തൃശൂരില്‍ താമര വിരിയുമോ? ചോരുന്ന വോട്ടുകൾ നിര്‍ണായകം

0
28

2021 ല്‍ ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലമായിരുന്നു തൃശ്ശൂര്‍. അന്ന് 946 വോട്ടിന് ഇടതുമുന്നണിയിലെ പി ബാലചന്ദ്രനാണ് തൃശ്ശൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. മൂന്ന് മുന്നണികളും നാല്‍പ്പതിനായിരത്തിനു മേല്‍ വോട്ട് പിടിച്ച തൃശ്ശൂരില്‍ 2021 ല്‍ ഏറ്റുമുട്ടിയത് സി പിഐ യിലെ പി ബാലചന്ദ്രനും കോണ്‍ഗ്രസിലെ പത്മജ വേണുഗോപാലും ബിജെപിയിലെ സുരേഷ് ഗോപിയും ആയിരുന്നു.

2020 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2586 വോട്ടിന് യുഡിഎഫ് ലീഡ് ചെയ്‌ത മണ്ഡലം നേരിയ വ്യത്യാസത്തിനാണെങ്കിലും ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു. 2021 ല്‍ ഇടതു മുന്നണി 34.25 ശതമാനം വോട്ടും യുഡി എഫ് 33.52 ശതമാനം വോട്ടും എന്‍ഡി എ 31.3 ശതമാനം വോട്ടും പിടിച്ച മണ്ഡലമാണ് തൃശ്ശൂര്‍.

കഴിഞ്ഞ തവണ യുഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറം തൃശ്ശൂരില്‍ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായി. 2021 ലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശ്ശൂര്‍ എം പിയാണ്. ഇടതു മുന്നണി താരതമ്യേന രാഷ്ട്രീയ രംഗത്ത് പരിചിതനല്ലാത്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണനെന്ന പുതുമുഖത്തെ മല്‍സര രംഗത്തിറക്കി.

കോണ്‍ഗ്രസാകട്ടെ മുന്‍ തൃശ്ശൂര്‍ മേയര്‍ രാജന്‍ പല്ലനെ പോരാട്ടത്തിനിറക്കി. കഴിഞ്ഞ തവണത്തേതു പോലെ ഒരു ശക്തമായ ത്രികോണപ്പോര് നടന്നാല്‍ ഫലം പ്രവചനാതീതമാകും. 2016 ല്‍ ഇതേ മണ്ഡലത്തില്‍ വി എസ് സുനില്‍കുമാര്‍ 6987 വോട്ടിനാണ് പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. 2025 അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡല പരിധിയില്‍ യുഡിഎഫ് ലീഡ് 9966 ലെത്തിയിരുന്നു.

വിജയം അസാധ്യമല്ലെന്ന തോന്നല്‍ തൃശ്ശൂരിലെ ബിജെപി ക്യാമ്പിലുമുണ്ട്. 2016 ല്‍ വെറും 24748 ല്‍ നിന്നാണ് തൃശ്ശൂരില്‍ സുരേഷ് ഗോപി വോട്ട് വിഹിതം ഉയര്‍ത്തി 2021 ല്‍ 40457 ല്‍ എത്തിച്ചത്. ഇടതു മുന്നണിക്കാകട്ടെ 2021 നഷ്ടക്കണക്കായിരുന്നു. ഏതാണ്ട് 9000 ത്തോളം വോട്ടുകള്‍ ഇടതു പാളയത്തില്‍ നിന്ന് ചോര്‍ന്നു. ഏകദേശം 3300 വോട്ട് യുഡി എഫ് ക്യാമ്പില്‍ നിന്നും ചോര്‍ന്നു. എല്‍ഡി എഫ് 44263 വോട്ടും യുഡി എഫ് 43317 വോട്ടുമാണ് 2021 ല്‍ തൃശ്ശൂരില്‍ നേടിയത്. ബിജെപി അധികമായി പിടിച്ചത് 15700 ഓളം വോട്ടുകള്‍.

ഈ ചോര്‍ച്ച തൃശ്ശൂരില്‍ തുടരുകയായിരുന്നു എന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കുകളും തെളിയിച്ചു. 42.5 ശതമാനം വോട്ട് വിഹിതം നേടിയ സുരേഷ് ഗോപി 2024 ല്‍ ബിജെപി വോട്ട് 55057 ല്‍ എത്തിച്ചു. തൃശ്ശൂര്‍ മണ്ഡല പരിധിയിലെ ലീഡ് 14117 ആയി. യുഡി എഫ് 31.27 ശതമാനത്തിലേക്കും എല്‍ഡി എഫ് വോട്ട് 26.16 ശതമാനത്തിലേക്കും ഇടിഞ്ഞു 2024 ല്‍.യുഡി എഫ് നേടിയത് 40940 വോട്ടും എല്‍ ഡി എഫ് നേടിയത് 342523 വോട്ടും. സുരേഷ് ഗോപി പിടിച്ചത് 55057 വോട്ടുമായിരുന്നു.

ലീഡര്‍ കെ. കരുണാകരന്‍റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടും ജയിക്കനാവാതെ പോയ മകള്‍ പത്മജ വേണുഗോപാല്‍ ഇത്തവണ എന്‍ഡി എ ടിക്കറ്റില്‍ ജയിക്കുമോ. കോണ്‍ഗ്രസില്‍ നിന്ന് അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടോ. ഉത്തരം കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here