കോഴിക്കോട്: കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ കൈപ്പത്തി ചിഹ്നം വൻ ഭൂരിപക്ഷത്തിൽ വിജയം വരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺകുമാർ. മണ്ഡലവുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും തൻ്റെ പൊതുപ്രവർത്തനത്തിൻ്റെയും രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും ആദ്യാക്ഷരം കുറിച്ച മണ്ണാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാല്യവും കൗമാരവും ചിലവഴിച്ച കൊയിലാണ്ടിയിലെ ജനങ്ങളുമായി ഏറെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മണ്ഡലത്തിൽ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ സമയം മുതൽ ഓരോ നിമിഷവും വിജയപ്രതീക്ഷ വർധിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ആവേശവും സ്വീകരണവുമാണ് കൊയിലാണ്ടിയിലെ വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്. ഈ അനുകൂല സാഹചര്യം വോട്ടായി മാറുമെന്നും യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒരു എതിർ സ്ഥാനാർഥിയെയും താൻ നിസാരമായി കാണുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയിലുള്ളത് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് വ്യക്തമായ ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും പ്രവീൺകുമാർ വിശദീകരിച്ചു.
ആശയങ്ങളുടെ പോരാട്ടം
നാട്ടുകാർ വെറുത്ത ഒരു രാഷ്ട്രീയ ആശയത്തിൻ്റെ പ്രതിനിധിയായാണ് എൽഡിഎഫ് സ്ഥാനാർഥി മത്സരിക്കുന്നതെന്ന് പ്രവീൺകുമാർ ആരോപിച്ചു. ജനങ്ങൾ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു മുന്നണിയുടെ സ്ഥാനാർഥിയേയും ആ രാഷ്ട്രീയ പ്രസ്ഥാനത്തേയും കൊയിലാണ്ടിയിലെ വോട്ടർമാർ ഇത്തവണ സ്വീകരിക്കില്ല. ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ ശക്തമാണ്. എങ്കിലും പോരാട്ടത്തിൻ്റെ ശക്തിയേയോ എതിർ സ്ഥാനാർഥിയെയോ ഒട്ടും കുറച്ചു കാണുന്നില്ല. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കാര്യങ്ങൾ അടിമുടി മാറിയിരിക്കുകയാണ്. ജനങ്ങൾ പൂർണമായും കയ്യൊഴിഞ്ഞ ഒരു മുന്നണിക്ക് ഇവിടെയും വിജയിക്കാൻ സാധിക്കില്ല. കേരള ജനത ഒന്നടങ്കം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന യുഡിഎഫിൻ്റെ സ്ഥാനാർഥിയായാണ് താൻ ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പി ശങ്കരൻ്റെ പിൻഗാമി
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി ശങ്കരനാണ് കൊയിലാണ്ടിയിൽനിന്നും കോഴിക്കോട് ജില്ലയിൽനിന്നും അവസാനമായി കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച് നിയമസഭയിൽ എത്തിയത്. തൻ്റെ രാഷ്ട്രീയ ഗുരുവായിരുന്ന അദ്ദേഹത്തിൻ്റെ തികഞ്ഞ ശിഷ്യനും പിൻഗാമിയും എന്ന നിലയിൽ കൊയിലാണ്ടിയിൽ ഇത്തവണ വീണ്ടും കൈപ്പത്തി ചിഹ്നം വിജയക്കൊടി പാറിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൊയിലാണ്ടിക്കാർ പ്രിയപ്പെട്ട പി ശങ്കരൻ്റെ പിൻഗാമിയായി തന്നെ നിയമസഭയിലേക്ക് അയക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും കെ പ്രവീൺകുമാർ പറഞ്ഞു.
എൽഡിഎഫിൻ്റെ മറുപടി
അതേസമയം, കൊയിലാണ്ടിയിൽ ഇനി കൈപ്പത്തി ചിഹ്നം വിജയിക്കില്ല എന്നാണ് എൽഡിഎഫ് സ്ഥാനാർഥി കെ ദാസൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. മണ്ഡലം തിരിച്ചുപിടിക്കും എന്ന യുഡിഎഫ് വാദം വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു. താനാണ് യഥാർഥ കൊയിലാണ്ടിക്കാരൻ എന്നും യുഡിഎഫ് സ്ഥാനാർഥി പ്രവീൺകുമാർ പേരാമ്പ്രക്കാരനാണെന്നും കെ ദാസൻ ചൂണ്ടിക്കാട്ടി. പ്രാദേശിക വാദമുയർത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി യുഡിഎഫ് ആരോപണങ്ങളെ നേരിടുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണ്ഡലത്തിൻ്റെ വികസനത്തിനായി ഒരുപാട് ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്നും അതിനായി ജനങ്ങൾ തന്നോടൊപ്പം നിൽക്കുമെന്നും ദാസൻ പ്രതികരിച്ചിരുന്നു. പരസ്പരമുള്ള ഈ വാക്‌പോരുകൾ കൊയിലാണ്ടിയിലെ തെരഞ്ഞെടുപ്പ് ചൂട് കൂടുതൽ വർധിപ്പിക്കുകയാണ്.







