വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധത്തിനിടയില്‍ ഇന്ത്യയ്‌ക്ക് ആശ്വാസം. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്. ഇറാൻ ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണ വിതരണക്കാര്‍ക്ക് ഇത് ആശ്വാസമേകും. നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ലെന്നും വ്യക്തമാക്കല്‍. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
‘പ്രസിഡൻ്റ് ട്രംപിൻ്റെ ഊർജ അജണ്ടയിലൂടെ എണ്ണ, വാതക ഉത്‌പാദനം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരുന്നതിനായി ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിച്ച് കൊണ്ട് ട്രഷറി വകുപ്പ് താത്‌കാലികമായി 30 ദിവസത്തെ ഇളവ് നൽകുന്നു. കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അംഗീകാരം നൽകുന്നത്. നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല. ഇന്ത്യ അമേരിക്കയുടെ അവശ്യ പങ്കാളിയാണ്. കൂടാതെ യുഎസ് എണ്ണ വാങ്ങൽ ഇന്ത്യ വർധിപ്പിക്കുമെന്ന് ഞങ്ങൾ പൂർണമായും പ്രതീക്ഷിക്കുന്നു. ആഗോള ഊർജത്തെ ബന്ദികളാക്കാനുള്ള ഇറാൻ ശ്രമം മൂലമുണ്ടാകുന്ന സമ്മർദ്ദം ലഘൂകരിക്കാൻ ഈ താത്‌കാലിക നടപടി സഹായിക്കും‘- യുഎസ് ട്രഷറി സെക്രട്ടറി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ഇറാനില്‍ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണം ആരംഭിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയിയുടെയും മറ്റ് മുതിർന്ന വ്യക്തികളുടെയും മരണത്തിന് ഇത് കാരണമായി. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയില്‍ ഇന്ത്യ അടക്കം മറ്റ് പല രാജ്യങ്ങളും എണ്ണ പ്രതിസന്ധി നേരിട്ടു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഇളവ് പ്രഖ്യാപനം ഉണ്ടാകുന്നത്.
കാര്യമായ പ്രതിസന്ധിയില്ലെന്ന് അധികൃതര്‍
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 40 ശതമാനവും ഈ മേഖലയിൽ നിന്നാണ് വരുന്നത്. ഇതിൽ ഒരു പ്രധാന ഭാഗം ഹോർമുസ് കടലിടുക്ക് വഴിയാണ് കൊണ്ടുപോകുന്നത്. ഇന്ത്യ ഒരു ദിവസം രണ്ടുതവണ ഊർജ്ജ സ്ഥിതി അവലോകനം ചെയ്യുന്നുണ്ടെന്നും ഊർജ സുരക്ഷയുടെ കാര്യത്തിൽ വളരെ സുഖകരമായ നിലയിലാണെന്നും സ്രോതസുകൾ പറയുന്നു.
അതേസമയം ഇന്ത്യയില്‍ കാര്യമായ എണ്ണ പ്രതിസന്ധി ഇല്ലെന്ന് സ്രോതസുകള്‍ അഭിപ്രായപ്പെട്ടു. നിലവിലെ സ്റ്റോക്ക് സ്ഥിതി സുഖകരമാണെന്നും എല്ലാ ദിവസവും സ്റ്റോക്ക് നിറയ്ക്കുന്നുണ്ടെന്നും സ്രോതസുകള്‍ കൂട്ടിച്ചേര്‍ത്തു. ലോകത്ത് എൽപിജി അല്ലെങ്കിൽ എൽഎൻജി, അസംസ്‌കൃത എണ്ണ എന്നിവയുടെ കുറവില്ലെന്നും സ്രോതസുകൾ അഭിപ്രായപ്പെട്ടു. മറ്റ് വിതരണക്കാരുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്രോതസുകൾ അഭിപ്രായപ്പെട്ടു.
മുൻ കരാറുകൾ പ്രകാരം ഇന്ത്യ റഷ്യൻ ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരുന്നു. രാജ്യത്തേക്ക് തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ ആഗോള ഊർജ വിപണിയെ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് സ്രോതസുകൾ പറയുന്നു.






