പ്രതിരോധം ശക്തമാക്കി ജപ്പാൻ;

0
45

രാജ്യത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ജപ്പാന്‍റെ ആദ്യത്തെ ദീർഘദൂര മിസൈൽ തെക്കുപടിഞ്ഞാറൻ സൈനിക ക്യാമ്പിൽ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് വികസിപ്പിച്ച ടൈപ്പ്-12 ലാൻഡ്-ടു-ഷിപ്പ് മിസൈലുകൾ കുമാമോട്ടോ പ്രിഫെക്‌ചറിലെ ക്യാമ്പ് കെൻഗുണിൽ പ്രവർത്തനക്ഷമമായി. ഇത് രാജ്യത്തിന്‍റെ ആക്രമണശേഷി വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

യുദ്ധാനന്തര കാലഘട്ടത്തിലെ ഏറ്റവും കഠിനവും സങ്കീർണവുമായ സുരക്ഷാ സാഹചര്യത്തെ ജപ്പാൻ അഭിമുഖീകരിക്കുമ്പോൾ, രാജ്യത്തിന്‍റെ പ്രതിരോധവും പ്രതികരണശേഷിയും ശക്തിപ്പെടുത്തുന്നതിന് ഇത് സുപ്രധാന നടപടിയാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമി മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാന്‍റെ ഉറച്ച ദൃഢനിശ്ചയവും സ്വയം പ്രതിരോധിക്കാനുള്ള കഴിവും ഇത് പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീകരിച്ച ടൈപ്പ്-12 മിസൈലിന് ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) ദൂരപരിധിയുണ്ട്. മുൻപുണ്ടായിരുന്ന മിസൈലിന്‍റെ 200 കിലോമീറ്റർ (125 മൈൽ) ദൂരപരിധിയിൽ നിന്നുള്ള വലിയ വർധനവാണിത്. പുതിയ മിസൈലിന് ചൈനയിലെ പ്രധാന ഭൂപ്രദേശങ്ങളിൽ വരെ എത്താൻ സാധിക്കും.

ദീർഘദൂര മിസൈലുകളുടെ വിന്യാസം ജപ്പാന് മികച്ച പ്രതിരോധശേഷി നൽകുന്നു. അതായത് ശത്രുരാജ്യങ്ങളുടെ മിസൈൽ താവളങ്ങളെ ദൂരെനിന്ന് ആക്രമിക്കാൻ ഇതിലൂടെ സാധിക്കും. സമാധാന ഭരണഘടന പ്രകാരം രാജ്യം ദീർഘകാലമായി പിന്തുടരുന്ന ‘സ്വയം പ്രതിരോധം മാത്രം’ എന്ന നയത്തിൽനിന്നുള്ള മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

അതേസമയം, ജനവാസ മേഖലയ്ക്ക് സമീപം സൈന്യത്തെ വിന്യസിക്കുന്നതിനെ എതിർക്കുന്ന പ്രാദേശിക നിവാസികൾ കെംഗുൻ ക്യാമ്പിന് പുറത്ത് പ്രതിഷേധം നടത്തി. സൈനിക വിന്യാസം സാഹചര്യം വഷളാക്കുമെന്നും ശത്രുക്കൾ ഈ പ്രദേശം ലക്ഷ്യമിടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അവർ ആരോപിച്ചു.

തെക്കുപടിഞ്ഞാറൻ ദ്വീപുകളുടെ സംരക്ഷണത്തിന് കൂടുതൽ ആയുധങ്ങൾ

ദ്വീപ് പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്‌ത പുതിയ ആയുധ സംവിധാനമായ ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനം (HGV), ടോക്കിയോയുടെ പടിഞ്ഞാറ് ഷിസുവോക്ക പ്രിഫെക്‌ചറിലെ ക്യാമ്പ് ഫുജിയിൽ വിന്യസിച്ചു. 2028 മാർച്ചോടെ വടക്ക് ഹൊക്കൈഡോ, തെക്ക് മിയാസാക്കി എന്നിവയുൾപ്പെടെ ജപ്പാനിലെ മറ്റ് സ്ഥലങ്ങളിലും നവീകരിച്ച ടൈപ്പ്-12 മിസൈലുകളുടെയും എച്ച്‌ജിവികളുടെയും കൂടുതൽ വിന്യാസം ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ ജാപ്പനീസ് ഡിസ്‌ട്രോയർ കപ്പലായ ജെഎസ് ചോകായിലും തുടർന്ന് മറ്റ് ഏഴ് ഡിസ്‌ട്രോയറുകളിലും 1,600 കിലോമീറ്റർ (990 മൈൽ) ദൂരപരിധിയുള്ള യുഎസ് നിർമ്മിത ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വിന്യസിക്കാനും ജപ്പാൻ പദ്ധതിയിടുന്നു.

ചൈനയെ നേരിടാൻ പ്രതിരോധ ചെലവ് വർധിപ്പിച്ച് തകായിച്ചി സർക്കാർ

ചൈനയെയാണ് ജപ്പാൻ തങ്ങളുടെ പ്രധാന സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നത്. സമീപ വർഷങ്ങളിൽ കിഴക്കൻ ചൈനാ കടലിനടുത്തുള്ള രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ദ്വീപുകൾ സൈനികമായി ജപ്പാൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലിൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്ക് 9 ട്രില്യൺ യെൻ (58 ബില്യൺ ഡോളർ) കവിയുന്ന റെക്കോർഡ് പ്രതിരോധ ബജറ്റിന് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ മന്ത്രിസഭ ഡിസംബറിൽ അംഗീകാരം നൽകി. ക്രൂയിസ് മിസൈലുകളും ആയുധശേഖരങ്ങളും ഉപയോഗിച്ച് ആക്രമണശേഷിയും തീരദേശ പ്രതിരോധവും വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ജൂണിൽ പസഫിക്കിലെ വിദൂര ജാപ്പനീസ് ദ്വീപുകൾക്ക് സമീപം ഒരേസമയം രണ്ട് ചൈനീസ് വിമാനവാഹിനിക്കപ്പലുകൾ കണ്ടത് ജപ്പാന്‍റെ ആശങ്ക വർധിപ്പിച്ചിരുന്നു. ചൈനയുടെ പസഫിക് പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി പുതിയ സമുച്ചയം സ്ഥാപിക്കുമെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചു. തായ്‌വാനെതിരെയുള്ള ഏത് ചൈനീസ് സൈനിക നടപടിയും ജപ്പാന്‍റെ സൈനിക പ്രതികരണത്തിന് കാരണമായേക്കാമെന്ന തകായിച്ചിയുടെ പ്രസ്‌താവന സംഘർഷം കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here