health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260തിരുവനന്തപുരം: പാർക്കിൻസൺസ്, അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ് (എഎൽഎസ്) തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ജൈവസൂചകങ്ങളെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന നാനോപോർ സെൻസിങ് സാങ്കേതികവിദ്യ ബയോടെക്‌നോളജി റിസർച്ച് ആൻഡ് ഇന്നോവേഷൻ കൗൺസിൽ- രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജിയിലെ (ബ്രിക്- ആർജിസിബി) ഗവേഷകർ വികസിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രാരംഭത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന ജൈവ സൂചകങ്ങളാണ് ബയോമാർക്കറുകൾ. സൂക്ഷ്മമായ പൊള്ളയായ ഘടനകളാണ് നാനോപോറുകൾ.
രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നതിന് പരമ്പരാഗത രീതികൾ ഉപയോഗിക്കുമ്പോൾ ജൈവ സൂചകങ്ങളുടെ അളവ് ശരീരത്തിൽ വളരെ കുറവായിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി ഉയർന്ന കൃത്യതയോടെ ബയോമാർക്കറുകളെ തിരിച്ചറിയാൻ സാധിക്കുന്ന ‘സെൽഫ് അസംബ്ലിങ് ഡ്യുവൽ- ഡയമീറ്റർ’ നാനോപോർ സെൻസറുകളാണ് ആർജിസിബി ഗവേഷക സംഘം രൂപകൽപന ചെയ്തത്. ഡോ കെ ആർ മഹേന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ പിഎച്ച്ഡി വിദ്യാർഥി വർഷ ഷാജി, പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ നീതു പുതുമഠത്തിൽ എന്നിവർ പങ്കുചേർന്നു.
പ്രമുഖ ശാസ്ത്ര ജേണലായ നേച്ചർ നാനോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ നാനോ സയൻസിലും ബയോമോളിക്യുലാർ സെൻസിങ്ങിലുമുള്ള മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. വിവിധ വലുപ്പത്തിലുള്ള സുഷിരങ്ങൾ രൂപപ്പെടുത്തുന്ന തരത്തിൽ ഹ്രസ്വ പെപ്‌റ്റൈഡുകൾ നിർമിച്ചാണ് വ്യത്യസ്ത ആകൃതിയിലും അളവിലുമുള്ള തന്മാത്രകളെ കണ്ടെത്താനുള്ള വേദിയൊരുക്കിയത്. സങ്കീർണമായ പ്രോട്ടീൻ മിശ്രിതങ്ങളിൽ വളരെ നേർത്ത അളവിൽ കാണപ്പെടുമ്പോൾ പോലും രോഗബാധിതവും അല്ലാത്തതുമായ ബയോമാർക്കറുകളെ വേർതിരിച്ചറിയാൻ ഈ സെൻസറുകൾക്ക് കഴിയും.
രക്തം ഉൾപ്പെടെയുള്ള ശരീരദ്രവങ്ങളിൽ നിന്ന് കാൻസർ അടക്കമുള്ള വിവിധ രോഗങ്ങളുടെ സൂചകങ്ങളെ നേരിട്ട് കണ്ടെത്താൻ കഴിയുന്ന പോയിൻ്റ് ഓഫ് കെയർ ഉപകരണങ്ങൾ നിർമിക്കാൻ ഭാവിയിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. നൊബേൽ സമ്മാന ജേതാവ് പ്രൊഫ ഡേവിഡ് ബേക്കർ തുടക്കമിട്ട കമ്പ്യൂട്ടേഷണൽ നാനോപോർ രൂപകൽപനയിൽ നിന്ന് വ്യത്യസ്തമാണ് പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ നാനോപോർ ഘടന. പ്രകൃതിദത്ത രീതികളെ കമ്പ്യൂട്ടേഷണൽ ഡിസൈനുമായി സംയോജിപ്പിക്കുന്നത് ഭാവിയിൽ കൂടുതൽ കൃത്യതയുള്ള സെൻസറുകൾ വികസിപ്പിക്കാൻ വഴിയൊരുക്കും.
പാർക്കിൻസൺസ്, എഎൽഎസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് അവ നേരത്തെയും കൃത്യതയോടെയും കണ്ടെത്തുക എന്നത് പ്രധാന വെല്ലുവിളിയാണെന്ന് ബ്രിക്- ആർജിസിബി ഡയറക്ടർ ഡോ ബീന പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു. ആരോഗ്യമേഖലയിലെ വിവിധ വെല്ലുവിളികൾ പരിഹരിക്കുന്നതിന് നാനോ ടെക്‌നോളജിയുടെയും ബയോടെക്‌നോളജിയുടെയും മുന്നേറ്റങ്ങൾ എങ്ങനെ ഒത്തുചേരുന്നു എന്നതിൻ്റെ തെളിവാണ് നാനോപോർ സെൻസർ പ്ലാറ്റ്‌ഫോമെന്നും അവർ കൂട്ടിച്ചേർത്തു.
ജർമനിയിലെ കൺസ്ട്രക്ടർ യൂണിവേഴ്‌സിറ്റിയിലെ ഡോ ഉൾറിച്ച് ക്ലീൻകത്തോഫറിൻ്റെ നേതൃത്വത്തിലുള്ള സംഘവുമായും, കൊൽക്കത്തയിലെ സിഎസ്‌ഐആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ ഡോ കൃഷ്ണാനന്ദ ചതോപാധ്യായയുടെ സംഘവുമായും സഹകരിച്ചാണ് ഗവേഷണം നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ ബയോടെക്‌നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയുടെ ധനസഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്.
ന്യൂഡൽഹി: പാക്ക് ചെയ്‌ത ഭക്ഷണ പദാർഥങ്ങളിലും പാനീയങ്ങളിലും റെഡ് വാണിങ് ലേബൽ (ചുവന്ന മുന്നറിയിപ്പ്) പതിപ്പിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒരുങ്ങുന്നു. ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉത്പന്നങ്ങളിലാണ് ഇത്തരം ലേബലുകൾ നിർബന്ധമാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലെ മാതൃകയിൽ മുന്നറിയിപ്പ് ലേബലുകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ എഫ്എസ്എസ്എഐ ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കൾക്ക് പോഷകങ്ങൾ കൂടുതലുള്ള ഉത്പന്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും ആരോഗ്യകരമായവ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് എഫ്എസ്എസ്എഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയോ ഉയർന്ന മധുരമുള്ള പാനീയങ്ങളോ ഉപയോഗിച്ചതായി മുന്നറിയിപ്പ് ലേബലിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതുണ്ട്.
കോടതിയുടെ വിമർശനം
ഈ മാസം ആദ്യം നടന്ന വാദം കേൾക്കലിൽ ലേബലുകൾ അവതരിപ്പിക്കുന്നത് വേഗത്തിലാക്കാൻ സുപ്രീം കോടതി എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെസ്‌ലെ, പെപ്‌സികോ, കൊക്കകോള തുടങ്ങിയ വൻകിട ഭക്ഷ്യ കമ്പനികൾ ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. മുന്നറിയിപ്പ് നൽകുന്നത് തങ്ങളുടെ വിൽപനയെ ബാധിക്കുമെന്നാണ് കമ്പനികളുടെ വാദം. വിഷയത്തിൽ ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ സുപ്രീം കോടതി എഫ്എസ്എസ്എഐയെ രൂക്ഷമായി വിമർശിച്ചു. നിയമാനുസൃത നിയന്ത്രണ ഏജൻസിയുടെ മന്ദഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, അധികാരികൾ ഇന്ത്യൻ ജനതയുടെ ആരോഗ്യത്തിന് യഥാർഥ മുൻഗണന നൽകുന്നുണ്ടോ എന്ന് ചോദിച്ചു.
