മെയ് 6ന് ഹോട്ടലുകൾ അടഞ്ഞുകിടക്കും; എൽപിജി വിലവർധനയിൽ പ്രതിഷേധം പുകയുന്നു

0
33

കൊച്ചി: പാചകവാതക വില വർധനയിൽ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്കെന്ന് വിവരം. വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ പണിമുടക്ക് നടത്തും. സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ‌ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറൽ സെക്രട്ടറി എൻ അബ്ദുൾ റസാഖും അറിയിച്ചു. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സംഘടന പറഞ്ഞു.

വൻതോതിലുള്ള വിലവർധനയാണ് രാജ്യത്ത് എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് കേന്ദ്രം കൊണ്ടു വന്നിരിക്കുന്നത്. സിലിണ്ടറൊന്നിന് ആയിരം രൂപയോളം ഉയരും. ഇതോടെ സിലിണ്ടറിന് ആകെ വില മൂവായിരം രൂപയോളമാകും. രാജ്യത്ത് അഞ്ച് മാസത്തിനുള്ളിൽ 1498 രൂപയാണ് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് വർധിച്ചത്. കുറഞ്ഞ മാസങ്ങൾക്കിടയിൽ ഗ്യാസ് വില ഇരട്ടിയിലധികമായി.

ഭക്ഷ്യോൽപാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനിൽക്കുവാനാവാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് കേരള ഹോട്ടൽ‌ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു. കടയടപ്പിന് മുന്നോടിയായി സംഘടനയുടെ യൂണിറ്റ്, ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും എണ്ണക്കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.

രാജ്യത്ത് ഒറ്റയടിക്ക് ഇത്രയധികം വില വർധിപ്പിക്കുന്നത് മുമ്പൊരു കാലത്തും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലവർധനയുടെ കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്. വില വർധന നിലവിൽ വന്നതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു. മുംബൈയിൽ എൽപിജി വില 2031 രൂപയിൽ നിന്ന് 3024 രൂപയിലെത്തി. ബെംഗളൂരുവിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 3,152 രൂപയാണ് ഇനി വില. കൊച്ചിയിൽ 3085 രൂപയാണ് വാണിജ്യ എൽപിജിക്ക് വില. തിരുവനന്തപുരത്ത് വില 3106 രൂപ. കോഴിക്കോട് വാണിജ്യ എൽപിജി ഒരു സിലിണ്ടർ കിട്ടണമെങ്കിൽ 3117.5 രൂപ കൊടുക്കണം.

ഇതിനകം തന്നെ ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടിയിട്ടുണ്ട് സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും. ഏപ്രിൽ മാസത്തിൽ ഒടുവിലുണ്ടായ എൽപിജി വിലവർധനയെ തുടർന്ന് ചായയുടെ വില 15 രൂപയായി ഉയർത്തിയിരുന്നു. ഇങ്ങനെ ഓരോ ഭക്ഷണ സാധനങ്ങൾക്കും വില വർധിച്ചു. ഈ സാഹചര്യം കൂടുതൽ രൂക്ഷമാകുന്നതോടെ ഹോട്ടൽ ബിസിനസ് തന്നെ വെല്ലുവിളി നേരിടുമെന്നാണ് കരുതപ്പെടുന്നത്. വൻതോതിൽ വില ഉയര്‍ത്തിയാൽ ഹോട്ടലുകളിലേക്ക് ഉപഭോക്താക്കൾ ചെല്ലാത്ത സ്ഥിതിയുണ്ടാകാം.

LEAVE A REPLY

Please enter your comment!
Please enter your name here