
ആർട്ടിമിസ് 2 ദൗത്യം വിജയകരമായി വിക്ഷേപിച്ച് നാസ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിലാണ് വിക്ഷേപണം നടന്നത്. ബുധനാഴ്ച വൈകുന്നേരം 6:35ന് നാല് ബഹിരാകാശ യാത്രികരെയുമായി റോക്കറ്റ് കുതിച്ചത്. 10 ദിവസം നീളുന്നതാണ് ആർട്ടിമിസ് 2 ദൗത്യം.
- ആർട്ടിമിസ് 2 ദൗത്യം വിജയകരമായി വിക്ഷേപിച്ച് നാസ.
- നാല് യാത്രികർ യാത്രയുടെ ഭാഗമാകുന്നു.
- അരുനൂറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ചാന്ദ്രദൗത്യം.
53 വർഷങ്ങൾക്ക് മുൻപ്, 1972ലെ അപ്പോളോ 17 ദൗത്യത്തിലൂടെ ആണ് നാസ മനുഷ്യരുമായി ആദ്യ ചാന്ദ്രദൗത്യം നടത്തിയത്. പതിറ്റാണ്ടുകൾക്ക് ശേഷം അതേ ലോഞ്ച് പാഡിൽ നിന്നാണ് ‘അമ്പിളി’യെ തേടി നാലംഗ സംഘം 2,48,000 മൈലുകൾ നീണ്ട യാത്ര തിരിച്ചത്. 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് മുന്നോടിയായി “ലെറ്റ്സ് ഗോ ടു ദ മൂൺ” എന്ന് കമാൻഡർ റീഡ് വീസ്മാൻ (50 വയസ്സ്) ആവേശത്തോടെ പറഞ്ഞു. പൈലറ്റായ വിക്‌ടർ ഗ്ലോവർ (49), ജെറമി ഹാൻസൻ (50), ക്രിസ്റ്റീന കോച്ച് (47) എന്നിവരാണ് സഹയാത്രികർ.
യുഎസ് പൗരനാണ് റീഡ് വീസ്മാൻ. യുഎസ് പൗരനായ വിക്‌ടർ ഗ്ലോവർ ചന്ദ്രയാത്രയ്ക്കു പോകുന്ന ആദ്യ കറുത്തവർഗക്കാരനാണ്. കാനഡ പൗരനാണ് ജെറമി ഹാൻസൻ. ചന്ദ്രയാത്രയ്ക്കു പോകുന്ന ആദ്യ അമേരിക്ക ഇതര രാജ്യക്കാരനാണ് ഇദ്ദേഹം. യാത്രാസംഘത്തിലെ ഏക വനിതയായ ക്രിസ്റ്റീന കോച്ച് ഏറ്റവും കൂടുതൽകാലം ബഹിരാകാശത്തു ചെലവിട്ട വനിതയ്ക്കുള്ള റെക്കോഡിന് അർഹയാണ്. ചന്ദ്രയാത്രയ്ക്കു പോകുന്ന ആദ്യ വനിത എന്ന റെക്കോഡും ക്രിസ്റ്റീന കോച്ച് സ്വന്തമാക്കും. ഏതാണ്ട് മൂന്നു വർഷം നീണ്ട പരിശീലനത്തിന് ശേഷമാണ് നാലംഗ സംഘം നാസയുടെ ആർട്ടിമിസ് പ്രോഗ്രാമിലെ ആദ്യ യാത്രികരാകുന്നത്.
ആർട്ടിമിസ് ദൗത്യം
50ലധികം വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക എന്നതാണ് ‘ആർട്ടിമിസ്’ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. 1972ലെ അപ്പോളോ 17ന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഇതിൽ ആദ്യമായി ഒരു വനിതയെയും ചന്ദ്രനിൽ എത്തിക്കാൻ നാസ പദ്ധതിയിടുന്നു. വിവിധ രാജ്യങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും (സ്പേസ് എക്സ്) സഹകരണത്തോടെയുള്ള ഒരു സംരംഭമാണ് ആർട്ടിമിസ് 2 .
ആർട്ടിമിസ് 2 ഒരു ‘ഫ്ലൈബൈ’ (Flyby) ദൗത്യമാണ്. അതായത്, സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും. പേടകത്തിന്റെ സുരക്ഷയും സാങ്കേതിക വിദ്യകളും മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരീക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചന്ദ്രന്റെ മറുപുറം വരെ പോയി ഏകദേശം 10,300 കിലോമീറ്റർ അകലെക്കൂടി പേടകം സഞ്ചരിക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള ഐസ് ഖനനം ചെയ്ത് അതിൽനിന്ന് കുടിവെള്ളവും റോക്കറ്റ് ഇന്ധനത്തിനാവശ്യമായ ഓക്സിജനും ഹൈഡ്രജനും വേർതിരിച്ചെടുക്കാൻ കഴിയുമോ എന്ന് ആർട്ടിമിസ് ദൗത്യം പരിശോധിക്കും. ഭൂമിയിൽനിന്ന് ദൂരെയുള്ള ബഹിരാകാശ സാഹചര്യങ്ങളിൽ ദീർഘകാലം താമസിക്കാൻ സഹായിക്കുന്ന നൂതന വാസസ്ഥലങ്ങളും സ്പേസ് സ്യൂട്ടുകളും പരീക്ഷിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.
കുതിപ്പ് ചന്ദ്രനിലേക്ക്, ലക്ഷ്യം ചൊവ്വ
ചന്ദ്രനെ വെറുമൊരു ലക്ഷ്യസ്ഥാനമായല്ല, മറിച്ച് ചൊവ്വയിലേക്കുള്ള ദീർഘദൂര യാത്രകൾക്കുള്ള ഒരു പരിശീലന കേന്ദ്രമായാണ് നാസ കാണുന്നത്. ചന്ദ്രനിൽ ഒരു സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയും അവിടെ നിന്നുള്ള അനുഭവങ്ങൾ ഉപയോഗിച്ച് ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുകയുമാണ് നാസയുടെ വലിയ ലക്ഷ്യം.
ചന്ദ്രനിലെ സാഹചര്യങ്ങളിൽ മനുഷ്യർക്ക് എങ്ങനെ അതിജീവിക്കാം എന്ന് പഠിക്കുന്നത് ചൊവ്വാ ദൗത്യത്തിന് നിർണായകമാകും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ‘ഗേറ്റ്‌വേ’ എന്ന പേരിൽ ഒരു ചെറിയ ബഹിരാകാശ നിലയം സ്ഥാപിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ഇത് ചൊവ്വയിലേക്കുള്ള പേടകങ്ങൾക്കുള്ള ഒരു ഇടത്താവളമായി പ്രവർത്തിക്കും. ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. റേഡിയേഷൻ, ദീർഘകാലം നീണ്ടുനിൽക്കുന്ന ഏകാന്തത, ഭക്ഷണ ലഭ്യത എന്നിവ പരിഹരിക്കാനുള്ള പരീക്ഷണശാലയായി ചന്ദ്രൻ മാറും.







