പ്രമേഹത്തെ പിടിച്ചുകെട്ടാം, ആയുർവേദത്തിലൂടെയും ജീവിതശൈലിയിലൂടെയും,

0
33

കണ്ണൂർ: പലരുടേയും ജീവിതത്തില്‍ വില്ലനായി നില്‍ക്കുന്ന പ്രമേഹത്തെ എന്നെന്നേക്കുമായി തൂത്തെറിയാനാകുമോ എന്നാരാഞ്ഞ് നിരവധി പേരാണ് ആയുര്‍വേദ മാര്‍ഗത്തില്‍ എത്തുന്നത്. എന്താണ് ആയുര്‍വേദത്തിന് ഈ രംഗത്ത് ചെയ്യാനാവുക? പ്രമേഹം ഒരിക്കല്‍ വന്നാല്‍ ചികില്‍സിച്ച് ഭേദമാക്കാനാകുമോ ?പ്രമേഹത്തെ ആയുര്‍വേദം സമീപിക്കുന്നത് എങ്ങിനെയാണ്? പൊതു ജനത്തിന് സംശയങ്ങള്‍ ഏറെയാണ്.

ആധുനിക ജീവിതശൈലി സമ്മാനിച്ച സാധാരണ രോഗമായി പ്രമേഹം ഇതിനോടകം മാറി. രാജ്യത്ത് 30 വയസ്സിനു മുകളിലുള്ളവരിൽ കൂടുതൽ കണ്ടുവരുന്ന രോഗവും പ്രമേഹം തന്നെയാണ്. ഇതിനു തൊട്ടുപിന്നിൽ ഹൃദ്രോഗവും രക്തസമ്മർദവുമാണുള്ളത്. ഇത്തരം പ്രധാന ജീവിതശൈലി രോഗങ്ങളുള്ളവരുടെ എണ്ണത്തിൽ കേരളമാണ് രാജ്യത്ത് നിലവിൽ മുൻനിരയിലുള്ളത്. 1000 പേരിൽ 92 പേർ ഈ രോഗങ്ങളെത്തുടർന്ന് ആശുപത്രികളിൽ കിടന്ന് ചികിത്സ തേടിയത് കേരളത്തിലാണെന്നത് ഇതിൻ്റെ തീവ്രത വ്യക്തമാക്കുന്നു. കണക്കെടുക്കുമ്പോൾ പ്രമേഹ ബാധിതരാണ് കൂടുതലുള്ളത്.

“കുടുംബത്തിലെ പാരമ്പര്യം പ്രമേഹ രോഗം വരാന്‍ കാരണമാണോ എന്ന് പലര്‍ക്കും സംശയമുണ്ട്. ആയുര്‍വേദത്തിന്‍റെ കണ്ണില്‍ പാരമ്പര്യം പ്രമേഹം വരാനുള്ള കാരണങ്ങളില്‍ പ്രധാനം തന്നെയാണ്. ജനിതക കാരണങ്ങൾ കൊണ്ട് പ്രമേഹം വരാം. ഇത് നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ പ്രവൃത്തികളിലൂടെയും പ്രമേഹം വരാം. തെറ്റായ ജീവിതശൈലിയാണ് ഒരാളെ പ്രമേഹ രോഗിയാക്കി മാറ്റുന്ന മറ്റൊരു പ്രധാന ഘടകം. ഉയർന്ന മാനസിക സമ്മർദം എന്നിവയും പ്രമേഹത്തിന് കാരണമാകും. ചില മരുന്നുകള്‍ ദീർഘകാലം ഉപയോഗിക്കുന്നതിലൂടെയും പ്രമേഹം വരുന്നതായി കണ്ടിട്ടുണ്ട് ” കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ജീവിത ശൈലീ രോഗ വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാഞ്ചുമോൾ ചൂണ്ടിക്കാട്ടുന്നു.

