പാളയം മുതൽ നിയമസഭ വരെ വൻ ഘോഷയാത്ര; 3 എംഎൽഎമാരുടെ സത്യപ്രതിജ്ഞ അണികൾക്കൊപ്പം ഉത്സവമാക്കി ബിജെപി!
തിരുവനന്തപുരം: കേരള നിയമസഭയിൽ മൂന്ന് എം.എൽ.എമാർ പ്രവേശിച്ച ചരിത്ര നിമിഷം ആഘോഷമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവരെ നേതാക്കളും പ്രവർത്തകരും ചേർന്ന് ഘോഷയാത്രയായാണ് നിയമസഭയിലെത്തിച്ചത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മൂവരും സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലേക്ക് പുറപ്പെട്ടത്.
മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഫോണിലൂടെ വി. മുരളീധരനെ ബന്ധപ്പെട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ അഞ്ജു, മകൻ വേദ്, വി. മുരളീധരന്റെ ഭാര്യ ജയശ്രീ, ബി.ബി. ഗോപകുമാറിന്റെ ഭാര്യ സീജ, മക്കളായ ഗൗതംകൃഷ്ണ, ഗൗരിനന്ദൻ എന്നിവർ നിയമസഭയിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചു.
ബി.ജെ.പിക്ക് ഇത് ചരിത്ര ദിനമാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. “മോദിയുടെ വികസന രാഷ്ട്രീയം ഇനി കേരള നിയമസഭ കാണും. നാടിന് നന്മ ചെയ്യുന്നവർക്കൊപ്പമാകും ഞങ്ങൾ നിൽക്കുക. വൈരാഗ്യവും വിഭജനവും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന് പകരം പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്ത രാഷ്ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.









