല്‍ ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.അതിനിടെ അന്വേഷണ സംഘത്തിന് സിംഗിള്‍ ബഞ്ചിന്റെ വിമര്‍ശനം. അന്തിമ റിപ്പോര്‍ട്ട് നല്‍കുമോ എന്ന് അറിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.

അതേസമയം, ശബരിമല ശ്രീകോവിലില്‍ 2019-ല്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ 1998-ലെ പാളികള്‍ മാറ്റിയോ ഇല്ലയോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച വ്യക്തതയുണ്ടാകും. ജംഷേദ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍ ശ്രീകോവിലില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ കാലപ്പഴക്ക നിര്‍ണയം കഴിഞ്ഞതായാണ് വിവരം. .

1998ല്‍ വിജയ്മല്യ സ്വര്‍ണ്ണം പൊതിഞ്ഞപ്പോള്‍ ഉപയോഗിച്ച ചെമ്പുപാളികള്‍ തന്നെയാണോ ഇപ്പോഴും സന്നിധാനത്തുള്ളതെന്ന് ഈ ശാസ്ത്രീയപരിശോധനയിലൂടെ കണ്ടെത്താനാകും. ചെമ്പുപാളികള്‍ക്ക് 28 വര്‍ഷത്തെ പഴക്കമാണുള്ളതെങ്കില്‍ 2019-ല്‍ പാളികള്‍ മാറ്റിയിട്ടില്ലെന്ന കാര്യം ഉറപ്പിക്കാം. എന്നാല്‍ പാളികള്‍ക്ക് ഏഴുവര്‍ഷം മാത്രമേ പഴക്കമുള്ളൂ എന്നാണ് തെളിയുന്നതെങ്കില്‍ 2019-ല്‍ പാളിയടക്കം സ്വര്‍ണം കവര്‍ന്നതായി ഉറപ്പിക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വര്‍ണം വീണ്ടെടുക്കലിന് കാത്തുനില്‍ക്കാതെ അന്വേഷണസംഘത്തിന് കുറ്റപത്രസമര്‍പ്പണത്തിലേക്ക് കടക്കാം. മോഷണം നടന്നോയെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് ലാബിലെ പരിശോധനാഫലം.

അതിനിടെ, കേസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അന്വേഷണം തൃപ്തികരമല്ലെന്ന കാര്യം പ്രതിപക്ഷത്തിരുന്നപ്പോള്‍ തന്നെ തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും ഓര്‍മ്മിപ്പിച്ചു. നിയമോപദേശം തേടിയിട്ടുണ്ടെന്നും, അതിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here