ദില്ലി: ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാക്കാൻ കേന്ദ്രം. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം തയ്യാറാകുന്നതെന്നാണ് റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ കേന്ദ്രം ഇതിൽ തീരുമാനം എടുത്തേക്കും.
പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അഭിപ്രായത്തിൽ ഒറ്റ സിഗരറ്റ് വില്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു. കമ്മിറ്റിയുടെ നിർദേശ പ്രകാരം മൂന്ന് വർഷം മുമ്പ് ഇ-സിഗരറ്റിന്റെ വിൽപനയും ഉപയോഗവും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. വിമാനത്താവളങ്ങളിലെ സ്മോക്കിങ് സോണുകൾ എടുത്തുകളയണമെന്നും പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ സർക്കാർ പുകയില ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം ജിഎസ്ടി നടപ്പാക്കണം എന്നാണ്. ഏറ്റവും പുതിയ നികുതി സ്ലാബുകൾ അനുസരിച്ച് രാജ്യം ബീഡികൾക്ക് 22 ശതമാനം ജിഎസ്ടിയും സിഗരറ്റിന് 53 ശതമാനം ജിഎസ്ടിയും ഈടാക്കുന്നത്. പുകരഹിത പുകയില പുകയിലയ്ക്ക് 64 ശതമാനം ജിഎസ്ടിയും ചുമത്തിയിട്ടുണ്ട്.
അതേസമയം, ജിഎസ്ടി നിലവിൽ വന്നിട്ടും പുകയില ഉൽപന്നങ്ങളുടെ നികുതി കാര്യമായി വർധിച്ചിട്ടില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി വിലയിരുത്തി. പുകയിലയും മദ്യവും ഉപയോഗിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സമിതി ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പൊതു സ്ഥലത്ത് പുക വലിച്ചാൽ 200 രൂപ വരെ പിഴ ചുമത്താം. പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളും സർക്കാർ നിരോധിച്ചിട്ടുണ്ട്.