കടുത്ത വേനലിൽ വിയർത്തൊലിച്ച് കേരളം; നാലിടങ്ങളിൽ ഓറഞ്ച് അലർട്ട്, ആശങ്കയിൽ കർഷകർ

0
5

വയനാട്: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുകയാണ്. മിക്ക ജില്ലകളിലും ഇതിനോടകം ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ചുരക്കി പറഞ്ഞാൽ മാർച്ച് മാസം പകുതിയായപ്പോഴേക്കും ചൂടില്‍ ഉരുകുകയാണ് കേരളം. വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തുടനിളം നിരവധി പ്രദേശങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് ഇന്ന് (മാർച്ച് 14) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാനും മറ്റും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

വിയർത്തൊലിച്ച് വയനാട്

വേനൽമഴ വൈകിയതോടെ കടുത്ത ചൂടിൽ വിറങ്ങലിക്കുകയാണ് വയനാട്. മാർച്ച് ഒന്ന് മുതൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജില്ലകളുടെ പട്ടികയിൽ വയനാട് മുന്നിലാണ്. മഴക്കുറവ് മൂലം കൃഷിയും ജലസ്രോതസുകളും മറ്റും പ്രതിസന്ധിയിലായി. മാർച്ച് പകുതിയായിട്ടും ജില്ലയിൽ കാര്യമായ മഴ ലഭിച്ചിട്ടില്ല. താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ പകൽ സമയങ്ങളിൽ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ മഴ കുറവ് ലഭിച്ച സംസ്ഥാനങ്ങളിൽ മുന്നിൽ വയനാടാണ്. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും വയനാടിലും കണ്ണൂർ ജില്ലയിലും സമാനമായ വരൾച്ചാ സാഹചര്യം തുടരുകയാണ്. ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. കൽപ്പറ്റ, മേപ്പാടി, വടുവഞ്ചാൽ, അമ്പലവയൽ മേഖലകളിൽ ചെറിയ തോതിൽ മഴ പെയ്തെങ്കിലും പനമരം, മാനന്തവാടി, വെള്ളമുണ്ട ഭാഗങ്ങളിൽ മഴ വളരെ കുറവായിരുന്നു. വേനൽമഴ വൈകിയതോടെ കൃഷി മേഖലയിലും പ്രതിസന്ധി രൂക്ഷമാവുകയാണ്.

 

കൂടാതെ ജലസ്രോതസുകൾ വറ്റിത്തുടങ്ങുകയും തോടുകളിലും പുഴകളിലും നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും ചെറിയ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകൽ സമയങ്ങളിൽ ചുട്ടുപൊള്ളുന്ന ചൂടാണ്. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെയാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. മാർച്ച് 17 വരെ സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പ്. അതേസമയം മഴ ഉടൻ ലഭിക്കണമെന്ന പ്രതീക്ഷയിലാണ് കർഷകരും നാട്ടുകാരും.

വേനൽ ചൂടിൽ ജില്ലകൾ

വേനൽച്ചൂട് ഇത്തവണ നേരത്തെ എത്തിയതോടെ വെന്തുരുകുകയാണ് കേരളം. സംസ്ഥാനത്തെ മിക്ക ജില്ലകളിൽ അമിതമായ ചൂട് അനുഭവപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ (മാർച്ച് 13) ചൂട് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കൂടാതെ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലാക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുപ്പിച്ചത്. കൂടാതെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തു. വരും ദിവസങ്ങളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here