വെടിക്കെട്ടില്ല, ആര്‍ഭാടമില്ല; ശക്തന്‍റെ തട്ടകത്തിൽ പൂര വിളംബരം ഇന്ന്

0
35

തൃശ്ശൂർ: ലോകപ്രശസ്തമായ തൃശ്ശൂർ പൂരത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. തട്ടകത്തിന്റെ അധിപനായ ശക്തൻ തമ്പുരാന്റെ മണ്ണിൽ ഇന്ന് പൂര വിളംബരം നടക്കും. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയും ആർഭാടങ്ങൾ ഒഴിവാക്കിയുമാണ് ഇത്തവണത്തെ പൂരം അരങ്ങേറുന്നത്.

പൂര വിളംബരത്തിനായി നെയ്തലക്കാവ് ഭഗവതി ഇന്ന് രാവിലെ 8.30-ഓടെ ദേശത്തുനിന്ന് പുറപ്പെട്ട്. രാവിലെ 11 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ദേവി, ചടങ്ങുകൾ പൂർത്തിയാക്കി 11.30-ഓടെ വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നള്ളും. ശ്രീമൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെ തൃശ്ശൂർ പൂരത്തിന്റെ ആദ്യ ഘടകപൂരങ്ങളുടെ പുറപ്പാടിന് തുടക്കമാകും.

മുണ്ടത്തിക്കോട് ഉണ്ടായ വെടിപ്പുര ദുരന്തത്തിന്റെ ആഘാതത്തിൽ ഇത്തവണത്തെ പൂരത്തിന് ആഘോഷപ്പൊലിമ കുറയും. സർക്കാർ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരം ഇത്തവണത്തെ പൂരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ പൂർണ്ണമായും ഒഴിവാക്കി. ചടങ്ങുകൾക്ക് മാത്രമാണ് പ്രാധാന്യം.

സാധാരണയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ആവേശകരമായ കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കി.ഇരു ദേവസ്വങ്ങളും 55 സെറ്റ് കുടകൾ വീതം ഉയർത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ പരമാവധി 10 സെറ്റ് കുടകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദ്ദേശമുണ്ട്.

ആഘോഷങ്ങൾ ചുരുക്കിയെങ്കിലും പൂരത്തിന്റെ തനിമയാർന്ന മേളങ്ങൾക്കും ചടങ്ങുകൾക്കും മാറ്റമുണ്ടാവില്ല. മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും നിശ്ചയിച്ചിട്ടുള്ള സമയം തന്നെ നീണ്ടുനിൽക്കും. എട്ട് ഘടക പൂരങ്ങളും നിശ്ചയിച്ചിട്ടുള്ള ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ മേളങ്ങളും തനിമയോടെ തന്നെ നടക്കും.

  •  

     

LEAVE A REPLY

Please enter your comment!
Please enter your name here