ഏഴാം ദിനവും മുഖ്യമന്ത്രിയെ ‘കണ്ടെത്താനായില്ല’; ചർച്ചകൾ തുടരും,

0
23

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് ദിവസമായിട്ടും കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. ഇന്നലെ ന്യൂഡൽഹിയിൽ കേരളവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നില്ലെന്നാണ് റിപ്പോർട്ട്. ഇന്നുമുതൽ വീണ്ടും സമവായ ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. മല്ലികാർജ്ജുൻ ഖർഗെ ബെംഗളൂരുവിലേക്ക് തിരിച്ചതിനാൽ ഇന്നലെ സോണിയ ഗാന്ധിയുമായി പ്രസിഡൻ്റിൻ്റെ കൂടിക്കാഴ്ച നടന്നില്ല.

രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയ്ക്കു പോയപ്പോൾ, മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിലായിരുന്നു. ഖാർഗെ ഇന്നു വൈകിട്ടോ നാളെ രാവിലെയോ മടങ്ങിയെത്തിയ ശേഷമേ ചർച്ച പുനരാരംഭിക്കൂ. മുൻ മുഖ്യമന്ത്രി എകെ ആൻ്റണി ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടും. കേരളത്തിൽ നിന്നുള്ള എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും നിർണായകമാകും. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് തല ചർച്ച ഇനി ഉണ്ടാകില്ലെങ്കിലും മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ‍, ഘടകകക്ഷികളുടെ നിലപാടിനോടുള്ള പ്രതികരണവും ചോദിച്ചേക്കും.

മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം നീളുമ്പോൾ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ചകൾ കഴിഞ്ഞെന്നാണ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. ഹൈക്കമാൻഡുമായി എല്ലാം സംസാരിച്ചു. പാർട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കുമെന്ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ചർച്ചകളിൽ മുന്നിട്ട് നിൽക്കുന്ന സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് ഒരുപോലെ തൃപ്തികരമാകുന്ന ഫോർമുലയിലേക്കെത്താനാണ് ഹൈക്കമാൻഡ് കാത്തിരിക്കുന്നത്. കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ രണ്ടുദിവസമെങ്കിലും എടുക്കുമെന്നാണു റിപ്പോർട്ടുകൾ. തീരുമാനം നീട്ടി വച്ചത് സംസ്ഥാനത്തെ നിലവിലെ പ്രതിഷേധങ്ങൾ തണുക്കാനാണെന്നാണ് കരുതുന്നത്. മൂന്് വിഭാഗത്തിൻ്റെയും പ്രതിഷേധം അടങ്ങിയാലാകും പ്രഖ്യാപനം വരിക.

LEAVE A REPLY

Please enter your comment!
Please enter your name here