പൊതുജനാരോഗ്യം പ്രധാനം
പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യതയിൽ നിന്ന് പൗരന്മാരെയും പ്രത്യേകിച്ച് കൊച്ചുകുട്ടികളെയും സംരക്ഷിക്കുന്നതിന് സുതാര്യമായ പോഷകാഹാര വെളിപ്പെടുത്തലുകൾ നിർണായകമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഊന്നിപ്പറഞ്ഞു. എക്സിക്യൂട്ടീവ് വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പാക്കറ്റിന് മുന്നിൽ വയ്ക്കുന്ന മുന്നറിയിപ്പ് ലേബലുകൾ പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണങ്ങളുടെ വിൽപനയെ ബാധിക്കുമെന്ന എതിർഭാഗത്തിൻ്റെ വാദങ്ങൾ കോടതി തള്ളി. വാണിജ്യ താത്പര്യങ്ങൾക്ക് പൊതുജനാരോഗ്യ ആവശ്യകതകളെ മറികടക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഒരു നിശ്ചിത ചട്ടക്കൂട് സ്ഥാപിക്കുന്നതിന് റെഗുലേറ്ററി ബോഡിക്ക് കർശനമായ രണ്ടാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഉത്പന്നങ്ങളെക്കുറിച്ച് വ്യക്തമായ ദൃശ്യ മുന്നറിയിപ്പുകൾ ഇല്ലാതെ ഉപഭോക്താക്കൾക്ക് പോഷക അപകടസാധ്യതകൾ എളുപ്പത്തിൽ വിലയിരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് മുൻപ് പാക്ക് ചെയ്‌ത ഭക്ഷണ പദാർഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. രാജ്യത്ത് പ്രമേഹവും രക്താതിമർദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ ഏറ്റവും മാരകമായ അർബുദങ്ങളിലൊന്നായ പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ പുതിയ മരുന്നിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്ഡിഎ) അംഗീകാരം. ഡയറക്സോൺറാസിബ് എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് പാൻക്രിയാറ്റിക് കാൻസർ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.
റവല്യൂഷൻ മെഡിസിൻസ് എന്ന കമ്പനിയാണ് റസോങ്ക് എന്ന ബ്രാൻഡ് നാമത്തിൽ ഈ മരുന്ന് വിപണിയിൽ എത്തിക്കുന്നത്. പ്രതിദിനം കഴിക്കേണ്ട ഈ ഗുളികയുടെ ഒരു മാസത്തെ ഡോസിന് ഏകദേശം 39,800 ഡോളർ ആണ് ചെലവ് വരുന്നത്. പാൻക്രിയാറ്റിക് കാൻസർ ബാധിതരിൽ തൊണ്ണൂറ് ശതമാനത്തിലധികം പേരിലും മുഴകൾ വളരാൻ കാരണമാകുന്ന പരിവർത്തനം സംഭവിച്ച പ്രോട്ടീനുകളെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്. പതിറ്റാണ്ടുകളായി മരുന്ന് നിർമാണ കമ്പനികൾക്ക് കണ്ടെത്താൻ കഴിയാതിരുന്ന ഒരു ചികിത്സാ രീതിയാണിത്.
മറ്റ് ചികിത്സകളോട് പ്രതികരിക്കാത്തതും കാൻസർ ശരീരമാസകലം വ്യാപിച്ചതുമായ അഞ്ഞൂറ് രോഗികളിലാണ് കമ്പനിയുടെ ധനസഹായത്തോടെ പഠനം നടത്തിയത്. പുതിയ മരുന്ന് പരീക്ഷിച്ച രോഗികൾക്കും കീമോതെറാപ്പിക്ക് വിധേയരായവർക്കും ഇടയിലാണ് പഠനം നടത്തിയത്. പുതിയ ചികിത്സ ലഭിച്ച രോഗികൾ ശരാശരി 13.2 മാസം ജീവിച്ചപ്പോൾ കീമോതെറാപ്പി സ്വീകരിച്ചവർ 6.7 മാസം മാത്രമാണ് ജീവിച്ചത്. പുതിയ മരുന്ന് ഉപയോഗിച്ചവരിൽ പാർശ്വഫലങ്ങൾ വളരെ കുറവായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. ചർമത്തിലെ തടിപ്പ്, വായിലെ വ്രണങ്ങൾ, വയറിളക്കം, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയാണ് പ്രധാന പാർശ്വഫലങ്ങൾ. ഈ മരുന്ന് രോഗം പൂർണമായും ഭേദമാക്കില്ലെങ്കിലും ചികിത്സാ രംഗത്തെ വലിയൊരു മുന്നേറ്റമാണെന്ന് ഫ്രെഡ് ഹച്ച് കാൻസർ സെൻ്ററിലെ ഡോക്ടർ ആൻഡ്രൂ കോവ്‌ലർ വ്യക്തമാക്കി.
മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്താൻ പ്രയാസമായതിനാലാണ് പാൻക്രിയാറ്റിക് കാൻസർ ഏറ്റവും മാരകമായ അർബുദങ്ങളിലൊന്നാകുന്നത്. മുൻ സെനറ്റർ ബെൻ സാസ് തനിക്ക് ഈ മരുന്ന് കഴിച്ചതിലൂടെ വേദന കുറഞ്ഞതായി സിബിഎസ് ചാനലിലെ പരിപാടിയിൽ വ്യക്തമാക്കിയതോടെയാണ് മരുന്നിന് വലിയ ജനശ്രദ്ധ ലഭിച്ചത്. ഇതോടെ ഔദ്യോഗിക അംഗീകാരത്തിന് മുൻപ് തന്നെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്ക് മരുന്ന് നൽകാൻ എഫ്ഡിഎ അനുമതി നൽകിയിരുന്നു. ലക്ഷ്യമിട്ട തീയതിക്കും ആറ് മാസം മുൻപാണ് മരുന്നിന് അംഗീകാരം നൽകിയതെന്ന് എഫ്ഡിഎ അധികൃതർ ബുധനാഴ്ച വ്യക്തമാക്കി. രോഗികൾക്ക് എത്രയും വേഗം ഫലപ്രദമായ ചികിത്സകൾ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ അടിസ്ഥാന കടമയെന്ന് എഫ്ഡിഎ ആക്ടിങ് കമ്മിഷണർ കൈൽ ഡയമൻ്റാസ് പ്രസ്താവനയിൽ അറിയിച്ചു.
വിവിധതരം കീമോതെറാപ്പികൾ ഫലപ്രദമായ മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി പാൻക്രിയാറ്റിക് കാൻസറിനെ നേരിടുക എന്നത് വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയായിരുന്നു. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന റാസ് ജീൻ കുടുംബത്തിലെ മാറ്റങ്ങളെയാണ് പുതിയ മരുന്ന് ലക്ഷ്യമിടുന്നത്. ഇതിൽ കെആർഎഎസ് മാറ്റങ്ങളാണ് പാൻക്രിയാറ്റിക് കാൻസർ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
പരിവർത്തനം സംഭവിച്ച പ്രോട്ടീനുകളിൽ മരുന്നുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത ഘടനയായതിനാൽ ഇതിന് മരുന്നില്ലെന്നായിരുന്നു കാലങ്ങളായി കരുതിയിരുന്നത്. എന്നാൽ കെആർഎഎസ് ഉപവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്മാത്രാ പശ ഉപയോഗിച്ചാണ് റവല്യൂഷൻ മെഡിസിൻസ് ഈ മരുന്ന് വികസിപ്പിച്ചത്. കാലിഫോർണിയയിലെ റെഡ്‌വുഡ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ശ്വാസകോശ കാൻസർ ഉൾപ്പെടെയുള്ള മറ്റ് അർബുദങ്ങൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. ഈ മരുന്നിൻ്റെ വരവ് മറ്റ് കമ്പനികൾക്കും പുതിയ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഭാവിയിൽ മറ്റ് കാൻസറുകളിലും ഈ രീതിയിലുള്ള പരീക്ഷണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും കാലിഫോർണിയ ആസ്ഥാനമായുള്ള സിറ്റി ഓഫ് ഹോപ്പ് ഓറഞ്ച് കൗണ്ടിയിലെ ഡോക്ടർ പഷ്തൂൺ കാസി പറഞ്ഞു.
