തിരുവനന്തപുരം: വ്യാഴാഴ്‌ച (ഏപ്രില്‍ 9) നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. രാവിലെ എട്ടു മണിയോടെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി.
സമ്മതിദായകര്‍ക്കു വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റിങ് യൂണിറ്റ്, രേഖപ്പെടുത്തിയ വോട്ട് കണ്ട് ഉറപ്പുവരുത്താനുള്ള വിവിപ്പാറ്റ്, വോട്ടിങ് നിയന്ത്രിക്കുന്നതിനുള്ള കണ്‍ട്രോളിങ് യൂണിറ്റ് എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നവയില്‍ പ്രധാനം. പോളിങ് സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനുള്ള സ്‌റ്റേഷനറി സാധനങ്ങള്‍, വോട്ട് രേഖപ്പെടുത്തുന്ന ഇടം മറയ്ക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ലോഗോ പതിപ്പിച്ച ബോര്‍ഡ് എന്നിവയാണ് വിതരണം ചെയ്യുന്ന മറ്റു സാധനങ്ങള്‍.
ബുധനാഴ്‌ച രാവിലെ തന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യാഗസ്ഥരും റിസര്‍വിലുള്ള ഉദ്യാഗസ്ഥരും തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലെത്തി. വിളിക്കുന്നതിന് അടിസ്ഥാനത്തില്‍ ഉദ്യാഗസ്ഥര്‍ ചെന്നു വോട്ടിങ് യന്ത്രങ്ങളും മറ്റു സാധനങ്ങളും കൈപ്പറ്റുന്നതാണ് രീതി. വോട്ടിങ് യന്ത്രം കൈപ്പറ്റിയാല്‍ ഉടന്‍തന്നെ വിവിപാറ്റ്, കണ്ട്രോളിങ് യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ് എന്നിവയിലെ സീരിയല്‍ നമ്പര്‍ ഒന്നാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.
യൂണിറ്റിൻ്റെ ബാറ്ററിയുടെ ചാര്‍ജ് പരിശോധിക്കുന്നതാണ് അടുത്ത നടപടി. ചാര്‍ജ് 90 ശതമാനത്തിനു മുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. യൂണിറ്റിലെ തീയതിയും സമയവും പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതാണ് മറ്റൊരു നടപടി.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ലോഗോ അടങ്ങിയ ബാഗിലാണ് സ്‌റ്റേഷനറി സാധനങ്ങളടങ്ങിയവ വിതരണം ചെയ്യുന്നത്. പേന, മാര്‍ക്കര്‍, പെന്‍സില്‍, നൂല്, സീല്‍, സ്‌റ്റാംപ് പാഡ് തുടങ്ങിയ സ്‌റ്റേഷനറി സാധനങ്ങളാണ് ബാഗിലുള്ളത്. ഇവയ്ക്കു പുറമേ മാര്‍ക്കഡ് വോട്ടര്‍ ലിസ്‌റ്റുകള്‍, വിരലില്‍ പുരട്ടാനുള്ള മഷി തുടങ്ങിയവയും ബാഗിലുണ്ട്. ബാഗ് കൈപ്പറ്റിയാലുടന്‍ അതില്‍ എല്ലാ വസ്‌തുക്കളും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.
ബാഗിലുള്ള വസ്‌തുക്കളുടെ ചെക്ക് ലിസ്‌റ്റ് ബാഗിനൊപ്പം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ ലിസ്‌റ്റ് വെച്ച് പരിശോധിച്ച ശേഷം ഏതെങ്കിലും വസ്‌തു ഇല്ലെന്നു കണ്ടാല്‍ ഓഫീസില്‍ അറിയിച്ച് അവ കൈപ്പറ്റണം. പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയായാല്‍ ഉദ്യോഗസ്ഥര്‍ അതത് ബൂത്തിലേക്കു തിരിക്കും.
വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബൂത്തിലേക്കു പോകാന്‍ സജ്ജമായി നില്‍ക്കുകയാണെന്ന് നേമം നിയോജക മണ്ഡലത്തിലെ തിരുമല എബ്രഹാം മെമ്മോറിയല്‍ ഹൈ സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പ്രിസൈഡിങ് ഓഫീസര്‍ ജെസ്സി പറഞ്ഞു.
കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് നേമം നിയോജക മണ്ഡലത്തിലെ പോളിങ് ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്‌തത്. 209 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഉദ്യാഗസ്ഥര്‍ക്ക് നല്‍കുന്ന യന്ത്രങ്ങള്‍ക്കു പുറമേ 41 യന്ത്രങ്ങള്‍ അധികമായി കരുതിയിട്ടുണ്ടെന്നും റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങള്‍ സജ്ജമാക്കുന്നതൊഴികെ ബൂത്തുകളിലെ നടപടികള്‍ ബുധനാഴ്‌ച രാത്രിയില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കും. പ്രിസൈഡിങ് ഓഫീസര്‍, മൂന്നു പോളിങ് ഓഫീസര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഒരു പോളിങ് ബൂത്തില്‍ ഡ്യൂട്ടിയിലുള്ളത്.
പ്രിസൈഡിങ് ഓഫീസര്‍ക്കായിരിക്കും ബൂത്തിൻ്റെ ഉത്തരവാദിത്വം. ഒന്നാം പോളിങ് ഓഫീസര്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണം. തുടര്‍ന്ന് തൻ്റെ പക്കലുള്ള മാര്‍ക്ക്ഡ് കോപ്പിയിലില്‍ ആ വോട്ടറുടെ പേര് വെട്ടണം. രണ്ടാം പോളിങ് ഓഫീസറാണ് വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ ഇടത് വിരലില്‍ മഷി തേയ്ക്കുന്നത്. ബൂത്തിനകത്തെ പരിശോധനകളും നടപടികളും പൂര്‍ത്തിയാവുന്നതോടെ സമ്മതിദായകനു വോട്ട് രേഖപ്പെടുത്താനായി മൂന്നാം പോളിങ് ഓഫീസര്‍ ബാലറ്റ് ഓപ്പണ്‍ ചെയ്യും.








