ഹൈദരാബാദ്: ആർത്തവത്തെ ഒരു പാപമായും, മറച്ചുവെക്കേണ്ട രഹസ്യമായും കരുതപ്പെടുന്ന സമൂഹത്തിൻ്റെ ധാരണകളെയും ആഖ്യാനത്തെയും പതുക്കെ മാറ്റിയെഴുതുകയാണ് സുഹാർത്ത ഫൗണ്ടേഷൻ. കാലങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പൊളിച്ചെഴുതാനും ആർത്തവ ആരോഗ്യത്തിന് പ്രാധാന്യം നൽകാനുമാണ് ഹിതേഷി ദത്ത ജനകീയ പ്രസ്ഥാനമായ സുഹാർത്ത ഫൗണ്ടേഷൻ സ്ഥാപിച്ചത്.
“അച്ചാറുകൾ തൊടരുത്, അടുക്കളയിൽ കയറരുത്, പുറത്തു ഇറങ്ങരുത്,” എന്നിങ്ങനെ ആർത്തവ സമയത്ത് പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിരവധിയാണെന്ന് ഹിതേഷി ദത്ത പറയുന്നു. കാലക്രമേണ, ഈ സാമൂഹിക നിയമങ്ങൾ ആർത്തവത്തെ ഒരു പാപമായും, മറച്ചുവെക്കേണ്ട രഹസ്യമായും തോന്നിപ്പിച്ചു. അതിനാൽ തന്നെ പെൺകുട്ടികൾ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുമ്പോൾ പോലും, അവർ സംസാരിക്കാൻ മടിക്കുന്നു.
ഇത്തരം വിശ്വാസങ്ങൾ മാനസികവും ശാരീരികവുമായ ക്ഷേമത്തെ മാത്രമല്ല, വിദ്യാഭ്യാസത്തെ വരെ തടസപ്പെടുത്തുന്നു. കൂടാതെ ഇത്തരം വിശ്വാസങ്ങള്‍ ചിലപ്പോൾ നേരത്തെയുള്ള വിവാഹങ്ങളിലേക്കും ഗുരുതരമായ ആരോഗ്യ സങ്കീർണതകളിലേക്കും നയിക്കുകയും ചെയ്യുന്നുവെന്നും ഹിതേഷി ദത്ത പറയുന്നു.
അംബാലയിൽ നിന്നുള്ള ഹിതേഷി, എംബിഎ പൂർത്തിയാക്കിയ ശേഷമാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. ഭർത്താവ് ഉദയ് കിരണിനൊപ്പം വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്തു. പ്രൊഫഷണൽ വിജയവും നേടിയെടുത്തു. അപ്പോഴാണ് സമൂഹത്തിൽ സ്‌ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒരു ചെറിയ ശ്രമമായി മൂത്ത മകൻ്റെ പേര് വച്ച് സുഹാർത്ത ഫൗണ്ടേഷൻ ആരംഭിച്ചത്.
2022ലാണ് ആർത്തവ അവബോധത്തിലേക്കുള്ള യാത്ര ആരംഭിച്ചതെന്ന് ഹിതേഷി ദത്ത പറയുന്നു. “സാങ്കേതിക പുരോഗതി ഉണ്ടായിരുന്നിട്ടും, പല പെൺകുട്ടികൾക്കും അടിസ്ഥാന സാനിറ്ററി ഉൽപ്പന്നങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്ന് ഞാൻ മനസിലാക്കി. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്ക് എന്നെ വല്ലാതെ അസ്വസ്ഥയാക്കി,” എന്നും അവർ പറയുന്നു.
ബോധവൽക്കരണ പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ് മാസങ്ങളോളം ഈ വിഷയം പഠിക്കാൻ ചെലവഴിച്ചു. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. തുടർന്ന് ഗീത ഭാസ്‌കർ എന്ന ഇൻവസ്റ്ററിനെ കണ്ടെത്തി. ധനസഹായം ഒരു പ്രധാന തടസമായിരുന്നു. എന്നാൽ ഗീത ഭാസ്‌കർ ധനസഹായം നൽകി. ക്രമേണ, ഡോക്‌ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഈ സംരംഭത്തിൽ പങ്കുചേർന്നു.
ഇന്ന്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി സ്‌കൂളുകളിൽ ബോധവൽക്കരണം നടത്തി വരുന്നു. ആർത്തവം സ്വാഭാവികമാണെന്നും ലജ്ജാകരമല്ലെന്നും കുട്ടികളെ പറഞ്ഞ് മനസിലാക്കിക്കുന്നു. കൂടാതെ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നുമുണ്ടെന്നും ഹിതേഷി പറയുന്നു.