അംസ്റ്റൽവീൻ: എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പിൽ ജർമ്മനിക്കെതിരെ അഞ്ചാം സ്ഥാനത്തിനായുള്ള നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം ഇന്ന് കളത്തിലിറങ്ങും. ജർമ്മനിക്കെതിരായ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ 1974-ലെ പ്രഥമ ലോകകപ്പിലെ നാലാം സ്ഥാനത്തിന് ശേഷം ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ഫിനിഷിംഗ് ആയിരിക്കും ഇത്.
ടൂർണമെന്‍റിലെ ഇന്ത്യയുടെ മികച്ച കുതിപ്പ്
തങ്ങളുടെ ഒമ്പതാം ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീം ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്. പാരീസ് ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കളായ ചൈന, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ കരുത്തരായ ടീമുകളെ സമനിലയിൽ തളച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 6-1 എന്ന കൂറ്റൻ സ്കോറിന് തകർത്ത് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ നെതർലൻഡ്‌സിനോട് മാത്രമാണ് (2-0) ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ഘട്ടത്തിൽ തുടർച്ചയായ സമനിലകൾ വഴങ്ങിയതിനാലാണ് ഇന്ത്യയ്ക്ക് സെമി ഫൈനൽ യോഗ്യത നേരിയ വ്യത്യാസത്തിൽ നഷ്ടമായത്. മറുഭാഗത്ത് ജർമ്മനിയും മികച്ച ഫോമിലാണ്. സ്കോട്ട്‌ലൻഡ്, യുഎസ്എ, സ്പെയിൻ എന്നിവരെ പരാജയപ്പെടുത്തിയ അവർ ബെൽജിയത്തോട് തോറ്റതോടെയാണ് അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിലേക്ക് എത്തിയത്.
ടീമിന്‍റെ പുരോഗതിയിൽ സംതൃപ്‌തി പ്രകടിപ്പിച്ച ഇന്ത്യൻ മുഖ്യ പരിശീലകൻ ഷൂർഡ് മരീൻ കളിക്കാർ ഇനിയും കൂടുതൽ നേട്ടങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. “ഞങ്ങൾ ഇതിനകം തന്നെ 1974-ന് ശേഷമുള്ള ഏറ്റവും മികച്ച റാങ്കിംഗ് ഉറപ്പാക്കി ചരിത്രം കുറിച്ചുകഴിഞ്ഞു, എന്നാൽ ഞങ്ങൾക്ക് ഇനിയും മുന്നോട്ട് പോകണം. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പ്രകടനത്തേക്കാൾ മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ ജർമ്മനിക്കെതിരെയുള്ള മത്സരം ഒരു നല്ല വേദിയാണ്,” അദ്ദേഹം പറഞ്ഞു.
പ്രതിരോധം കരുത്ത്, മുന്നേറ്റ നിരയിൽ ശ്രദ്ധ വേണം
ആക്രമണത്തിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളുകൾ കണ്ടെത്തുന്നതിൽ ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ട്. ജർമ്മനിക്കെതിരെ പെനാൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിക്കാൻ ദീപിക, നവനീത് കൗർ എന്നിവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അതേസമയം, ഗോൾകീപ്പർമാരായ സവിത, ബിച്ചു ദേവി ഖാരിബം എന്നിവരുടെ മികച്ച ഫോമും ക്യാപ്റ്റൻ സലിമ ടെറ്റെയുടെ ശക്തമായ പ്രതിരോധ ബ്ലോക്കുകളും ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. ജർമ്മനിക്കെതിരായ വിജയം ഇന്ത്യൻ വനിതാ ഹോക്കിക്ക് അടുത്ത അഞ്ച് പതിറ്റാണ്ടിലേക്കുള്ള പുതിയൊരു നാഴികക്കല്ലാകും.
ന്യൂഡൽഹി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ എ (H1N1) പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗലക്ഷണങ്ങൾ ഗുരുതരമായാൽ മടിക്കാതെ ഉടൻ തന്നെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടണമെന്ന് ഐ എം എ വ്യക്തമാക്കി. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
വൻനഗരങ്ങളിൽ രോഗവ്യാപനം ശക്തം
മൺസൂൺ കാലയളവിൽ സാധാരണയായി കണ്ടുവരാറുള്ള പനിമഹാമാരി ഇത്തവണ ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായിട്ടുണ്ട്. ഡൽഹിയിൽ മാത്രം ഇതുവരെ 1,770-ലധികം പേർക്ക് ലബോറട്ടറി പരിശോധനയിലൂടെ H1N1 സ്ഥിരീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) നിരീക്ഷണ പ്രകാരം നിലവിൽ പടരുന്നത് സാധാരണ സീസണൽ H1N1 വൈറസ് തന്നെയാണെന്നും, അതിൽ പുതിയ ജനിതകമാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഐ എം എ അറിയിച്ചു. ഭൂരിഭാഗം കേസുകളും നിസാരമായതിനാൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു.
പ്രധാന ലക്ഷണങ്ങളും അപകടസൂചനകളും
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, വിറയൽ, വരണ്ട ചുമ, തൊണ്ടവേദന, കഠിനമായ പേശിവേദന, ക്ഷീണം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയും കാണപ്പെടാം.
എന്നാൽ താഴെ പറയുന്ന അപകടസൂചനകൾ കണ്ടാൽ ഉടൻ അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം
ആൻ്റിബയോട്ടിക് ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്
H1N1 ഒരു വൈറൽ രോഗമായതിനാൽ അസിത്രോമൈസിൻ, അമോക്‌സിസിലിൻ, സെഫിക്സൈം തുടങ്ങിയ ആൻ്റിബയോട്ടിക്കുകൾ സ്വയം വാങ്ങി കഴിക്കരുതെന്ന് ഐ എം എ കർശനമായി നിർദ്ദേശിക്കുന്നു. അനാവശ്യ ആൻ്റിബയോട്ടിക് ഉപയോഗം ശരീരത്തിലെ നല്ല ബാക്‌ടീരിയകളെ നശിപ്പിക്കുകയും ‘ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ്’ എന്ന ഗുരുതര ആരോഗ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. സെക്കൻഡറി ബാക്‌ടീരിയൽ ഇൻഫെക്ഷൻ ഉണ്ടെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചാൽ മാത്രമേ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ.
പ്രതിരോധ മാർഗ്ഗങ്ങൾ
കൈകൾ ഇടയ്ക്കിടെ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക എന്നിവ ശീലമാക്കണം. പനിയുള്ളവർ പനി മാറി 24 മണിക്കൂർ കഴിയുന്നതുവരെ സ്‌കൂളുകളിലും ഓഫീസുകളിലും പോകാതെ വിശ്രമിക്കണം. ഗർഭിണികൾ, വയോധികർ, മറ്റിതര രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർ സീസണൽ ഫ്ലൂ വാക്‌സിൻ എടുക്കുന്നത് സുരക്ഷിതമായിരിക്കും.
