നക്‌സൽ ആക്രമണം പരാജയപ്പെടുത്തി സുരക്ഷാ സേന; പ്രദേശത്ത് കനത്ത സുരക്ഷ,

0
29

നക്‌സൽ ആക്രമണം പരാജയപ്പെടുത്തി സുരക്ഷാ സേന. സ്‌ഫോടന വസ്‌തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി. ഓപ്പറേഷന്‍ ഐഇഡി സ്‌ഫോടനത്തില്‍ 20കാരന്‍ മരിച്ചതിന് പിന്നാലെ.

ഛത്തീസ്‌ഗഡ്: ആസൂത്രിത നക്‌സൽ ആക്രമണം പരാജയപ്പെടുത്തി സുരക്ഷാ സേന. ഛത്തീസ്‌ഗഡിലെ നാരായൺപൂരിലെ വനപ്രദേശങ്ങളിൽ നിന്നും മാരക സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്നവ കണ്ടെത്തിയതിനെ തുടർന്നാണ് ആക്രമണം പരാജയപ്പെട്ടത്. നക്‌സലുകൾ സ്ഥാപിച്ച ഐഇഡിയിൽ ചവിട്ടി പ്രദേശവാസിയായ യുവാവ് മരിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചത്.

മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നക്‌സൽ പ്രവർത്തകരുടെ നീക്കങ്ങളെയും സ്‌ഫോടന ഭീഷണികളെയും കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടന്നത്. നാരായൺപൂർ പൊലീസും ഐടിബിപിയും (ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്) സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ഓർച്ച, റെയ്‌നാർ, ധനോറ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയത്.

ഭട്ബേഡ, അസ്‌നാർ വനപ്രദേശങ്ങളിൽ നിന്ന് സംശയാസ്‌പദമായ വസ്‌തുക്കൾ കണ്ടെടുത്തതായി സുരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. ബാറ്ററികൾ, മോട്ടറോള മാൻപാക്ക് സെറ്റ്, മൾട്ടിമീറ്റർ, സർക്യൂട്ട് ബോർഡുകൾ, ഇലക്ട്രിക് വയറുകൾ എന്നിവയുൾപ്പെടെ 16 ഇലക്ട്രോണിക് വസ്‌തുക്കളും കണ്ടെടുത്തു. സജീവമായ ഐഇഡികൾ കണ്ടെത്തിയില്ലെങ്കിലും ഐഇഡികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്‌തുക്കളാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഞായറാഴ്‌ച(ജനുവരി 18) നടന്ന മറ്റൊരു തെരച്ചിലിൽ 82 ബിജിഎൽ സെല്ലുകൾ കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. വെടിവയുതിർക്കുന്നതിനും ആക്രമണങ്ങൾക്കുമായാണ് നക്‌സൽ സംഘം ഇവ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

നക്‌സൽ സാന്നിധ്യം കണ്ടെത്തിയത് മുതൽ പ്രദേശത്തുടനീളം സേന സുരക്ഷ കർശനമാക്കിയിട്ടുണ്ട്. തുടർച്ചയായ നിരീക്ഷണം നടക്കുന്നുണ്ടെന്നും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും സുരക്ഷാ സേന ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സ്‌ഫോടനത്തിൽ 20 വയസുകാരന് ദാരുണാന്ത്യം

ബിജാപൂർ ജില്ലയിലെ ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കസ്‌തൂരിപാദ് ഗ്രാമത്തിൽ നടന്ന സ്‌ഫോടനത്തിൽ 20കാരൻ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തെ തുടർന്നാണ് മരണം. കുഹരാമിയുടെ മകൻ അയ്‌ത കുഹരാമിയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജോലിക്കായി വനമേഖലയിലേക്ക് പോയപ്പോഴാണ് അപകടം. നക്‌സലുകൾ സ്ഥാപിച്ച ഐഇഡിയിൽ അബദ്ധത്തിൽ ചവിട്ടിയാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ അയ്‌ത കുഹരാമിയുടെ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റുവെന്ന് ബിജാപൂർ എസ്‌പി ജിതേന്ദ്ര യാദവ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ അയ്‌ത കുഹരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അമിത രക്തസ്രാവം കാരണം വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിന് ശേഷം സുരക്ഷാ സേന സ്ഥലത്ത് കനത്ത സുരക്ഷയും തെരച്ചിലുമാണ് ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here