പേരയ്ക്ക പോഷകങ്ങളുടെ ഒരു കലവറയാണ്. വൈറ്റമിൻ സി, എ, ബി, കെ എന്നിവയാൽ സമ്പന്നമായ ഈ പഴം ദഹനത്തിനും പ്രതിരോധശേഷിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും മികച്ചതാണ്. പേരയ്ക്ക തൊലിയോടുകൂടിയോ അല്ലാതെയോ കഴിക്കാവുന്നതാണ്. എന്നാൽ, ഏതാണ് കൂടുതൽ നല്ലതെന്നത് ശരീരത്തിന് എന്താണ് ആവശ്യം എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
പേരയ്ക്ക പൊതുവെ വളരെ ആരോഗ്യകരമായ ഒരു പഴമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ദീപ്‌സിഖ ജെയിൻ പറയുന്നു. തൊലിയോടെ കഴിക്കുകയാണെങ്കിൽ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ അധിക സൂക്ഷ്മ പോഷകങ്ങൾ ലഭിക്കും. കൂടാതെ തൊലിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
എങ്കിലും, ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പേരയ്ക്ക തൊലി നീക്കം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി. “കൊളസ്ട്രോളും പ്രമേഹവും ഉണ്ടെങ്കിൽ, പേരയ്ക്ക തൊലി കളഞ്ഞശേഷം മാത്രം കഴിക്കുക. പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് പ്രമേഹത്തെയും കൊളസ്ട്രോളിനെയും വഷളാക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതുകൊണ്ടാണ്, ഉയർന്ന രക്തസമ്മർദം, പഞ്ചസാര അല്ലെങ്കിൽ ലിപിഡ് പ്രൊഫൈൽ എന്നിവയുണ്ടെങ്കിൽ, തൊലിയില്ലാത്ത പേരയ്ക്ക കഴിക്കുന്നത് കൂടുതൽ നല്ലത്,” അവർ പറഞ്ഞു.
ഈ പഴം വളരെ പോഷകസമൃദ്ധമാണ്, പക്ഷെ നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകതയെ ആശ്രയിച്ച്, ഇത് തൊലിയോടെയാണോ അല്ലാതെയോ കഴിക്കേണ്ടതെന്ന് തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ദീപ്‌സിഖ ജെയിൻ വ്യക്തമാക്കി.
തൊലിയില്ലാതെ കഴിക്കുമ്പോഴുള്ള മറ്റ് ഗുണങ്ങൾ
പ്രമേഹ നിയന്ത്രണം: പെക്റ്റിൻ ഫൈബറിൽ സമ്പന്നമായ പേരയ്ക്ക തൊലിയില്ലാതെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർധനവ് കുറയ്ക്കാനും പ്രമേഹം നന്നായി കൈകാര്യം ചെയ്യാനും സഹായിക്കും.
ഹൃദയാരോഗ്യം: കൊളസ്ട്രോൾ കുറയ്ക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയിഡുകളും പേരയ്ക്കയിൽ ഉണ്ട്. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ: വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ കൂടുതലാണ്.
Like this:
Like Loading...