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ കഫ് സിറപ്പ് കഴിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചുമ, ജലദേഷം എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം.
നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകുന്നതിൽ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ക്ലോർഫെനിറാമൈൻ മലേറ്റ്, ഫെനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകൾ ഉപയോഗിക്കുന്നതിലാണ് വിലക്ക്. ഓഗസ്‌റ്റ് 18ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ മാസം കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും ജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് 1945ലെ ഡ്രഗ് റൂൾസില്‍ ഭേദഗതി വരുത്തിയിരുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് കഫ് സിറപ്പുകൾ വാങ്ങാനാകില്ലെന്നും, ചുമ മരുന്നിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് അടുത്ത മുന്നറിയിപ്പുമായി മന്ത്രാലയം എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മധ്യപ്രദേശിലെ 20ലധികം കുട്ടികൾ കഫ് സിറപ്പ് കഴിച്ച് മരിച്ചത്. രാജസ്ഥാനിലും മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇന്ത്യയിൽ നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിപണനം ചെയ്യുന്ന മരുന്നുകൾക്കും ഇത് ബാധമായിരിക്കും. ലേബലുകളിലും പാക്കേജ് ഇൻസേർട്ടുകളിലും “നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ ഉപയോഗിക്കരുത്” എന്ന മുന്നറിയിപ്പ് നിർമാതാക്കൾ പ്രധാനമായും പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് (ഡിടിഎബി) ആണ് ഇത് ശുപാർശ ചെയ്‌തത്.
2025ല്‍ ഡിഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍, തുടങ്ങിയ വിഷാംശമുള്ള വസ്‌തുക്കള്‍ മരുന്നുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇവ ചുമ മരുന്നില്‍ മധുരം ലഭിക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ രാസവസ്‌തുക്കള്‍ കുട്ടികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണെന്ന് കണ്ടെത്തി. ഡിഇജി എന്ന വിഷബാധയെ തുടർന്നാണ് മധ്യപ്രദേശിലെ കുട്ടികൾ മരണപ്പെട്ടത്. 2022ലും ഇന്ത്യയിൽ നിർമിച്ച പീഡിയാട്രിക് സിറപ്പുകളെച്ചൊല്ലിയുണ്ടായ വിവാദമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം പ്രകാരം കുട്ടികളിൽ ഒരു പ്രത്യേക നിശ്ചിത-ഡോസ് കോമ്പിനേഷൻ ഉപയോഗിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരു ആൻ്റിഹിസ്റ്റാമൈൻ ആണ് ക്ലോർഫെനിറാമൈൻ മലേറ്റ്. അതേസമയം ഫെനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് ഒരു ഡീകോംഗെസ്‌റ്റൻ്റായും ഉപയോഗിക്കാറുണ്ട്. കൂടാതെ പാരസെറ്റമോൾ പോലുള്ള മരുന്നുകളുമായി സംയോജിപ്പിച്ച് പനി, അലർജി ലക്ഷണങ്ങൾ എന്നിവയ്‌ക്കും ചിലർ കഴിക്കാറുണ്ട്. ഇത്തരം മരുന്നുകളെക്കുറിച്ചുള്ള ആശങ്ക വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.
“ആദ്യ വെല്ലുവിളി ഫോർമുലേഷനുകളുടെ എണ്ണത്തിലുള്ള വർധനവാണ്. ക്ലോർഫെനിറാമൈൻ മലേറ്റ്, ഫെനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവയുമായുള്ള എല്ലാ ഫിക്സഡ്-ഡോസ് കോമ്പിനേഷനുകൾ ഉള്ള മരുന്നുകൾ തിരിച്ചറിയണം. ശേഷം അവയുടെ ലേബലുകൾ അപ്‌ഡേറ്റ് ചെയ്യണം. നിർമാതാക്കൾ, സിഡിഎസ്‌സിഒ, സംസ്ഥാന റെഗുലേറ്റർമാർ എന്നിവരുടെ ഏകോപനം ആവശ്യമാണെന്ന്” ആരോഗ്യ മന്ത്രാലയത്തിലെ ഉപദേശക സമിതി അംഗമായ ഡോ ഗാർഗ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.
നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഒരു പ്രത്യേക ക്ലോർഫെനിറാമൈൻ-ഫെനൈലെഫ്രിൻ പീഡിയാട്രിക് ഡ്രോപ്പ്സ് ഫോർമുലേഷൻ്റെ നിർമാതാക്കൾ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ CDSCO സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഡ്രഗ് റെഗുലേറ്റർമാരോട് നിർദ്ദേശിച്ചിരുന്നു. ശിശുരോഗ വിദഗ്‌ധരെ സംബന്ധിച്ചിടത്തോളം, ഒന്നോ രണ്ടോ സജീവ ചേരുവകളുടെ സാന്നിധ്യം മാത്രമല്ല ആശങ്ക. മറിച്ച് ഒരു കുട്ടിയിൽ അവ ഉണ്ടാക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്.
അതേസമയം മൾട്ടി-ഇൻഗ്രിൻ്റ് സിറപ്പുകൾ മാതാപിതാക്കൾക്ക് അവരുടെ കുട്ടിക്ക് ഏത് മരുന്നാണ് ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ ബുദ്ധിമുട്ടാകും. അതിനാൽ പനിക്കോ ജലദോഷത്തിനോ ഉള്ള മരുന്ന് ഒരു കുട്ടികൾക്ക് നൽകുമ്പോൾ ഡോക്‌ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം. “കുട്ടികളുടെ പ്രായം, ഭാരം, ക്ലിനിക്കൽ ആവശ്യകത എന്നിവ അനുസരിച്ചാണ് മരുന്നുകൾ തെരഞ്ഞെടുക്കേണ്ടത്. പല കേസുകളിലും, സാധാരണ വൈറൽ ചുമയും ജലദോഷവും സ്വയം ഭേദമാകുന്നവയാണ്. അതിനാൽ ശ്രദ്ധാപൂർവ്വം നിർദ്ദേശിക്കുന്നത് വളരെ പ്രധാനമാണ്,” എന്ന് പ്രശസ്‌ത ആരോഗ്യ വിദഗ്‌ധ ഡോ സുനീല ഗാർഗ് പറഞ്ഞു.
“കുട്ടികളിൽ മരന്നുകളുടെ ഉപയോഗം വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നു. അതിനാൽ സർക്കാർ ആവശ്യമായ ബോധവത്‌ക്കരണ ക്ലാസുകളും മറ്റും നൽകേണ്ടി വന്നേക്കാം. സിറപ്പുകൾ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്” എന്ന് ശിശുരോഗ വിദഗ്‌ധനായ ഡോ ദേബാശിഷ് ദാസ് അധികാരി കൂട്ടിച്ചേർത്തു. സർക്കാരിനെ സംബന്ധിച്ചിടത്തോളം, അടുത്ത പരീക്ഷണം നിർമ്മാതാക്കൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പഴയതും പുതിയതുമായ സ്റ്റോക്കുകൾ കണ്ടെത്തുകയും ഡോക്‌ടർമാർക്കും ഫാർമസിസ്‌റ്റുകൾക്കും വ്യക്തമായ മാർഗനിർദ്ദേശം നൽകുകയും വേണമന്ന് ഡോ ഗാർഗ് കൂട്ടിച്ചേര്‍ത്തു.
