തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരചിത്രം ഇന്ന് തെളിയും. മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചവർക്ക് ഇന്ന് കൂടി പത്രികകൾ പിൻവലിക്കാം. ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. മത്സരരംഗത്തുനിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്തിനുള്ളിൽ വരണാധികാരികൾക്ക് മുൻപാകെ അപേക്ഷ നൽകാം. പത്രിക പിൻവലിക്കാനുള്ള നിശ്ചിത സമയം കഴിഞ്ഞാലുടൻ വരണാധികാരികൾ സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറാക്കും.
സംസ്ഥാനത്ത് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർഥികളുടെ പത്രികകളാണ് സ്വീകരിച്ചിട്ടുള്ളത്. പത്രിക പിൻവലിക്കൽ പൂർത്തിയാകുന്നതോടെ മത്സരരംഗത്ത് ആരെല്ലാമുണ്ടാകുമെന്ന് കൃത്യമായ ചിത്രം തെളിയും. അന്തിമ പട്ടിക തയ്യാറാക്കിയാലുടൻ തന്നെ ഓരോ സ്ഥാനാർഥിക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് അവരുടെ പാർട്ടി ചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പട്ടികയിൽ നിന്നുള്ള ചിഹ്നങ്ങളുമാണ് അനുവദിക്കുക.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 1254 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 269 പത്രികകൾ തള്ളി. നിലവിൽ ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് കോഴിക്കോട്ടെ കൊടുവള്ളി മണ്ഡലത്തിൽ നിന്നാണ്. 17 പേരുടെ പത്രികകളാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 16 പേരും മത്സരരംഗത്തുണ്ട്.
നിരവധി മണ്ഡലങ്ങളിൽ അപരന്മാരുടെ സാന്നിധ്യം പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികളെ വലയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി മുഹമ്മദ് റിയാസ്, മുൻ മന്ത്രി കെകെ ശൈലജ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ബിജെപി നേതാവ് കെ സുരേന്ദ്രൻ തുടങ്ങിയവർക്ക് അപരന്മാരുണ്ട്. അപരന്മാരെ മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണ്.
അതേസമയം മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, ഇക്കുറി സംസ്ഥാനത്താകെ മത്സരരംഗത്തുള്ളവരുടെ എണ്ണത്തിലും വർധനയുണ്ട്. 2021ൽ 957 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. അന്തിമ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറും. വിവിധ പാർട്ടികൾക്കായി താരപ്രചാരകരും സംസ്ഥാനത്തേക്ക് ഒഴുകും.
എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ കഴിഞ്ഞ ദിവസം കോഴിക്കോട് യുഡിഎഫ് റാലിയിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് എൻഡിഎയുടെ റാലിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽഡിഎഫ് കൺവെൻഷനുകൾ പുരോഗമിക്കുകയാണ്.






