ടെഹ്റാൻ: ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മഹാൻ എയർ വിമാനത്തിന് കേടുപാട്. ഇന്ത്യയിൽനിന്നും അവശ്യമരുന്നുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ സഹായങ്ങൾ എത്തിക്കാനിരുന്ന വിമാനമാണിത്. ഇതോടെ ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ യാത്ര തടസപ്പെട്ടതായി ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് വിമാനം ന്യൂഡൽഹിയിൽ എത്തുമെന്നാണ് മുമ്പ് പ്രതീക്ഷിച്ചിരുന്നത്. ഇറാനിലെ ജനങ്ങൾക്കുള്ള അവശ്യമരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ശേഖരിക്കുന്നതിനായി ഈ ആഴ്‌ച വിമാനം ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മഷ്ഹദ് വിമാനത്താവളത്തിൽവച്ച് അമേരിക്കയുടെ ആക്രമണത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചത്.
സംഭവത്തോട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ വ്യോമാക്രമണത്തെ വിലയിരുത്തുന്നത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും നടപടികൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് വിവിധ രാജ്യങ്ങൾ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുദ്ധക്കുറ്റമെന്ന് ഇറാൻ
മറ്റ് രാജ്യങ്ങളിൽനിന്ന് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറാനിലേക്ക് കൊണ്ടുവരികയായിരുന്ന യാത്രാവിമാനത്തിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. ജീവകാരുണ്യ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യാത്രാവിമാനങ്ങൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മാനുഷിക നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും ഇന്ത്യയിലെ ഇറാൻ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആസൂത്രിതമായ നീക്കമാണ് മഷ്ഹദ് വിമാനത്താവളത്തിൽ നടന്നതെന്നും എംബസി കുറ്റപ്പെടുത്തി.
വിഷയത്തിൽ അന്താരാഷ്ട്ര ഏജൻസികൾ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. സിവിലിയൻ വ്യോമയാന മേഖലയ്ക്ക് നേരെയുള്ള ഇത്തരം ഭീഷണികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണം.
1944ലെ ഷിക്കാഗോ കൺവെൻഷനും 1971ലെ മോൺട്രിയൽ കൺവെൻഷനും അനുസരിച്ച് യാത്രാവിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നടപടിയും അന്താരാഷ്ട്ര തലത്തിൽ ക്രിമിനൽ കുറ്റമാണ്. ജനീവ കൺവെൻഷനുകളുടെ അഡീഷണൽ പ്രോട്ടോക്കോൾ ഒന്നിലെ 52-ാം അനുച്ഛേദപ്രകാരം ജീവകാരുണ്യ സഹായം വഹിക്കുന്ന വിമാനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആഗോളതലത്തിൽ വ്യോമഗതാഗതത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്നും ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയുടെ സഹായം
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 18ന് ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി വഴി ഇന്ത്യ ആദ്യത്തെ മെഡിക്കൽ സഹായം ഇറാനിലേക്ക് അയച്ചിരുന്നു. ഈ സഹായത്തിന് ന്യൂഡൽഹിയിലെ ഇറാൻ എംബസി ഇന്ത്യൻ ജനതയ്ക്ക് പ്രത്യേകമായി നന്ദി അറിയിച്ചു. വർഷങ്ങളായി അമേരിക്കൻ ഉപരോധം നേരിടുന്ന ഇറാനിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനികളിലൊന്നാണ് മഹാൻ എയർ.
പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക് മഹാൻ എയർ നിലവിൽ സർവീസ് നടത്തുന്നുണ്ട്. മേഖലയിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം പുതിയ ആക്രമണത്തോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന സാധാരണക്കാർക്ക് മരുന്നുകൾ ലഭ്യമാക്കാനുള്ള സന്നദ്ധ സംഘടനകളുടെ ശ്രമങ്ങൾക്കും ഇത് വലിയ തിരിച്ചടിയാണ് നൽകുന്നത്.