എറണാകുളം: സ്‌തനാർബുദത്തിനെതിരെ ഉയർന്ന പ്രഹരശേഷിയുള്ള പുതിയ ഔഷധ സംയുക്തം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. കാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ‘സെൽഫ്-അസംബിൾഡ് മെറ്റൽ-ഓർഗാനിക് ത്രികോണ സംയുക്തം’ (Self-assembled metal-organic triangular compound) രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച ഈ മികച്ച കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻ്റ് ലഭിച്ചു.
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. മനോജ് ഇ, ഗവേഷകയായ അൻസ സന്തു എന്നിവർ ചേർന്നാണ് ഈ നിർണായക ഗവേഷണം നടത്തിയത്. തങ്ങൾ കണ്ടെത്തിയ സംയുക്തത്തിന് നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളെക്കാൾ മൂന്ന് മടങ്ങ് പ്രവർത്തനക്ഷമതയുണ്ടെന്ന് ഡോ മനോജ് ഇ ടിവി ഭാരതിനോട് പറഞ്ഞു. ഇതൊരു ഔഷധമാക്കി മാറ്റുന്നതിന് തുടർ പഠനങ്ങൾ ആവശ്യമാണ്. ഔഷധമാക്കി മാറ്റുന്നതിന് ചുരുങ്ങിയത് പത്തു മുതൽ 15 വർഷം വരെ സമയം വേണ്ടി വരും. കാൻസർ കോശങ്ങൾ ലാബിലെത്തിച്ചാണ് പരീക്ഷണം നടത്തിയത്. കണ്ടെത്തിയ പുതിയ സംയുക്തം കാൻസർ കോശങ്ങൾ സ്വഭാവികമായി നശിപ്പിക്കുന്നത് വേഗത്തിലാക്കുകയാണ് ചെയ്യുന്നതെന്നും അദേഹം വിശദീകരിച്ചു.
സവിശേഷ ഘടനയും വിപ്ലവാത്മക രൂപകൽപ്പനയും
പുതുതായി രൂപകൽപ്പന ചെയ്തെടുത്ത ‘തയോസെമികാർബസോൺ’ തന്മാത്രകൾ ഉപയോഗിച്ച് പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് സിങ്ക് അയോണുകൾ ചേർന്നതാണ് ഈ സവിശേഷ ഔഷധ സംയുക്തം. ഇതൊരു ‘മെറ്റലോ-സുപ്രാമോളിക്യുലാർ’ ഘടനയാണ് പ്രകടമാക്കുന്നത്. സിംഗിൾ-ക്രിസ്റ്റൽ എക്‌സ്-റേ ഡിഫ്രാക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണ പഠനങ്ങൾ നടത്തിയാണ് ഈ സംയുക്തത്തിൻ്റെ തന്മാത്രാ ഘടന ഗവേഷകർ കൃത്യമായി സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിലെ മരുന്നുകളേക്കാൾ 3.5 മടങ്ങ് മികച്ച പ്രവർത്തനം
സ്‌തനാർബുദ ചികിത്സയ്ക്കായി നിലവിൽ ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന പ്രധാന ഔഷധമായ ‘സിസ്പ്ലാറ്റിനേക്കാൾ’ ഏകദേശം 3.5 മടങ്ങ് മികച്ച സൈറ്റോടോക്‌സിസിറ്റി (കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ്) പുതിയ സംയുക്തത്തിനുണ്ടെന്ന് പരീക്ഷണശാല പഠനങ്ങളിൽ വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. മാരകമായ എംസിഎഫ്-7 സ്‌തനാർബുദ കോശങ്ങൾക്കെതിരെ ഇത് വളരെ ഉയർന്ന കാര്യക്ഷമതയും പ്രതിരോധശേഷിയും പുലർത്തുന്നുണ്ട്.
കോശങ്ങളുടെ സ്വാഭാവിക മരണ പ്രക്രിയയായ ‘അപ്പോപ്റ്റോസിസ്’ വഴിയാണ് ഈ സംയുക്തം ക്യാൻസർ കോശങ്ങളെ പൂർണമായി ഇല്ലാതാക്കുന്നത്. ഡിഎൻഎയുമായുള്ള ബന്ധം, റിയാക്‌ടീവ് ഓക്‌സിജൻ സ്‌പീഷീസുകളുടെ ഉത്പാദനം, പ്രോട്ടീൻ ബന്ധനം, ന്യൂക്ലിയർ സ്റ്റെയിനിംഗ് പരിശോധന തുടങ്ങിയ വിവിധ ശാസ്ത്രീയ പരീക്ഷണ പഠനങ്ങളും ഈ സംയുക്തത്തിൻ്റെ മികച്ച പ്രവർത്തനശേഷിയെ തികച്ചും സാധൂകരിക്കുന്നവയാണ്.
അന്താരാഷ്ട്ര അംഗീകാരവും ഭാവി സാധ്യതകളും
കാൻസർ പ്രതിരോധ ഗവേഷണ മേഖലയിൽ ‘സുപ്രാമോളിക്യുലാർ കോർഡിനേഷൻ കെമിസ്ട്രി’, ‘മെറ്റൽ-ബേസ്‌ഡ് ഫ്രെയിംവർക്ക് സംയുക്തങ്ങൾ’ എന്നിവയ്ക്കുള്ള വലിയ സാധ്യതകളെയാണ് ഈ ഗവേഷണം എടുത്തു കാണിക്കുന്നത്. സ്‌തനാർബുദ കോശങ്ങളെ കൃത്യമായി നശിപ്പിക്കുന്നതിന് പുറമെ ദോഷകരമായ ബാക്‌ടീരിയകളെ ഇല്ലാതാക്കാനുള്ള പ്രത്യേക കഴിവും ഈ സംയുക്തത്തിനുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഈ ഗവേഷണത്തിൻ്റെ പ്രധാന കണ്ടെത്തലുകൾ അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയമായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ‘ജേണൽ ഓഫ് മെറ്റീരിയൽസ് കെമിസ്ട്രി ബി’ (Journal of Materials Chemistry B) എന്ന പ്രശസ്‌ത ശാസ്ത്ര ജേണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയിൽ പാർശ്വഫലങ്ങൾ വളരെ കുറഞ്ഞതും കാര്യക്ഷമതയേറിയതുമായ പുതിയ അർബുദ ഔഷധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ കുസാറ്റിലെ ഗവേഷകരുടെ ഈ കണ്ടുപിടുത്തം വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നമ്മുടെ ശരീരത്തിലുണ്ടാകുന്ന വേദനകളിലേക്കും അസ്വസ്ഥതകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാൽ ആ അസുഖം വേഗത്തിൽ ഭേദമാകുമോ? നൂറ്റാണ്ടുകളായി യോഗയും ആയുർവേദവും ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ രീതികൾ പറയുന്ന ഈ കാര്യത്തിന് ഇപ്പോൾ ശാസ്ത്രീയ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ശരീരത്തിലെ വീക്കമുള്ള ഭാഗത്തേക്ക് ശ്രദ്ധ തിരിക്കുന്നത് ആ ഭാഗത്തെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആരോഗ്യ പാരമ്പര്യങ്ങൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ശ്വാസോച്ഛ്വാസം, പേശികൾ, ശാരീരിക സംവേദനങ്ങൾ എന്നിവ ശ്രദ്ധിക്കാൻ യോഗ പരിശീലകരോട് ആവശ്യപ്പെടുന്നു. ബുദ്ധമതത്തിലെ മൈൻഡ്ഫുൾനെസ് രീതികളും ഉടനടി പ്രതികരിക്കാതെ ശാരീരിക മാറ്റങ്ങൾ നിരീക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ദഹനം, ഊർജം, മറ്റ് ശാരീരിക മാറ്റങ്ങൾ എന്നിവ ശ്രദ്ധിക്കുന്നതിന് ആയുർവേദവും വലിയ പ്രാധാന്യം നൽകുന്നുണ്ട്. തായ് ചി പോലുള്ള മറ്റ് വ്യായാമ മുറകളും ശരീരത്തെ കേവലം മനസിനെ വഹിക്കുന്ന ഒരു വാഹനമായി കാണാതെ, ശരീരം എങ്ങനെ അനുഭവപ്പെടുന്നുവെന്ന് മനസിലാക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു.