ശരിയായ രീതിയിലല്ലാത്ത ഭക്ഷണശീലം പിന്തുടരുന്നവരാണ് നിങ്ങളെങ്കില്‍, മതിയായ വ്യായാമം ചെയ്യുന്നതില്‍ മടി കാട്ടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹം വരാന്‍ സാധ്യത ഏറെയാണ്. മധുരപദാർഥങ്ങളും മാംസാഹാരങ്ങളും നിങ്ങള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വേഗത്തിൽ പ്രമേഹം വരാന്‍ സാധ്യതയുണ്ടെന്ന് ആയുർവേദ ശാസ്ത്രം വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങൾ
അമിതമായ വിയർപ്പ്, ദാഹം, ഉയർന്ന വിശപ്പ്, ആലസ്യം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, കടുത്ത ക്ഷീണം, ശരീരഭാരം പെട്ടെന്ന് കുറയൽ, കണ്ണുകളുടെ കാഴ്ച മങ്ങൽ തുടങ്ങിയവ ഇതിൻ്റെ മുന്നറിയിപ്പാണ്. മുറിവുകൾ ഉണങ്ങാൻ താമസം നേരിടുക, ലൈംഗിക പ്രശ്നങ്ങൾ, കൈകാലുകൾക്ക് പുകച്ചിലും തരിപ്പും അനുഭവപ്പെടുക എന്നിവയെല്ലാം പ്രമേഹത്തിൻ്റെ സാധാരണ ലക്ഷണങ്ങളിൽ ചിലതാണ്. ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടണം. ഡോക്ടറുടെ നിർദേശപ്രകാരം രോഗാവസ്ഥ കണ്ടെത്തി വേഗത്തിൽ ചികിത്സ ആരംഭിക്കാൻ രോഗികൾ ശ്രദ്ധിക്കണം.

പ്രമേഹം ഇരുപത് തരം

ആയുര്‍വേദത്തിലെ ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ സാന്നിധ്യവും സപ്തധാതുക്കളുടെ അടിസ്ഥാനത്തിലുള്ള അസന്തുലിതാവസ്ഥയും പരിഗണിച്ച് ആയുർവേദ ശാസ്ത്രം പൊതുവേ 20 തരത്തിലാണ് പ്രമേഹത്തെ തരംതിരിച്ചിരിക്കുന്നത്. ഇതിൽ കഫജ പ്രമേഹം 10 വിധത്തിലാണുള്ളത്. ഈ പ്രമേഹം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്.

ആറ് തരത്തിലുള്ള പിത്തജ പ്രമേഹം ബാധിച്ചവർക്ക് ഇത് പൂർണമായി നിയന്ത്രിക്കാൻ അൽപം പ്രയാസമാണ്. നാല് തരത്തിൽ കാണുന്ന വാതജ പ്രമേഹവും ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ളവയുടെ ഗണത്തിലാണ് വരുന്നത്. ശരിയായ ഔഷധ പ്രയോഗവും കൃത്യമായി ചിട്ടപ്പെടുത്തിയ ഭക്ഷണനിയന്ത്രണവുമാണ് ഈ ഘട്ടത്തിൽ രോഗികൾക്ക് അത്യന്താപേക്ഷിതം.

ടൈപ്പ് വണ്‍ പ്രമേഹം
ശൈശവത്തിലും ബാല്യത്തിലുമാണ് പ്രധാനമായും ടൈപ്പ് വണ്‍ പ്രമേഹം കൂടുതലായി കണ്ടുവരുന്നത്. ഇവ പൂർണമായും മാറ്റിയെടുക്കാൻ ഏറെ പ്രയാസമാണ്. മറ്റ് രോഗങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന ഔഷധങ്ങൾ മൂലമുള്ള രാസമലിനീകരണവും പലപ്പോഴും ടൈപ്പ് വണ്‍ പ്രമേഹത്തിന് കാരണമായി മാറാറുണ്ട്. ഇത്തരക്കാരിൽ രോഗം നിയന്ത്രിക്കുന്നതോടൊപ്പം ഡോക്ടറുടെ കൂടി നിർദേശപ്രകാരമുള്ള ഇൻസുലിൻ ചികിത്സയും രോഗത്തിൻ്റെ സങ്കീർണത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

രോഗികൾക്ക് ആയുർവേദ വിധിപ്രകാരം പോഷകവും ശക്തിയും വർധിപ്പിക്കാൻ യവം, റാഗി, മുതിര, ഗോതമ്പ് റവ, ചെറുപയർ, കയ്പ, പടവലം, മുരിങ്ങക്കായ എന്നിവ നിത്യേനയുള്ള ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രത്യേകമായി മികച്ച യോഗ പരിശീലനം ദിനചര്യയായി നടത്തുന്നതും ഏറെ ഗുണം നൽകും.

ടൈപ്പ് ടു പ്രമേഹം
ടൈപ്പ് ടു പ്രമേഹ ബാധിതരിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട രീതിയിൽ ശരീരത്തിന് പ്രയോജനപ്പെടുത്താൻ ആന്തരിക അവയവങ്ങൾക്ക് സാധിക്കാതെ വരുന്നു. ആയുർവേദ വിധിപ്രകാരം ഇത്തരം ഘട്ടങ്ങളിൽ രോഗികൾക്ക് അത്യന്താപേക്ഷിതം മികച്ച വ്യായാമമാണ്. സ്ഥൂല പ്രമേഹി എന്ന പേരിൽ അറിയപ്പെടുന്ന കഫജ പ്രമേഹത്തിൻ്റെ ഗണത്തിലാണ് ഇവ ഉൾപ്പെടുന്നത്.

