ഹൈദരാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ കെകെആർ താരം അങ്ക്രിഷ് രഘുവംശി ‘ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്’ (ഫീൽഡിംഗിനെ തടസ്സപ്പെടുത്തൽ) നിയമപ്രകാരം പുറത്തായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ക്രിക്കറ്റിലെ നിയമങ്ങളും ‘സ്‌പിരിറ്റ് ഓഫ് ദ ഗെയിമും’ തമ്മിലുള്ള സംവാദത്തിനാണ് ഈ സംഭവം വീണ്ടും വഴിയൊരുക്കിയിരിക്കുന്നത്.
എന്താണ് സംഭവിച്ചത്?
ഒരു ക്വിക്ക് സിംഗിളിന് ശ്രമിച്ച രഘുവംശിയെ നോൺ-സ്‌ട്രൈക്കർ തിരിച്ചയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്രീസിലേക്ക് തിരിച്ചെത്താൻ രഘുവംശി ഡൈവ് ചെയ്യുന്നതിനിടെ ഫീൽഡർ എറിഞ്ഞ പന്ത് താരത്തിന്‍റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. ലഖ്‌നൗ പേസർ മുഹമ്മദ് ഷമി അപ്പീൽ ചെയ്‌തതോടെ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ഓടുന്നതിനിടെ താരം ദിശ മാറ്റിയെന്നും ഇത് ഫീൽഡിംഗിനെ തടസ്സപ്പെടുത്തിയെന്നും നിരീക്ഷിച്ച അമ്പയർ രഘുവംശിയെ ഔട്ട് ആയി പ്രഖ്യാപിച്ചു.
ഐപിഎൽ നിയമത്തിലെ ക്ലോസ് 37.1.4 പ്രകാരം, ഒരു ബാറ്റർ റൺ ഔട്ട് ഒഴിവാക്കാൻ മനഃപൂർവ്വം ഓടുന്ന ദിശ മാറ്റുകയോ ഫീൽഡറെ തടസ്സപ്പെടുത്തുകയോ ചെയ്‌താല്‍ ഔട്ട് നൽകാം. റൺ ഔട്ടിന് സാധ്യതയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പരിഗണിക്കേണ്ടതില്ല.
അതേസമയം മുൻ താരം രോഹൻ ഗവാസ്‌കര്‍ ഈ തീരുമാനത്തോട് വിയോജിച്ചു. “ഡൈവ് ചെയ്യുന്ന സമയത്ത് താരം പന്തിനെ നോക്കുന്നുണ്ടായിരുന്നില്ല. ക്രീസിലെത്തുക മാത്രമായിരുന്നു ലക്ഷ്യം. പന്ത് ശരീരത്തിൽ കൊള്ളുമെന്ന് അറിഞ്ഞുകൊണ്ട് ആരും ഡൈവ് ചെയ്യില്ല. ഇത് അബദ്ധത്തിൽ സംഭവിച്ചതാണ്,” എന്ന് അദ്ദേഹം ക്രിക്ബസിനോട് പറഞ്ഞു.
ഋഷഭ് പന്ത് അപ്പീൽ പിൻവലിക്കണമായിരുന്നോ?
ലഖ്‌നൗ നായകൻ ഋഷഭ് പന്ത് ആ അപ്പീൽ പിൻവലിക്കേണ്ടതായിരുന്നു എന്ന് ഒരു വിഭാഗം വാദിക്കുന്നു. സംഭവത്തില്‍ മുൻ താരം വീരേന്ദർ സെവാഗും പ്രതികരിച്ചു: “ടീം തുടർച്ചയായി ജയിച്ചുകൊണ്ടിരിക്കുമ്പോഴാണെങ്കിൽ ക്യാപ്റ്റൻ ചിലപ്പോൾ ഇത്തരം അപ്പീലുകൾ വേണ്ടെന്ന് വെക്കും. എന്നാൽ ലഖ്‌നൗ നിലവിൽ പരാജയങ്ങൾ നേരിടുന്നതിനാൽ ആ വിക്കറ്റ് അവർക്ക് പ്രധാനമായിരുന്നു. നിയമപരമായി അത് ശരിയായ അപ്പീലാണ്, പക്ഷേ സ്പിരിറ്റ് ഓഫ് ദ ഗെയിം പരിഗണിക്കുമ്പോൾ അത് ഒഴിവാക്കാമായിരുന്നു.” തേർഡ് അമ്പയറുടെ തീരുമാനം കടുപ്പമേറിയതായിപ്പോയെന്നും സെവാഗ് കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്കിടയിലും മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സുനിൽ നരെയ്‌ന്‍റെ സ്‌പിന്‍ കരുത്തിലും റിങ്കു സിംഗിന്‍റെ ഫിനിഷിംഗിലും ലഖ്‌നൗവിനെ തോൽപ്പിച്ച് കെകെആർ പോയിന്‍റ് ടേബിളിന്റെ അടിത്തട്ടിൽ നിന്ന് മോചിതരായി.