വളരെക്കാലമായി ആധുനിക ശാസ്ത്രം ശാരീരിക സംവേദനങ്ങളെ ഒരു ദിശയിലേക്ക് മാത്രം സഞ്ചരിക്കുന്ന വിവരങ്ങളായാണ് കണക്കാക്കിയിരുന്നത്. അതായത് ശരീരം സിഗ്നലുകൾ അയയ്ക്കുകയും തലച്ചോർ അവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ പ്രക്രിയ കൂടുതൽ സങ്കീർണമാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇസ്രയേലിലെ ബാർ-ഇലാൻ സർവകലാശാലയിലെ അസ്രിയേലി ഫാക്കൽറ്റി ഓഫ് മെഡിസിനിലെ ഡോ. ലിറോൺ റോസൻക്രാൻ്റ്സ്, ഡോ. നോഫർ മിസ്രാച്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയത്. ശരീരത്തിൽ വീക്കമുള്ള ഭാഗത്തേക്ക് ബോധപൂർവം ശ്രദ്ധ തിരിക്കുന്നത് ശരീരത്തിൻ്റെ കോശജ്വലന പ്രതികരണത്തെ സ്വാധീനിക്കുമെന്നതിൻ്റെ തെളിവുകൾ ഇവർ കണ്ടെത്തി. നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രദ്ധ നൽകുന്നത് ശാരീരിക സംവേദനം അനുഭവപ്പെടുന്ന രീതിയെ മാറ്റുക മാത്രമല്ല, അതിന് താഴെ നടക്കുന്ന ഫിസിയോളജിക്കൽ പ്രക്രിയയെയും ബാധിച്ചേക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു.
ശരീരത്തിൻ്റെ ഭാഗമായി മാറുന്ന ശ്രദ്ധ
ശ്രദ്ധ നൽകുന്നത് ശാരീരിക സംവേദനങ്ങൾ അനുഭവപ്പെടുന്ന രീതിയെ മാറ്റുമെന്ന് നമുക്കറിയാം. ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്ത് തീവ്രമായി ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് അവഗണിക്കാൻ കഴിയില്ല. എന്നാൽ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതേ ചൊറിച്ചിൽ പശ്ചാത്തലത്തിലേക്ക് മങ്ങുകയും ചെയ്യും. ശ്രദ്ധ എവിടേക്കാണ് തിരിക്കുന്നത് എന്നതിനെ ആശ്രയിച്ച് വേദനയുടെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യാം. സംവേദനം ഉത്പാദിപ്പിക്കുന്ന ജൈവ പ്രക്രിയയെ മാറ്റാൻ ശ്രദ്ധയ്ക്ക് കഴിയുമോ എന്ന കൗതുകകരമായ ചോദ്യമാണ് പുതിയ ഗവേഷണം ചോദിക്കുന്നത്.
ഇത് അന്വേഷിക്കുന്നതിനായി ഗവേഷകർ 57 ആരോഗ്യവാന്മാരായ വൊളന്റിയർമാരെ മൂന്ന് പരീക്ഷണങ്ങൾക്ക് വിധേയരാക്കി. ചർമത്തിൽ ചെറിയ രീതിയിൽ താൽക്കാലികമായി വീക്കം സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിയന്ത്രിത നടപടിക്രമത്തിന് പങ്കാളികളെ വിധേയരാക്കി. തുടർന്ന് അവരോട് രണ്ട് കാര്യങ്ങളിൽ ഒന്ന് ചെയ്യാൻ ആവശ്യപ്പെട്ടു. ഒന്നുകിൽ ബാധിത പ്രദേശത്ത് നിന്നുള്ള സംവേദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലെങ്കിൽ ബോധപൂർവം അവരുടെ ശ്രദ്ധ മറ്റെവിടേക്കെങ്കിലും തിരിക്കുക. ഹൃദയമിടിപ്പിലെ വ്യതിയാനം, ചർമത്തിൻ്റെ താപനില, ഓട്ടോണമിക് നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള നടപടികൾക്കൊപ്പം 20 മിനിറ്റ് നേരത്തേക്ക് കോശജ്വലന പ്രതികരണം ഗവേഷകർ നിരീക്ഷിച്ചു.
അദ്ഭുതപ്പെടുത്തുന്ന ഫലങ്ങൾ
പരീക്ഷണത്തിൻ്റെ ഫലങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. പങ്കെടുത്തവരിൽ 90 ശതമാനം പേരും ബാധിത പ്രദേശത്ത് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ചെറിയ കോശജ്വലന പ്രതികരണം മാത്രമാണ് കാണിച്ചത്. ശ്രദ്ധ തിരിക്കുന്ന സമയത്തെ അപേക്ഷിച്ച് ആന്തരിക ശ്രദ്ധ നൽകിയപ്പോൾ കോശജ്വലന പ്രതികരണം ഏകദേശം 1.5 മടങ്ങ് ചെറുതായിരുന്നു. പ്രതികരണം അതിവേഗം അടിസ്ഥാന നിലയിലേക്ക് മടങ്ങാനും തുടങ്ങി. ഈ ഫലത്തിന് കാരണമായ രണ്ട് വഴികൾ ഗവേഷകർ തിരിച്ചറിഞ്ഞു. ഒന്ന് വീക്കം സംഭവിച്ച കോശത്തിൽ നിന്ന് നേരിട്ട് വരുന്ന സെൻസറി വിവരങ്ങൾ ഉൾപ്പെടുന്നതാണ്. മറ്റൊന്ന് ടോപ്പ്-ഡൗൺ മെക്കാനിസം ഉൾപ്പെടുന്നതായി കാണപ്പെട്ടു. ഇതിൽ ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ച് പ്രദേശത്ത് നിന്നുള്ള സെൻസറി സിഗ്നലുകൾ കുറച്ചതിന് ശേഷവും ശ്രദ്ധ കോശജ്വലന പ്രതികരണത്തെ സ്വാധീനിക്കുന്നത് തുടർന്നു. തലച്ചോറിന് വീക്കം സംഭവിച്ച ചർമത്തിൽ നിന്ന് വിവരങ്ങൾ ലഭിക്കുക മാത്രമല്ല, അത് തിരികെ എന്തെങ്കിലും അയയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ശരീരത്തെക്കുറിച്ചുള്ള ഉത്കണ്ഠയല്ല
ശരീരത്തെക്കുറിച്ചുള്ള അവബോധം എന്നാൽ സംവേദനങ്ങൾ ശ്രദ്ധിക്കുക എന്നാണ് അർഥമാക്കുന്നത്. അല്ലാതെ രോഗലക്ഷണങ്ങൾക്കായി നിരന്തരം സ്വയം പരിശോധിക്കുക എന്നല്ല. നിശ്ശബ്ദമായി ഇരുന്ന് നിങ്ങളുടെ തോളുകൾക്ക് പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടെന്നോ, ശ്വാസോച്ഛ്വാസം ആഴം കുറഞ്ഞതാണെന്നോ അല്ലെങ്കിൽ വയറിന് അസ്വസ്ഥതയുണ്ടെന്നോ ശ്രദ്ധിക്കുന്നതും, എന്തോ കുഴപ്പമുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ ശരീരത്തെ ആവർത്തിച്ച് സ്കാൻ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് ശ്രദ്ധാപൂർവമായ അവബോധത്തിൻ്റെ ഒരു രൂപമാകാം. എന്നാൽ രണ്ടാമത്തേത് ഉത്കണ്ഠ വർധിപ്പിക്കാൻ കാരണമാകും.
