പ്രശസ്ത തമിഴ് കവിയും സിനിമാ ഗാനരചയിതാവുമായ വൈരമുത്തുവിന് നേരെ ചെരുപ്പെറിഞ്ഞ് യുവതി. ജയ എന്ന യുവതിയാണ് ഗാനരചയിതാവിന് നേരെ ചെരുപ്പ് എറിഞ്ഞത്. തിരുപ്പൂരിൽ നടന്ന കൊങ്കു കലാ സാഹിത്യ ഫോറത്തിന്റെ (കൊങ്കു ഇലക്കിയ പൺപാട് പേരവൈ) പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ജില്ലാ കളക്ടർ ഓഫീസിന് സമീപം നടന്ന സ്വീകരണ ചടങ്ങിലേക്ക് എത്തിയപ്പോഴാണ് വൈരമുത്തുവിന് നേരെ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും യുവതി ചെരുപ്പ് എറിഞ്ഞത്. ചെരുപ്പ് വൈരമുത്തുവിന്റെ ശരീരത്തിൽ കൊണ്ടില്ല. അത് ആൾക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവത്തെത്തുടർന്ന് ചടങ്ങിൽ അൽപ്പനേരം പരിഭ്രാന്തി പടർന്നെങ്കിലും പിന്നീട് പരിപാടി തുടർന്നു.
നേരത്തെ നൽകിയ ചില പരാതികളിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കളക്ടറേറ്റിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ജയ. ഈ സമയത്താണ് അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്ക് യുവതി ചെരുപ്പെറിഞ്ഞത്.പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജയയ്ക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് റിപ്പോർട്ടുകൾ.






