ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലവുമായി ബാലുശേരിയിലെ വാട്ടർ എടിഎം

0
34

കോഴിക്കോട്: വേനൽക്കാലത്ത് കനത്ത ചൂടിൽ യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കുടിവെള്ള ക്ഷാമം. ഒരു കുപ്പി കുടിവെള്ളത്തിന് 20 രൂപ നൽകേണ്ട അവസ്ഥയാണ് പലയിടത്തുമുള്ളത്. സാധാരണക്കാർക്ക് വിപണിയിലെ ഈ ഉയർന്ന വില സാമ്പത്തിക ബാധ്യത ഉണ്ടാക്കാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായി വാട്ടർ എടിഎം സ്ഥാപിച്ചിരിക്കുകയാണ് ബാലുശേരി ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രധാന ടൗണുകളിൽ ജനങ്ങൾക്ക് ആശ്വാസമായി വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചത്. പൊതു ഇടങ്ങളിൽ ശുദ്ധജലം വേഗത്തിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി ഈ ആശയം പ്രാവർത്തികമാക്കിയത്. നിലവിൽ കൂട്ടാലിട ടൗണിൽ സ്ഥാപിച്ച എടിഎമ്മിൽനിന്ന് നിത്യേന അനവധി ആളുകളാണ് കുടിവെള്ളം ശേഖരിക്കുന്നത്.

ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും സാധാരണ തൊഴിലാളികൾക്കും വലിയ വിലകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ് വാട്ടർ എടിഎം വന്നതോടെ മാറിയത്. പുറത്ത് ഉയർന്ന വിലയ്ക്ക് ലഭിക്കുന്ന ഒരു ലിറ്റർ കുടിവെള്ളമാണ് ഇവിടെ കേവലം ഒരു രൂപയ്ക്ക് ജനങ്ങൾക്ക് ലഭിക്കുന്നത്. കടുത്ത വേനലിൽ ദാഹജലത്തിനായി അലയുന്ന യാത്രക്കാർക്ക് ഈ പദ്ധതി വലിയൊരനുഗ്രഹമായി മാറി.

മുൻപ് സ്വകാര്യ സ്ഥാപനങ്ങളെയും മറ്റും ആശ്രയിച്ചിരുന്നവർ ഇപ്പോൾ എടിഎമ്മുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധജലം വളരെ ചുരുങ്ങിയ ചെലവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ പുതിയ സംരംഭത്തിലൂടെ ഭരണസമിതിക്ക് കഴിഞ്ഞു.

പ്രവർത്തനം എളുപ്പം
വാട്ടർ എടിഎമ്മിൻ്റെ പ്രവർത്തനം തികച്ചും ലളിതമാണ്. മെഷീനിലെ കോയിൻ ബോക്സിൽ ഒരു രൂപ നാണയം നിക്ഷേപിച്ച ശേഷം ആവശ്യമായ ഓപ്ഷൻ എളുപ്പത്തിൽ തെരഞ്ഞെടുക്കാം. തണുത്ത വെള്ളം, ചൂടുവെള്ളം, സാധാരണ താപനിലയിലുള്ള വെള്ളം തുടങ്ങി മൂന്ന് ഓപ്ഷനുകൾ എടിഎമ്മിൽ ലഭ്യമാണ്. ആവശ്യക്കാരുടെ താത്പര്യത്തിന് അനുസരിച്ച് ഇതിൽനിന്ന് വെള്ളം തെരഞ്ഞെടുത്ത് നോബ് തിരിക്കാം. ഇതിനായി ഒന്ന്, രണ്ട്, അഞ്ച് ലിറ്ററുകളുടെ ബട്ടനുകളാണ് എടിഎമ്മിൽ ക്രമീകരിച്ചിട്ടുള്ളത്. രണ്ട് രൂപ നാണയം ഇട്ടാൽ രണ്ട് ലിറ്റർ കുടിവെള്ളവും അഞ്ച് രൂപ ഇട്ടാൽ അഞ്ച് ലിറ്ററും ലഭിക്കും. കൂട്ടാലിടയ്ക്ക് പുറമെ ഉള്ളിയേരി, നടുവണ്ണൂർ ടൗണുകളിലും ഇത്തരം എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്.

അൾട്രാ ഫിൽട്രേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെഷീനിലൂടെയാണ് വെള്ളം ശുദ്ധീകരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമായതുകൊണ്ട് ഏത് സമയത്തും ശുദ്ധജലം ഉറപ്പാക്കാൻ ഈ എടിഎമ്മുകൾക്ക് കഴിയുന്നുണ്ട്. ഉപഭോക്താക്കൾ പൂർണമായും സ്വന്തമായി കുപ്പികളോ പാത്രങ്ങളോ കൊണ്ടുവന്ന് വെള്ളം ശേഖരിക്കുന്നതിനാൽ പ്ലാസ്റ്റിക് മാലിന്യം പരിസരങ്ങളിൽ കുന്നുകൂടുന്നത് ഗണ്യമായി കുറയ്ക്കാനും ഇത്തരം എടിഎമ്മുകൾക്ക് സാധിക്കും. പ്രകൃതിസൗഹൃദമായ ഈ ആശയം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം വൻതോതിൽ ഇല്ലാതാക്കുന്നുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിനും ഈ സംരംഭം വലിയ കരുത്തേകുന്നു.

പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ വിശദീകരിച്ചു. എടിഎം പ്രവർത്തിക്കുന്ന ബന്ധപ്പെട്ട പഞ്ചായത്തുകളാണ് നിലവിൽ ഇതിൻ്റെ ദൈനംദിന ചെലവുകൾ വഹിക്കുന്നത്. വൈദ്യുതി, വാട്ടർ കണക്ഷൻ എന്നിവയ്ക്കാണ് പ്രധാനമായും തുക കണ്ടെത്തേണ്ടി വരുന്നത്. കോയിൻ ബോക്സിൽനിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പഞ്ചായത്തുകൾക്ക് ഈ ചെലവുകൾ എളുപ്പത്തിൽ കണ്ടെത്താനാകും.

വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ യന്ത്രത്തിൽനിന്ന് സാധാരണ താപനിലയിലുള്ള കുടിവെള്ളം മാത്രമാണ് ലഭിക്കുക. അല്ലാത്ത സമയങ്ങളിൽ യഥേഷ്ടം തണുത്ത വെള്ളവും ചൂടുവെള്ളവും ലഭിക്കും. കേന്ദ്രസർക്കാരിൻ്റെ ഗവൺമെൻ്റ് ഇ-മാർക്കറ്റ് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഒരു എടിഎം സ്ഥാപിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നാല് ലക്ഷത്തിന് മുകളിലാണ് ചെലവ് വരുന്നത്.

പ്രതിദിനം 500 ലിറ്ററിനടുത്ത് കുടിവെള്ളം കൂട്ടാലിടയിലെ എടിഎമ്മിൽനിന്ന് വിതരണം ചെയ്യുന്നതായി പഞ്ചായത്ത് പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി. നഗരങ്ങളിൽ മാത്രം കണ്ടുവരുന്ന മികച്ച വാട്ടർ എടിഎം ഗ്രാമപ്രദേശങ്ങളിലും എത്തിയത് സാധാരണക്കാർക്ക് അതിയായ സന്തോഷം നൽകുന്നുണ്ട്. വേനൽ കടുക്കുന്ന സമയത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത്തരം സംവിധാനങ്ങൾ വ്യാപിപ്പിക്കാൻ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും ഈ ഗ്രാമീണ പദ്ധതി വലിയൊരു മാതൃകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here