ആളുകൾ മെഡിക്കൽ ലക്ഷണങ്ങൾ അവഗണിക്കണമെന്നും ശ്രദ്ധയിലൂടെ മാത്രം രോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കണമെന്നും പഠനം നിർദേശിക്കുന്നില്ല. വീക്കം എന്നത് അത്യന്താപേക്ഷിതമായ ഒരു ജൈവ പ്രതികരണമാണ്. അസാധാരണമായതോ നിരന്തരമായതോ ആയ വീക്കം വൈദ്യസഹായം ആവശ്യമുള്ള പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. നൂറ്റാണ്ടുകളായി ശരീരത്തിൻ്റെ ശബ്ദം കേൾക്കാൻ ആരോഗ്യ പാരമ്പര്യങ്ങൾ നമ്മോട് പറഞ്ഞിട്ടുണ്ട്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന കൃത്യമായ ചോദ്യമാണ് ശാസ്ത്രം ഇപ്പോൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നത്.
രാവിലെ എഴുന്നേറ്റ് സിഗരറ്റ് വലിക്കുന്നയാളും അടുപ്പിൽ തീ കത്തിക്കുന്നയാളും തമ്മിൽ എന്താണ് വ്യത്യാസം? ഒരാൾ പുകവലിക്കുമ്പോൾ മറ്റൊരാൾ പ്രഭാതഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും രണ്ടുപേരും ശ്വസിക്കുന്നത് മാരകമായ വിഷപ്പുകയാണ്. സിഗരറ്റ് വലിക്കാത്തവരിലും കാൻസർ പിടിമുറുക്കുന്നതിൻ്റെ പ്രധാന കാരണം നമ്മുടെ വീടുകളിലെ അടുക്കളയും കൊതുകുതിരിയും ചന്ദനത്തിരിയുമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദീർഘകാലം ഇത്തരം വായുമലിനീകരണം ശ്വസിക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാകുമെന്ന് മുംബൈ മഹിമിലെ പി ഡി ഹിന്ദുജ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. ജയ് മുള്ളർപട്ടൻ ഇടിവി ഭാരതിനോട് പറഞ്ഞു. പുകവലിക്കാത്തവരിൽ പോലും വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, കോശങ്ങളുടെ നാശം എന്നിവയ്ക്ക് ഇത് കാരണമാകുന്നുണ്ട്.
മാറുന്ന കാൻസർ രോഗികൾ
ശ്വാസകോശ കാൻസറിൻ്റെ പ്രധാന കാരണം പുകവലിയാണെങ്കിലും വീടിനകത്തും പുറത്തുമുള്ള വായുമലിനീകരണം, മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കൽ, തൊഴിലിടങ്ങളിലെ മലിനീകരണം എന്നിവയും പ്രധാന കാരണങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പുകവലിക്കാത്തവരിൽ 10 മുതൽ 25 ശതമാനം വരെ ആളുകൾക്കാണ് കാൻസർ വരുന്നതെങ്കിൽ ഇന്ത്യയിൽ ഇത് 50 ശതമാനത്തോളമാണെന്ന് രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലെ മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. വിനീത് തൽവാർ ചൂണ്ടിക്കാട്ടുന്നു. ചില പഠനങ്ങളിൽ ഇത് 55 ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗത്തിൻ്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുകവലിക്കുന്നവരിൽ സാധാരണയായി കാണുന്ന സ്ക്വാമസ് സെൽ കാർസിനോമയ്ക്ക് പകരം സ്ത്രീകളിലും പുകവലിക്കാത്തവരിലും അഡിനോകാർസിനോമയാണ് കൂടുതലായി കാണപ്പെടുന്നത്. പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ വളരെ ചെറുപ്പത്തിൽ തന്നെ രോഗം ബാധിക്കുന്നതായും കണ്ടെത്തലുകളുണ്ട്.
വില്ലനായി അടുക്കളയും കൊതുകുതിരിയും
ഗ്രാമപ്രദേശങ്ങളിലെ അടുക്കളകളിൽ വിറക്, ചാണകവറളി, കരി, കാർഷിക അവശിഷ്ടങ്ങൾ എന്നിവ കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയിൽ കാർബൺ മോണോക്സൈഡ്, ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. വായുസഞ്ചാരമില്ലാത്ത അടുക്കളകളിൽ ഇവ തങ്ങിനിൽക്കുന്നത് സ്ത്രീകളിലും കുട്ടികളിലും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കാൻസർ കാരണങ്ങളിലൊന്ന് അടുക്കളയിലെ പുകയാണെന്ന് ഡോ. വിനീത് തൽവാർ പറയുന്നു. ഇതിന് പുറമെ വീടുകളിൽ കത്തിക്കുന്ന ചന്ദനത്തിരികളും കൊതുകുതിരികളും വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇവ കത്തുമ്പോൾ പുറത്തുവരുന്ന സൂക്ഷ്മകണങ്ങളും കാർബൺ മോണോക്സൈഡും ബെൻസീനും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഡോ. ജയ് മുള്ളർപട്ടൻ മുന്നറിയിപ്പ് നൽകുന്നു.
പുറത്തിറങ്ങിയാൽ വാഹനപ്പുക
വീടിന് പുറത്തിറങ്ങിയാൽ വാഹനങ്ങളിൽ നിന്നുള്ള പുകയാണ് പ്രധാന വില്ലൻ. വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന പിഎം 2.5 എന്ന സൂക്ഷ്മകണങ്ങളും നൈട്രജൻ ഡയോക്സൈഡും ശ്വാസകോശത്തിൻ്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ ശേഷിയുള്ളവയാണ്. പുറത്തെ വായുമലിനീകരണം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയും ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും സ്ഥിരീകരിച്ചിട്ടുണ്ട്. നഗരങ്ങളിൽ ജീവിക്കുന്നവർക്ക് യാത്രകളിലും പ്രഭാതസവാരിയിലുമെല്ലാം നിരന്തരം ഈ മലിനവായു ശ്വസിക്കേണ്ടി വരുന്നു. ഇത് ശ്വാസകോശത്തിൽ വീക്കത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാകുമെന്ന് ഡോ. മുള്ളർപട്ടൻ വ്യക്തമാക്കുന്നു.
തൊഴിലിടങ്ങളിലെ അപകടങ്ങൾ
നിർമാണ മേഖല, ഖനനം, വെൽഡിങ്, കല്ലുവെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്കും ആസ്ബസ്റ്റോസ്, ഡീസൽ പുക എന്നിവയുമായി സമ്പർക്കം പുലർത്തുന്നവർക്കും കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സിലിക്ക, ആസ്ബസ്റ്റോസ്, ഡീസൽ പുക എന്നിവ കാൻസറിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം തൊഴിലിടങ്ങളിൽ കൃത്യമായ വായുസഞ്ചാരവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാരമ്പര്യമായി കാൻസർ ഉള്ളവരും തൊഴിലിടങ്ങളിൽ നിരന്തരം മലിനീകരണം നേരിടുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആവശ്യമെങ്കിൽ പൾമണോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തണമെന്നും ഡോ. വിനീത് തൽവാർ നിർദേശിക്കുന്നു.