മോശമായതും അമിതമായതുമായ ആഹാരരീതിയും വ്യായാമത്തിൻ്റെ കടുത്ത അഭാവവും വർധിച്ച മാനസിക സമ്മർദവുമൊക്കെ ടൈപ്പ് റ്റു പ്രമേഹത്തിന് പ്രധാന കാരണമാകുന്നു. ഏകനായകം, നെല്ലിക്ക, മഞ്ഞൾ, കരിനൊച്ചി, വേങ്ങ എന്നിവ ചേർന്ന ഔഷധങ്ങളാണ് ടൈപ്പ് റ്റു പ്രമേഹത്തിന് ആയുർവേദത്തിൽ പ്രധാനമായും ഫലപ്രദമായി നൽകുന്നത്.

ഈ പ്രമേഹത്തെ അതിജീവിച്ചും മരുന്നുകളുടെ സഹായത്തോടെ നിയന്ത്രിച്ചും സാധാരണ ജീവിതം നയിക്കാൻ ഏവർക്കും സാധിക്കും. ഇതിനായി ഉയർന്ന അളവിൽ പഞ്ചസാര, മൈദ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, നാര് കുറഞ്ഞ ഭക്ഷണങ്ങൾ, ഐസ്ക്രീം, മദ്യം എന്നിവ ഈ രോഗികൾ നിത്യജീവിതത്തിൽനിന്ന് പൂർണമായും ഒഴിവാക്കണം. ഇതിനുപകരം ധാരാളം ഇലക്കറികളും പച്ചക്കറികളും മിതമായ തോതിൽ മികച്ച പഴങ്ങളും ഭക്ഷണത്തിൽ പതിവാക്കണം.

പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്തികളാണെങ്കിൽ, നേരത്തെതന്നെ ശരിയായ ജീവിതശൈലി ക്രമീകരണങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടയായ വ്യായാമം, മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ ശീലിച്ചാൽ തുടക്കത്തിൽത്തന്നെ രോഗത്തെ പ്രതിരോധിക്കാം.

കഫജ പ്രമേഹത്തെ പൂർണമായും നിയന്ത്രിച്ചു നിർത്തി രോഗം ബാധിച്ച വ്യക്തിക്ക് സാധാരണ ജീവിതം നയിക്കാവുന്ന വിധത്തിൽ ആയുർവേദ ചികിത്സ കൊണ്ടു മാറ്റിയെടുക്കാവുന്നതാണ്. ശരീരത്തിൽ അധികമുള്ള കൊഴുപ്പിനെയും കഫത്തേയും നീക്കം ചെയ്യാനുള്ള അപ തർപ്പണ ചികിത്സയാണ് വേണ്ടത്. ഈ ചികിത്സ ചെയ്യുന്നവരിൽ മികച്ച ഫലപ്രാപ്തി ഉണ്ടാകും. മറ്റു പ്രമേഹ രോഗികൾക്ക് രോഗത്തിന്‍റെ സങ്കീർണത ചെറുക്കുന്നതിനാണ് ആയുർവേദം മുൻഗണന നൽകുന്നത്. പാരമ്പര്യമായോ മറ്റോ പ്രമേഹം വരാൻ സാധ്യതയുള്ളവർക്ക് ആയുർവേദം പ്രതിപാദിക്കുന്ന ഔഷധങ്ങളിലൂടെ പ്രമേഹ നിയന്ത്രണം സാധ്യമാണ്. രോഗത്തിന്‍റെ സങ്കീർണതകൾ ലഘൂകരിച്ച് മെച്ചപ്പെട്ട ജീവിതം നൽകാൻ ആയുർവേദ ചികിത്സയിലുടെ സാധ്യമാകും.

ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും ദേശീയ ആയുഷ് മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ നിലവിൽ എല്ലാ ജില്ലകളിലും ജീവിതശൈലി രോഗ ക്ലിനിക്കുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സർക്കാർ ആയുർവ്വേദ ചികിത്സാ കേന്ദ്രങ്ങളിലും ജീവിത ശൈലീ രോഗങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാണ്. ഇതിനുപുറമെ പ്രമേഹം, അമിത രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി വിവിധ ജില്ലാ ആയുർവേദ ആശുപത്രികളിൽ നിലവിൽ പ്രത്യേക ഒപി വിഭാഗവും പ്രവർത്തിച്ചുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here