അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോരാട്ടം പുതിയ ഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനിടയിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുതിർന്ന പ്രതിനിധി സംഘത്തോടൊപ്പം വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, തങ്ങളുടെ നിലപാടുകളും ആശങ്കകളും പാകിസ്ഥാൻ വഴി വാഷിംഗ്ടണെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ സയ്യിദ് ആസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി എന്നിവർ ചേർന്നാണ് ഇറാൻ സംഘത്തെ സ്വീകരിച്ചത്.
അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ ആസൂത്രണം ചെയ്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാക്കി വ്യക്തമാക്കി. “അമേരിക്ക അടിച്ചേൽപ്പിച്ച അധിനിവേശ യുദ്ധം” അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. ഇസ്ലാമാബാദ് മുഖേനയായിരിക്കും നയതന്ത്ര സന്ദേശങ്ങൾ കൈമാറുന്നത്.
ഇറാന്റെ ഇസ്മായീൽ ബഖായ്, സെന്റർ ഫോർ പബ്ലിക് ഡിപ്ലോമസി മേധാവിയും ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ എക്‌സ്‌നയിൽ
അമേരിക്കൻ സംഘവും ഇസ്ലാമാബാദിലേക്ക്
ഇറാൻ പ്രതിനിധികൾക്ക് പിന്നാലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരും ചർച്ചകൾക്കായി ഇസ്ലാമാബാദിലെത്തും. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നേരിട്ടല്ലാതെ ചർച്ചകൾ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. വാഷിംഗ്ടണിലിരുന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഈ നീക്കങ്ങൾ ഏകോപിപ്പിക്കും.
ഇറാൻ ഓഫർ നൽകുന്നുവെന്ന് ട്രംപ്
അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഒരു ഓഫർ ഇറാൻ മുന്നോട്ട് വെക്കാൻ തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “അവർ ഒരു ഓഫർ നൽകുന്നുണ്ട്, അത് എന്താണെന്ന് നമ്മൾ കണ്ടറിയണം,” എന്ന് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ ഉപേക്ഷിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര തടസ്സമില്ലാതെ ഉറപ്പാക്കണമെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ ഓഫർ നൽകുന്നത് വരെ അവരുടെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ സൈന്യത്തിന്റെ ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി
ഈ ഉപരോധം പിൻവലിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കൂ എന്നാണ് ഇറാന്റെ നിലപാട്. നിലവിൽ ഒരു ദിവസം ശരാശരി 130 കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ വെറും അഞ്ച് കപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ സഞ്ചരിച്ചത്.
നയതന്ത്ര പര്യടനം
പാകിസ്ഥാന് പുറമെ മസ്കറ്റ്, മോസ്കോ എന്നിവിടങ്ങളിലും ഇറാൻ വിദേശകാര്യ മന്ത്രി സന്ദർശനം നടത്തുന്നുണ്ട്. സ്തംഭനാവസ്ഥയിലായ സമാധാന ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകാൻ റഷ്യയും ഒമാനും കൂടി ഇടപെട്ടേക്കാം.

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കങ്ങളിൽ അയവ് വന്നാൽ മാത്രമേ അമേരിക്കയുമായുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടാവുകയുള്ളൂ.