സിഗരറ്റിനെയും ഫാക്ടറി പുകക്കുഴലുകളെയും ഭയക്കുന്ന നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചന്ദനത്തിരികളെയും കൊതുകുതിരികളെയും നിസാരമായി കാണുകയാണ്. ശ്വസിക്കുന്ന എല്ലാത്തിനെയും ഭയപ്പെടുകയല്ല, മറിച്ച് ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
അന്‍പതിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകളില്‍ കണ്ടു വരുന്ന അസുഖമായിട്ടാണ് മുന്‍കാലങ്ങളില്‍ സ്‌തനാര്‍ബുദത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇരുപതുകാരികളില്‍ പോലും സ്‌തനാര്‍ബുദം കണ്ടെത്തുന്നു.
ഇതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ജമ്മുകശ്‌മീരിലെ ഒരു സംഘം വിദഗ്ദ്ധ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. വൈകിയുള്ള വിവാഹവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമടക്കം നിരവധി കാരണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ ജനിതക ഘടകങ്ങളും അവബോധമില്ലായ്‌മയും ചെറിയ ചില കാരണങ്ങളാകുന്നുണ്ട്. എന്നാല്‍ വളരെ നേരത്തെ തന്നെ രോഗം കണ്ടെത്തുക എന്നതാണ് ഇതിനെ തുരത്താനുള്ള മാര്‍ഗമെന്നാണ് ഡോക്‌ടര്‍മാരുടെ പക്ഷം.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജമ്മുകശ്‌മീരില്‍ അന്‍പതിനായിരം സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം സ്ഥിരീകരിച്ചു. രോഗനിരക്കിന്‍റെ ഈ വര്‍ദ്ധന ഒരു അപകടമണിയാണ് മുഴക്കുന്നത്.
മുന്‍ പതിറ്റാണ്ടിനെ അപേക്ഷിച്ച് ഇപ്പോള്‍ ധാരാളം യുവതികള്‍ സ്‌തനാര്‍ബുദത്തിന് ചികിത്സ തേടിയെത്തുന്നതായി നവകാദല്‍ കോളജും സ്‌കിംസ് ബെമിനയും ചേര്‍ന്നൊരുക്കിയ ഒരു അര്‍ബുദ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
യുവതികളില്‍ സ്‌താര്‍ബുദം വര്‍ദ്ധിച്ച് വരുന്നതായി സ്‌കിംസ് ബെമിനയിലെ അനാട്ടമി വിഭാഗം തലവന്‍ ഡോ.അഷ്‌ഫാഖ് ഉല്‍ ഹസന്‍ ചൂണ്ടിക്കാട്ടി. പ്രായം കൂടുന്തോറും സ്‌തനാര്‍ബുദ സാധ്യത വര്‍ദ്ധിക്കാം. എന്നാലിന്ന് ചെറിയ പെണ്‍കുട്ടികളില്‍ പോലും ഇത് കണ്ടെത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ അത്യപൂര്‍വമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈകിയുള്ള വിവാഹവും വൈകിയുള്ള പ്രസവവും ഹ്രസ്വകാല മുലയൂട്ടലും വൈകിയുള്ള മുലയൂട്ടലുമെല്ലാം ഇതിന് കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.,
ജമ്മുകശ്‌മീരിലെ സ്‌ത്രീകളില്‍ ഇപ്പോള്‍ സ്‌താനാര്‍ബുദം വലിയ ആരോഗ്യ ആശങ്കയായി മാറിയിരിക്കുകയാണെന്ന് സ്‌കിംസ് ബെമിനയിലെ ശസ്‌ത്രക്രിയ വിഭാഗം തലവന്‍ ഡോ.ഐജാസ് അഹ്‌മ്മദ് റാത്തര്‍ പറഞ്ഞു. എന്നാല്‍ മിക്ക രോഗികളും രോഗം മൂര്‍ച്‌ഛിച്ച ശേഷം മാത്രമാണ് ചികിത്സ തേടിയെത്താറുള്ളത്. ഇത് ചികിത്സിച്ച് രോഗം ഭേദമാക്കാനും ജീവന്‍ രക്ഷിക്കാനുമുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
നാല്‍പ്പതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന സ്‌ത്രീകള്‍ എല്ലാവരും തന്നെ വിശദമായി തങ്ങളുടെ മാറിടങ്ങള്‍ പരിശോധിക്കണമെ്ന് പാതോളജി വിഭാഗം അധ്യക്ഷയും പ്രൊഫസറുമായ ഡോ.ആഫിയ പറയുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നേരത്തെ തന്നെ സ്‌ത്രീകള്‍ തിരിച്ചറിയണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. മാറിടത്തില്‍ മുഴയോ വലുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങളോ ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസമോ മുലക്കണ്ണില്‍നിന്നുള്ള സ്രവങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
മുപ്പതുകളിലുള്ള ഒരു സ്‌ത്രീയിലെ മാറിടത്തിലെ മുഴകള്‍ അര്‍ബുദമാകാനുള്ള സാധ്യത പത്ത് ശതമാനം മാത്രമാണ്. എന്നാല്‍ അന്‍പതുകാരില്‍ ഇത് അര്‍ബുദമാകാനുള്ള സാധ്യത അറുപത് ശതമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാറിടത്തിലെ എല്ലാ മുഴകളും അര്‍ബുദമാകണമെന്നില്ലെന്നും ഡോ.ആഫിയ വിശദീകരിച്ചു.
2021നും 2025നുമിടയില്‍ ജമ്മുകശ്‌മീരില്‍ സ്‌തനാര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 1990നും 2016നുമിടയില്‍ ജമ്മുകശ്‌മീരിലെ സ്‌തനാര്‍ബുദ രോഗികളുടെ എണ്ണം 39 ശതമാനം വര്‍ദ്ധിച്ചതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്താക്കുന്നു.
മേഖലയിലെ സ്‌ത്രീകളില്‍ ചെറുപ്പത്തില്‍ തന്നെ സ്‌തനാര്‍ബുദം ഉണ്ടാകുകയും എന്നാല്‍ ബോധവത്ക്കരണമില്ലായ്‌മ മൂലം ഇത് തിരിച്ചറിയാന്‍ വൈകുകയും ചെയ്യുന്നതായും ഡോക്‌ടര്‍മാര്‍ പറയുന്നു. ഇത് ഒരു വലിയ സാമൂഹ്യ വിപത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അത് കൊണ്ട് തന്നെ സ്‌തനാര്‍ബുദം സംബന്ധിച്ച് വ്യാപക ബോധവത്ക്കരണം നടത്തേണ്ടതിന്‍റെ ആവശ്യകത പരിപാടിയില്‍ സംബന്ധിച്ച വിദഗ്ദ്ധരെല്ലാം ഉയര്‍ത്തിക്കാട്ടി. അതുപോലെ തന്നെ വ്യാപകമായി പരിശോധന സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. നേരത്തെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും. എന്തെങ്കിലും അസ്വഭാവികമായി ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ പ്രായം പരിഗണിക്കാതെ തന്നെ എല്ലാ സ്‌ത്രീകളും പെണ്‍കുട്ടികളും വൈദ്യസഹായം തേടേണ്ടതാണെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.