റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു. പണപ്പെരുപ്പം താഴ്‌ന്ന നിലയിൽ എത്തിയതാണ് കാരണമെന്ന് സഞ്ജയ് മൽഹോത്ര. രൂപയുടെ മൂല്യത്തിലും വ്യത്യാസം.
മുംബൈ: പുതിയ വായ്‌പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റായി കുറച്ചു. നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനമാക്കിയതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
ഫെബ്രുവരി മുതൽ പല തവണ നൂറ് ബേസിസ് കുറച്ചതിന് ശേഷമാണ് ഈ നീക്കമെന്നും അദ്ദേഹം പറയുന്നു. പണപ്പെരുപ്പം താഴ്‌ന്ന നിലയിൽ എത്തിയതാണ് ആർബിഐ പലിശ നിരക്ക് കുറയ്‌ക്കാൻ കാരണമെന്നും വ്യക്തമാക്കുന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ ദ്വൈമാസ പണനയം പ്രഖ്യാപിച്ച് കൊണ്ട് നിഷ്‌പക്ഷമായ പണനയ നിലപാട് തുടരാൻ നിരക്ക് നിർണയ സമിതി തീരുമാനിച്ചതായും മൽഹോത്ര പറഞ്ഞു. ഒക്ടോബറിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ദ്രുതഗതിയിലുള്ള പണപ്പെരുപ്പ നിരക്കിലുണ്ടായ ഇടിവാണ് ഇതിന് കാരണമെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
അതേസമയം രൂപയുടെ മൂല്യത്തിലും നേരിയ വർധനവ് എടുത്തുകാണിക്കുന്നു. ഇന്നലെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 13 പൈസയായാണ് ഉയർന്നത്. ഒക്‌ടോബറിലെ വിലക്കയറ്റ തോത് പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.25 ശതമാനവും ആയിരുന്നു.






