ന്യൂഡൽഹി: എൻസിഇആർടിക്ക് കൽപിത സർവകലാശാല പദവി ലഭിച്ചു. സ്വന്തമായി കോഴ്സുകൾ തുടങ്ങാനും സിലബസ് നിശ്ചയിക്കാനും ബിരുദം നൽകാനും ഇതിലൂടെ അധികാരമുണ്ടാകും. യുജിസിയുടെ ഉപദേശപ്രകാരം വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പ്രത്യേക വിഭാഗത്തിൽ
എൻസിഇആർടിയെയും അതിൻ്റെ ആറ് ഘടക സ്ഥാപനങ്ങളെയും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ പദവി നൽകിയത്. അജ്‌മീർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലെ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭോപാലിലെ പണ്ഡിറ്റ് സുന്ദർലാൽ ശർമ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനുമാണ് ഘടക യൂണിറ്റുകൾ.
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരമോന്നത സ്ഥാപനമായ എൻസിഇആർടി വിദ്യാഭ്യാസ ഗവേഷണം, നൂതന ആശയങ്ങൾ, പാഠ്യപദ്ധതി വികസനം, പഠന സാമഗ്രികളുടെ നിർമാണം തുടങ്ങിയവയാണ് പ്രധാനമായും നിർവഹിക്കുന്നത്. രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതി തയാറാക്കുന്നതിലും സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും ഈ സ്ഥാപനമാണ് പ്രധാന പങ്ക് വഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും എൻസിഇആർടിക്ക് നിർണായക ചുമതലകളുണ്ട്.
യുജിസി മാർഗനിർദേശം
യാതൊരുവിധ വാണിജ്യ ലാഭലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്ന കർശന വ്യവസ്ഥയോടെയാണ് പദവി നൽകിയിട്ടുള്ളത്. എല്ലാ അക്കാദമിക് കോഴ്സുകളും പ്രോഗ്രാമുകളും യുജിസി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. പുതിയ കോഴ്സുകൾ തുടങ്ങാനും ഓഫ് കാമ്പസുകൾ അല്ലെങ്കിൽ വിദേശ കാമ്പസുകൾ എന്നിവ ആരംഭിക്കണമെങ്കിലും യുജിസി അപ്പപ്പോൾ പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഇതിനുപുറമെ പുതിയ ഗവേഷണ പ്രോഗ്രാമുകളും ഡോക്ടറൽ പ്രോഗ്രാമുകളും നൂതന അക്കാദമിക് കോഴ്സുകളും ആരംഭിക്കാൻ എൻസിഇആർടി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഡി നോവോ പദവി
മൂന്ന് വർഷം മുമ്പ് കേന്ദ്ര സർക്കാർ ഡി നോവോ വിഭാഗത്തിൽ കൽപിത സർവകലാശാല പദവി നൽകാൻ എൻസിഇആർടിക്ക് അനുമതി നൽകിയിരുന്നു. നിലവിൽ മറ്റ് സ്ഥാപനങ്ങളൊന്നും നൽകാത്തതും പുതുതായി ഉയർന്നുവരുന്നതുമായ വിജ്ഞാന മേഖലകളിൽ പഠനവും ഗവേഷണവും നടത്താൻ കഴിയുന്നവയാണ് ഡി നോവോ സ്ഥാപനങ്ങൾ. പുതിയ കൽപിത സർവകലാശാല തുടങ്ങാൻ ഇത്തരം സ്ഥാപനങ്ങൾക്ക് യുജിസിയെ സമീപിക്കാൻ സാധിക്കും.
നിലവിൽ എൻസിഇആർടിയുടെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ നൽകുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ പ്രാദേശിക സർവകലാശാലകളുമായാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഭോപാലിലെ ബർക്കത്തുള്ള സർവകലാശാല, അജ്മീറിലെ എംഡിഎസ് സർവകലാശാല, മൈസൂരു സർവകലാശാല, ഭുവനേശ്വറിലെ ഉത്കൽ സർവകലാശാല, ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ സർവകലാശാല എന്നിവയാണവ. സ്വന്തം നിലയിൽ ബിരുദം നൽകാൻ കഴിയുന്നതോടെ ഈ ആശ്രിതത്വം അവസാനിക്കും.
ഡിജിറ്റൽവത്‌കരണം നിർബന്ധം
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് പുറത്തിറക്കുന്ന വാർഷിക റാങ്കിങ്ങിൽ എൻസിഇആർടി ഇനിമുതൽ പങ്കെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ഈ നിർദേശം. കൂടാതെ വിദ്യാർഥികൾക്കായി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (എബിസി) ഐഡികൾ നിർബന്ധമായും തയാറാക്കണം.
വിദ്യാർഥികളുടെ ക്രെഡിറ്റ് സ്കോറുകൾ എബിസി പോർട്ടലിൽ ലഭ്യമാകുന്ന രീതിയിൽ ഡിജിറ്റൽ ലോക്കറുകളിൽ അപ്‌ലോഡ് ചെയ്യണമെന്നും സർക്കാർ നിഷ്കർഷിക്കുന്നുണ്ട്. കൽപിത സർവകലാശാല പദവി ലഭിച്ചത് എൻസിഇആർടിയുടെ അക്കാദമിക് സ്വയംഭരണത്തിനും വികസനത്തിനും വലിയ കരുത്ത് പകരുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.







